വൈപ്പിന്‍: വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടര്‍ വിതരണത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ വിവേചനപരമായ നടപടി യന്ത്രവത്‌കൃത മത്സ്യബന്ധന മേഖലയ്‌ക്ക് തിരിച്ചടിയായെന്ന് മുനമ്പം ബോട്ട് ഓണേഴ്‌സ് ആന്‍ഡ് ഓപ്പറേറ്റേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി. പശ്‌ചിമേഷ്യയിലെ യുദ്ധപശ്‌ചാത്തലത്തില്‍ ക്ഷാമം നേരിട്ടതോടെ ഒരറിയിപ്പുണ്ടാകുന്നതുവരെ മത്സ്യബന്ധനയാനങ്ങള്‍ക്ക് പാചക വാതക സിലിണ്ടറുകള്‍ വിതരണം ചെയ്യരുതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ക്ക് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിരുന്നു. എല്‍.പി.ജിയുമായി ഇന്ത്യയിലേക്ക് കപ്പലുകള്‍ എത്തിയതോടെ ഹോട്ടലുകള്‍ക്കും മറ്റുമുള്ള സിലിണ്ടര്‍വിതരണം പുനരാരംഭിച്ചു. എന്നാല്‍ മത്സ്യബന്ധനമേഖലയ്‌ക്കുള്ള നിയന്ത്രണംനീക്കി ജില്ലാ ഭരണകൂടം നിര്‍ദേശം പുറപ്പെടുവിക്കാത്തതാണു തിരിച്ചടിയായത്.
മത്സ്യബന്ധന ബോട്ടിന് പ്രതിമാസം മൂന്നു സിലിണ്ടറുകളെങ്കിലും ആവശ്യമാണ്. എന്നാല്‍, ഒന്നുപോലും കിട്ടാനില്ല. ഡീസല്‍ ക്ഷാമം സ്‌ഥിതി രൂക്ഷമാക്കി. ഇതോടെ യന്ത്രവത്‌കൃത മത്സ്യബന്ധനം നിലച്ച അവസ്‌ഥയിലാണ്. ബോട്ട്‌ജോലിക്കാരായ ഇതരസംസ്‌ഥാനക്കാര്‍ സ്വന്തംനാടുകളിലേക്കു മടങ്ങി.
ബാങ്ക് വായ്‌പ തിരിച്ചടവ് ഉള്‍പ്പെടെ മുടങ്ങി. ജനപ്രതിനിധികള്‍ മുന്‍കൈയെടുത്ത് പ്രശ്‌നത്തിനു പരിഹാരം കാണണമെന്ന് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.ബി. രാജീവ് ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിന്‍ കെ.എ. ഷബീര്‍ ബാവ, അനീഷ്, പി.ബി. ശിവന്‍, ടി. ആര്‍. നീരജ് എന്നിവരും സംബന്ധിച്ചു.






