റോം: ജൂണില്‍ തുടങ്ങുന്ന ഫുട്ബോള്‍ ലോകകപ്പില്‍ കളിക്കാന്‍ പറ്റാത്ത സൂപ്പര്‍ താരങ്ങളുടെ നിരയില്‍ പോളണ്ടിന്റെ വെറ്ററന്‍ സ്ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്കിയും.
പോളണ്ട് യൂറോപ്യന്‍ മേഖലാ യോഗ്യതാ റൗണ്ട് പ്ലേഓഫ് ഫൈനലില്‍ സ്വീഡനോടു 3-2 നു തോറ്റതോടെയാണ് ലെവന്‍ഡോസ്കിയുടെ പ്രതീക്ഷകള്‍ അവസാനിച്ചത്. 37 വയസുകാരനായ ലെവന്‍ഡോസ്കി നിലവില്‍ സ്പാനിഷ് ക്ലബ് ബാഴ്സലോണയുടെ പ്രധാന താരമാണ്. പോളണ്ടിനായി 89 ഗോളുകളടിക്കാനുമായി. ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കിന്റെ താരമായിരിക്കേ 10 തവണ ബുണ്ടസ് ലിഗയിലും ചാമ്പ്യന്‍സ് ലീഗിലും ജേതാവായി. ബയേണിനായി എട്ട് സീസണുകള്‍ കളിച്ചു. ബോറുസിയ ഡോര്‍ട്ട്മുണ്ടിനായി രണ്ടു തവണയും ബുണ്ടസ് ലിഗ കിരീടം നേടി. ബാഴ്സയുടെ താരമായ ശേഷം രണ്ടുവട്ടം ലാ ലിഗ കിരീടവും നേടി.
പോളണ്ട് പുറത്തായതോടെ താന്‍ വൈകാതെ രാജ്യാന്തര ഫുട്ബോളിനോടു വിടപറയുമെന്നാണു ലെവന്‍ഡോസ്കി പ്രഖ്യാപിച്ചത്. വിരമിക്കല്‍ എന്നുണ്ടാകുമെന്നു മാത്രം വ്യക്തമാക്കിയില്ല. പ്ലേഓഫ് ഫൈനല്‍ താരത്തിന്റെ അവസാന പ്രമുഖ ടൂര്‍ണമെന്റാണ്. റഷ്യയില്‍ നടന്ന 2018 ലോകകപ്പില്‍ പോളണ്ടിനെ നയിച്ചതു ലെവന്‍ഡോസ്കിയാണ്. താരത്തിനു പക്ഷേ ഗോളടിക്കാനായില്ല. പോളണ്ട് ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണു ഫിനിഷ് ചെയ്തത്. ഖത്തര്‍ ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്തു. പോളണ്ടിന്റെ പ്രീ ക്വാര്ട്ടറിലെത്തിക്കാനുമായി. ഫ്രാന്‍സിനോടു തോറ്റാണു മടങ്ങിയത്. യോഗ്യതാ റൗണ്ട് ജി ഗ്രൂപ്പില്‍ നാല് ഗോളുകളടിക്കാനായി.
നാലുവട്ടം ചാമ്പ്യന്മാരായ ഇറ്റലിക്കു തുടര്‍ച്ചയായ മൂന്നാം തവണയും ലോകകപ്പ് യോഗ്യത നേടാനായില്ല. ഇറ്റലിയുടെയും പാരീസ് മാഞ്ചസ്റ്റര്‍ സിറ്റിയുടെയും ഗോള്‍ കീപ്പറായ ജിയാന്‍ലൂയിജി ഡൊന്നരൂമയാണു ലോകകപ്പില്‍ കളിക്കാത്ത സൂപ്പര്‍ താരം. ഫ്രഞ്ച് ക്ലബ് പാരീസ് സെയിന്റ് ജെര്‍മെയ്നില്‍നിന്ന് 26 ദശലക്ഷം യൂറോയ്ക്കാണു ഡൊന്നരൂമ മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയത്. ഫ്രഞ്ച് ക്ലബ് ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായതും ഡൊന്നരൂമയുടെ മികവിലാണ്. പ്ലേ ഓഫ് ഫൈനലില്‍ ബോസ്നിയ ഹെര്സഗോവ്നിയോടു പെനാല്‍റ്റി ഷൂട്ടൗട്ടില്‍ (4-1) തോറ്റതോടെയാണ് ഇറ്റലിയുടെ മടക്കം. ഇറ്റലിക്ക് 2020 ലെ യൂറോ കപ്പ് നേടിക്കൊടുത്തത് ഡൊന്നരൂമയാണ്. സ്വന്തം തട്ടകമായ ബിലിനോ പോജെയില് നടന്ന മത്സരത്തിന്റെ മുഴുവന്‍ സമയത്തും അധിക സമയത്തും സ്കോര്‍ 1-1 നു തുല്യനിലയിലായിരുന്നു. ഷൂട്ടൗട്ടില്‍ ഇറ്റലിയുടെ ബ്രിയാന്‍ ക്രിസ്റ്റാനെ, പിയോ എസ്പോസിറ്റോ എന്നിവര്‍ക്കു ലക്ഷ്യം കാണാനായില്ല. ബെഞ്ചമിന്‍ താഹിറോവിച്, ഹാരിസ് ടാബാകോവിച്, കെരിം അലാജ്ബെഗോവിച്, എസ്മിര്‍ ബാജ്റാക്രാവിച് എന്നിവരുടെ കിക്കുകള്‍ ഡൊന്നരൂമയെ മറികടന്നു. നാല് തവണ ലോക ചാമ്പ്യന്മാരായ ഇറ്റലിക്ക് 2014 ന് ശേഷം ലോകകപ്പിന് യോഗ്യത നേടാനായില്ല. ബോസ്നിയയ്ക്കെതിരേ ജയിച്ചാല്‍ ലോകകപ്പ് യോഗ്യത ഉറപ്പായിരുന്നു. 1934, 1938, 1982, 2006 വര്‍ഷങ്ങളിലാണ് ഇറ്റലി ലോകകപ്പ് ജേതാക്കളായത്. പങ്കെടുത്ത ആദ്യ ലോകകപ്പ് തന്നെ കിരീടം നേടിയായിരുന്നു ഇറ്റലി തുടങ്ങിയത്. 1934 ലെ രണ്ടാം ലോകകപ്പില്‍ തന്നെ കിരീടം നേടി. 1938 ലെ ലോകകപ്പിലും ഇറ്റലി ചാമ്പ്യന്മാരായി. 1982 ല്‍ ജേതാക്കളായ ടീം 1970,1994 വര്‍ഷങ്ങളില്‍ ഫൈനലില്‍ കടന്നു. 2006 ല്‍ ഇറ്റലി നാലാം കിരീടം സ്വന്തമാക്കി.
