റോം: ഇറ്റാലിയന്‍ ഫുട്ബോള്‍ ഫെഡറേഷന് പ്രസിഡന്റ് ഗബ്രിയേല ഗ്രാവിന രാജിവച്ചു. ഇറ്റലി തുടര്‍ച്ചയായി മൂന്നാം തവണയും ലോകകപ്പ് യോഗ്യത നേടാതെ വന്നതോടെയാണു രാജി. ടീം ഡെലിഗേഷന് തലവന്‍ സ്ഥാനത്തുനിന്ന് ഇതിഹാസ ഗോള്‍ കീപ്പര്‍ ജിയാന്‍ലൂയിജി ബഫണ് രാജിവച്ചതിനു പിന്നാലെയാണു ഗ്രാവിനയും സ്ഥാനമൊഴിഞ്ഞത്.
കോച്ച് ഗന്നാരോ ഗട്ടൂസോയും രാജിവയ്ക്കുമെന്നാണു സൂചന. പുതിയ പ്രസിഡന്റിനെ കണ്ടെത്താന്‍ ജൂണ്‍ 22 നു തെരഞ്ഞെടുപ്പ് നടത്തും. ഗ്രാവിന പ്രസിഡന്റായിരിക്കേ രണ്ടാംവട്ടമാണു ടീം ലോകകപ്പ് യോഗ്യത നേടാതിരിക്കുന്നത്. രാജ്യത്തെ ഫുട്ബോള്‍ നേതൃത്വത്തില്‍ സമഗ്രമായ മാറ്റം വേണമെന്ന് ഇറ്റാലിയന്‍ കായിക മന്ത്രി ആന്ദ്രെ അബോദി പ്രസ്താവിച്ചിരുന്നു.
ഇറ്റലിക്ക് 2006 ലെ ലോകകപ്പ് നേടിക്കൊടുത്ത ബഫണ് രാജ്യത്തിനായി 176 മത്സരങ്ങള്‍ കളിച്ചു റെക്കോഡുമിട്ട താരമാണ്. ഗന്നാരോ ഗട്ടൂസോയെ കോച്ചാക്കിയതു ബഫണിന്റെ താല്പര്യ പ്രകാരമാണ്. 2018 ലാണു കാര്‍ലോ ടാവെചിചോയുടെ പിന്‍ഗാമിയായി ഗ്രാവിന ചുമതലയേറ്റത്. ഇറ്റലി റഷ്യ ലോകകപ്പിനു യോഗ്യത നേടാത്തതിനു പിന്നാലെയായിരുന്നു ടാവെചിചോയുടെ രാജി. ഇത്തവണ ബോസ്നിയ ഹെര്സഗോവ്നിയയാണു വഴിമുടക്കിയതെങ്കില് കഴിഞ്ഞ രണ്ടു തവണകളില്‍ സ്വീഡനും നോര്‍ത്ത് മാസിഡോണിയയുമാണ് ഇറ്റലിക്കു വിഘാതമായത്. 2006 ലാണ് ഇറ്റലി അവസാനം ലോകകപ്പ് നേടുന്നത്. തുടര്‍ന്ന് 2021 ലെ യൂറോ കപ്പ് കിരീടം നേടിയതാണ് ഗ്രാവിനയ്ക്ക് എടുത്തു കാണിക്കാനുണ്ടായിരുന്നത്.
ഫുട്ബോള്‍ 2006 മുതല്‍ അപകടത്തിലായിരുന്നെന്ന് ഇറ്റാലിയന്‍ കോച്ചസ് അസോസിയേഷന് പ്രസിഡന്റ് റെന്‍സോ യുലിവേറി വിമര്‍ശിച്ചിരുന്നു. റോമിലെ ഫെഡറേഷന് ആസ്ഥാനത്തിന് മുന്നില്‍ ആരാധകര്‍ മുട്ടയെറിഞ്ഞ് പ്രതിഷേധിച്ചിരുന്നു. 2018 മുതല്‍ ഫെഡറേഷന് തലപ്പത്തുള്ള ഗ്രാവിന ആദ്യം രാജിവയ്ക്കാന്‍ തയാറായില്ല. ഇറ്റാലിയന്‍ ഫുട്ബോള്‍ കടുത്ത പ്രതിസന്ധിയിലാണെന്ന് സമ്മതിക്കുമ്പോഴും, തന്റെ ഭാവി തീരുമാനിക്കാന്‍ ബോര്‍ഡ് യോഗം വിളിക്കാനാണ് അദ്ദേഹം പദ്ധതിയിട്ടത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്ന് ആരോപിച്ച ഗ്രാവിന മറ്റ് കായിക ഇനങ്ങളിലെ പ്ര?ഫഷണലിസത്തെ കുറച്ചുകാണിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളും നടത്തി.




