കോട്ടയം: മസ്‌തിഷ്‌കമരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി കൃഷ്‌ണലാലിന്റെ ഹൃദയം കോട്ടയം കുമരകം സ്വദേശിയായ അരുണില്‍ തുടിക്കും. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ഹൃദയമാറ്റശസ്‌ത്രക്രിയ നടന്നത്.
ഹൃദയ വാല്‍വിനു ഗുരുതരതകരാര്‍ സംഭവിച്ച കുമരകം കുന്നത്തുകളത്തില്‍ അരുണ്‍ ഷാജിയെ രക്ഷിക്കാന്‍ ഹൃദയമാറ്റശസ്‌ത്രക്രിയ അല്ലാതെ മറ്റ് വഴിയില്ലെന്നു ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു.
1997-ലാണ് അരുണിന് ഹൃദയ വാല്‍വുകള്‍ തകരാറിലാക്കുന്ന റുമാറ്റിക് ഹാര്‍ട്ട് ഡിസീസ് കണ്ടെത്തിയത്. 2006-ല്‍ അസുഖം മൂര്‍ഛിച്ചതിനേത്തുടര്‍ന്ന് മൈട്രല്‍ വാല്‍വ് റിപ്പയര്‍ ശസ്‌ത്രക്രിയ വേണ്ടിവന്നു. 2012-ല്‍ വീണ്ടും ശസ്‌ത്രക്രിയയിലൂടെ മൈട്രല്‍ വാല്‍വ് മാറ്റി കൃത്രിമ വാല്‍വ് ഘടിപ്പിച്ചു. രണ്ട് ശസ്‌ത്രക്രിയകള്‍ക്കുശേഷവും ഹൃദയഭിത്തിയുടെ വലിപ്പം കൂടുകയും ആരോഗ്യനില അതീവഗുരുതരമാവുകയും ചെയ്‌തു. ഇതോടെയാണ് ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ നിര്‍ദേശിക്കപ്പെട്ടത്.
അരുണിനുവേണ്ടി നാട് ഒന്നിച്ചാണ് ശസ്‌ത്രക്രിയയ്‌ക്കു പണം കണ്ടെത്തിയത്. വാഹനാപകടത്തില്‍ മസ്‌തിഷ്‌കമരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി കൃഷ്‌ണലാലിന്റെ കുടുംബം അവയവദാനത്തിനു തയാറായപ്പോള്‍ അത് അരുണിന് അനുഗ്രഹമായി. എയര്‍ ആംബുലന്‍സില്‍ ഹൃദയം ഇന്നലെ ഉച്ചകഴിഞ്ഞ് 2.56-ന് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍ എത്തിച്ചശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. ഗതാഗതതടസമുണ്ടാകാതിരിക്കാന്‍ ഗ്രീന്‍ ചാനല്‍ ഒരുക്കി. ഹൃദ്‌രോഗവിദഗ്‌ധന്‍ ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു ശസ്‌ത്രക്രിയ.






