കോഴിക്കോട്: കേരളത്തെ വിജ്ഞാന സമ്പദ്ഘടനയിലേക്ക് മാറ്റുന്ന പ്രവര്‍ത്തനം അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. എല്‍.ഡി.എഫ്. പ്രകടനപത്രിക പ്രകാശനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അതിദാരിദ്ര്യം ഇല്ലാതാക്കിയ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ദാരിദ്ര്യനിര്മാര്ജനത്തിലേക്കു കടക്കുന്നത്. ോബല് കേപ്പബിലിറ്റി സെന്ററുകളുടെ എണ്ണം 40-ല്‍നിന്ന് 120 ആയി ഉയര്‍ത്തി രണ്ടുലക്ഷത്തോളം ഉയര്‍ന്ന നിലവാരത്തിലുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. കോളജുകളുമായി ബന്ധിപ്പിച്ച് ഇന്‍ക്യൂബേഷന്‍, ഹാക്കത്തോണ്‍, ഇന്നൊവേഷന് സെന്ററുകള്‍ വികസിപ്പിക്കും.
കുടുംബശ്രീയുടെ നേതൃത്വത്തില്‍ തൊഴില്‍ ശൃംഖലകള്‍ വികസിപ്പിക്കും. വര്‍ക്ക് നിയര്‍ ഹോം സംവിധാനം വ്യാപിപ്പിക്കും. കുട്ടികള്‍ക്കായുള്ള ആഫ്റ്റര്‍ സ്കൂള്‍ കെയര്‍ സംവിധാനങ്ങള്‍ വ്യാപിപ്പിക്കും. സേവനസംരംഭങ്ങള്‍, സാന്ത്വനപരിചരണം, ടെക്നോളജി സേവനങ്ങള്‍, വാതില്‍പ്പടി വിപണനം. ഇവയെല്ലാം സ്ത്രീകള്‍ക്ക് പുതിയ തൊഴില്‍മേഖലകള്‍ തുറക്കും.തൊഴിലുറപ്പ് പദ്ധതി കൂടുതല്‍ ശക്തിപ്പെടുത്തും. ആവശ്യമെങ്കില്‍ സംസ്ഥാനവിഭവങ്ങള് ഉപയോഗിച്ച് തൊഴില്‍ദിനങ്ങള്‍ വര്‍ധിപ്പിക്കും.
മനുഷ്യ-വന്യജീവി സംഘര്‍ഷം കുറയ്ക്കാന്‍ പ്രത്യേക ഇടപെടലുകള്‍ നടത്തും. പട്ടികജാതി, പട്ടികവര്‍ഗവിഭാഗങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കൂടുതല്‍ കേന്ദ്രീകൃത വികസനപദ്ധതികള്‍ നടപ്പാക്കും. ഭക്ഷ്യസുരക്ഷ ഉറപ്പാക്കും. വിദ്യാഭ്യാസരംഗത്ത് നൈപുണി വികസനവും ഗവേഷണവും കൂടുതല്‍ ശക്തിപ്പെടുത്തും. പ്രാഥമിക ആരോഗ്യസംരക്ഷണം മുതല്‍ ഉയര്‍ന്ന ചികിത്സ വരെ സര്‍ക്കാര്‍ സംവിധാനത്തിലൂടെ ലഭ്യമാക്കും.
ടൂറിസം, ഐടി, സ്റ്റാര്‍ട്ട്അപ് മേഖലകളില്‍ കൂടുതല്‍ വളര്‍ച്ച ഉറപ്പാക്കും. പരിസ്ഥിതി സംരക്ഷണവും വികസനവും തമ്മില്‍ സന്തുലിതസമീപനം സ്വീകരിക്കും. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തും. ജനകീയാസൂത്രണത്തെ പുതിയ ഘട്ടത്തിലേക്ക് ഉയര്‍ത്തും.
എല്‍.ഡി.എഫ്. കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്, മന്ത്രി കെ. കൃഷ്ണന്‍കുട്ടി, ഡോ. വര്‍ഗീസ് ജോര്‍ജ്, കെ. പ്രകാശ് ബാബു, എം.പി. ശ്രേയാംസ്കുമാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.






