ആലപ്പുഴ: കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ ഹരിത പ്രോട്ടോക്കോള്‍ സന്ദേശം വോട്ടര്‍മാരിലേക്ക് എത്തിക്കുന്നതിനായി ആലപ്പുഴയില്‍ ഹരിതവഞ്ചി പ്രയാണം ആരംഭിച്ചു.
കുട്ടനാടന്‍ പഞ്ചായത്തുകളിലെയും ആലപ്പുഴ നഗരസഭയിലെയും ഉള്‍പ്രദേശങ്ങളിലെ വോട്ടര്‍മാരിലേക്ക് പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പ് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വേറിട്ട പ്രചാരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ തിരഞ്ഞെടുപ്പ് വേളയില്‍ ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതുന്ന മൈക്ക് അനൗണ്‍സ്മെന്റുകളും ബോധവല്‍ക്കരണ ലഘുലേഖകളുടെ വിതരണവും ഹരിത വഞ്ചിയില്‍ സജ്ജീകരിച്ചിട്ടുണ്ട്.
ഹരിത വഞ്ചി യാത്രയുടെ ഫ്ളാഗ് ഓഫ് കര്‍മ്മം ഡെപ്യൂട്ടി കലക്ടര്‍ ആശ സി. എബ്രഹാം നിര്‍വഹിച്ചു. ശുചിത്വ മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ ഷിന്‍സ് ഡി. ചടങ്ങില്‍ സ്വാഗതം ആശംസിച്ചു.
മുന്‍സിപ്പല്‍ സെക്രട്ടറി എസ്. സനില്‍, നഗരസഭ നോഡല്‍ ഓഫീസര്‍ സി. ജയകുമാര്‍, ശുചിത്വമിഷന് ജില്ലാ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ വി. രേവതി, എന്നിവര്‍ സംസാരിച്ചു.
ജില്ലാ പ്രോഗ്രാം ഓഫീസര്‍ അഖില്‍ പ്രകാശ്, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ സിജോ രാജു, ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റ് സി. ആര്. സന്ധ്യ, ബിനു ലാല്‍, ഷെഹന കബീര്‍, ശ്യാംകുമാര്‍ ബി, ജിഷ, സാലിന്, ജസീന, ധനലക്ഷ്മി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ആലപ്പുഴയുടെ തനതായ ഭൂപ്രകൃതിക്ക് അനുയോജ്യമായ രീതിയില്‍ ജലഗതാഗതത്തിലൂടെയുള്ള ഈ പ്രചാരണ രീതിക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. വരും ദിവസങ്ങളിലും വിവിധ ഉള്‍നാടന്‍ കേന്ദ്രങ്ങളില്‍ ഹരിത വഞ്ചി പര്യടനം നടത്തും.