ഹംഗറിയുടെയും ലിവര്‍പൂളിന്റെയും മിഡ്ഫീല്‍ഡര്‍ ഡൊമിനിക് സോബോസ്ലായുടെ അഭാവവും ലോകകപ്പിലുണ്ടാകും. നിര്‍ണായകമായ ഗ്രൂപ്പ് മത്സരത്തില്‍ റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡിനോട് 2-1 നു തോറ്റതോടെയാണ് സോബോസ്ലായുടെ അഭാവമുണ്ടായത്. നൈജീരിയയുടെയും തുര്‍ക്കി ക്ലബ് ഗളേസത്റെയുടെയും താരം വിക്ടര്‍ ഒസിമെനും ലോകകപ്പിനില്ല. നാപോളിക്ക് 2023 ലെ ഇറ്റാലിയന്‍ സീരി എ കിരീടം നേടിക്കൊടുത്ത താരമാണ്. ഗളേസത്റെയിലേക്കു കൂടുമാറിയ ശേഷവും മികവ് തുടര്‍ന്നു. കഴിഞ്ഞ സീസണില്‍ 30 കളികളില്‍നിന്ന് 26 ഗോളുകളിച്ച ഒസിമെന് ഗളേസത്റെയെ ലീഗ് ചാമ്പ്യന്മാരുമാക്കി.
ആഫ്രിക്കന്‍ മേഖലാ യോഗ്യതാ റൗണ്ടിലെ 10 മത്സരങ്ങളില്‍ അഞ്ചിലും നൈജീരിയ സമനില വഴങ്ങി. ദക്ഷിണാഫ്രിക്ക പിന്നില്‍ രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്തു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയോടു പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റാണു നൈജീരിയ പുറത്തായത്.
ജോര്‍ജിയയുടെയും പാരീസ് സെയിന്റ് ജെര്മെയ്നിന്റെയും താരമായ ഖ്വിച ക്വാഷെലിയയും ലോകകപ്പിനില്ല. ഇന്റര്‍ മിലാനെതിരേ നടന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഒരു ഗോളടിച്ച ഖ്വിച പി.എസ്.ജി. ജേതാക്കളാകുമെന്ന് ഉറപ്പാക്കിയിരുന്നു. 2025 ലെ ബാലണ്‍ ഡി ഓര് പട്ടികയില്‍ 12-ാമനുമായി. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ സ്പെയിന്, തുര്‍ക്കി, ബള്‍ഗേറിയ എന്നിവര്‍ ഉള്‍പ്പെട്ട ഗ്രൂപ്പില്‍നിന്ന് മൂന്നു പോയിന്റ് മാത്രമാണു ജോര്‍ജിയയ്ക്കു നേടാനായത്. ജര്‍മന്‍ ക്ലബ് ബോറുസിയ ഡോര്‍ട്ട്മുണ്ടിന്റെയും ഗിനിയയുടെയും താരം സെര്‍ഹു ഗുയ്റാസിയും ലോകകപ്പിനില്ല. ബുണ്ടസ് ലിഗയില്‍ മൂന്ന് സീസണുകളിലായി 62 ഗോളുകളടിച്ച താരമാണ്. ചാമ്പ്യന്‍സ് ലീഗിലെ 2024-25 സീസണില്‍ 13 ഗോളുകളടിക്കാനുമായി. ഗിനിയ ആഫ്രിക്കന്‍ യോഗ്യതാ റൗണ്ടിലെ ആദ്യഘട്ടത്തില്‍ തന്നെ തോറ്റു പുറത്തായി. 10 മത്സരങ്ങളിലായി നാലു ജയവും മൂന്ന് സമനിലയുമാണ് ആകെ നേട്ടം.




