
കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് 19-ാം സീസണിലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വെടിക്കെട്ട്.
ഈഡന്‍ ഗാര്‍ഡന്‍സില്‍ ആദ്യം ബാറ്റ് ചെയ്‌ത സണ്‍റൈസേഴ്‌സ് എട്ട് വിക്കറ്റിന് 226 റണ്ണെടുത്തു. ടോസ് നേടിയ കൊല്‍ക്കത്ത നായകന്‍ അജിന്‍ക്യ രഹാനെ ഹൈദരാബാദിനെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. ഹൈദരാബാദ് പവര്‍പ്ലേ ഓവറുകളില്‍ തകര്‍ത്തടിച്ച് ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ സ്വന്തമാക്കി. ഓപ്പണര്‍മാരായ ട്രാവിസ് ഹെഡ് (21 പന്തില്‍ മൂന്ന് സിക്‌സറും ആറ് ഫോറുമടക്കം 46), അഭിഷേക് ശര്‍മ (21 പന്തില്‍ നാല് സിക്‌സറും നാല് ഫോറുമടക്കം 48) എന്നിവര്‍ ടീമിനു മികച്ച തുടക്കം നല്‍കി. ഓപ്പണിങ് കൂട്ടുകെട്ട് 25 പന്തില്‍ 50 റണ്ണെടുത്തു. ഹെഡിനെ കാര്‍ത്തിക് ത്യാഗി കാമറൂണ്‍ ഗ്രീനിന്റെ കൈയിലെത്തിച്ചു കൂട്ടുകെട്ട് പൊളിച്ചു.
നായകന്‍ ഇഷാന്‍ കിഷനെ (ഒന്‍പത് പന്തില്‍ 14) ബ്ലെസിങ് മുസര്‍ബാനിയും പുറത്താക്കി. അര്‍ധ സെഞ്ചുറിയുടെ വക്കില്‍ വച്ച് അഭിഷേകിനെയും മുസര്‍ബാനി മടക്കി. വരുണ്‍ ചക്രവര്‍ത്തിയാണ് അഭിഷേകിനെ കൈയിലൊതുക്കിയത്. ഹെന്റിച് ക്ലാസാന്റെ വെടിക്കെട്ടാണ് ഈഡന്‍ ഗാര്‍ഡന്‍സില്‍ തുടര്‍ന്നുണ്ടായത്. 35 പന്തില്‍ ഒരു സിക്‌സറും നാല് ഫോറുമടക്കം 52 റണ്ണെടുത്ത ക്ലാസാന്‍ ടോപ്പായി.
കൊല്‍ക്കത്തയ്‌ക്കു വേണ്ടി മുസര്‍ബാനി നാലു വിക്കറ്റെടുത്തു. ക്ലാസാനെ പുറത്താക്കിയതും സിംബാബ്‌വേക്കാരനായ മുസര്‍ബാനിയാണ്. ഹെഡും അഭിഷേക് ശര്‍മയും ചേര്‍ന്ന് കൊല്‍ക്കത്ത ബൗളര്‍മാരെ നിലംപരിശാക്കി. വരുണ്‍ ചക്രവര്‍ത്തിയുടെ ആദ്യ ഓവറില്‍ അഭിഷേക് ശര്‍മ രണ്ട് സിക്‌സറുകളും മൂന്ന് ഫോറുകളുമടക്കം 25 റണ്ണെടുത്തു. പവര്‍പ്ലേ പിന്നിടുമ്പോള്‍ ഹൈദരാബാദ് രെു വിക്കറ്റിന് 84 റണ്‍ എന്ന നിലയിലായിരുന്നു. സീസണിലെ ഏറ്റവും ഉയര്‍ന്ന പവര്‍പ്ലേ സ്‌കോറാണിത്.
ഐ.പി.എല്‍. ചരിത്രത്തില്‍ ഹൈദരാബാദിന്റെ അഞ്ചാമത്തെ മികച്ച പവര്‍പ്ലേ ടോട്ടലും ഇതാണ്. നിതീഷ് കുമാര്‍ റെഡ്‌ഡിയും (24 പന്തില്‍ ഒരു സിക്‌സറും നാല് ഫോറുമടക്കം 39) തിളങ്ങി. ഒമ്പതാം ഓവറില്‍ മുസര്‍ബാനി ഇഷാന്‍ കിഷനെയും തൊട്ടടുത്ത പന്തില്‍ അഭിഷേക് ശര്‍മയെയും പുറത്താക്കി. മത്സരത്തോടെ ഹൈദരാബാദിന് വേണ്ടി 100 സിക്‌സറുകള്‍ തികയ്‌ക്കുന്ന രണ്ടാമത്തെ താരമെന്ന ഖ്യാതി അഭിഷേക് സ്വന്തമാക്കി. 143 സിക്‌സറുകളടിച്ച ഡേവിഡ് വാര്‍ണറാണ് മുന്നില്‍. ഹൈദരാബാദിനായി വൈഭവ് അറോറ രണ്ട് വിക്കറ്റും കാര്‍ത്തിക് ത്യാഗിയും അനുകുല്‍ റോയിയും ഒരു വിക്കറ്റ് വീതവുമെടുത്തു.




