
ആലപ്പുഴ: ശബ്ദ പ്രചാരണം അവസാന ദിനങ്ങളിലേക്ക് എത്തവേ ജില്ലയിലേക്ക് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി എത്തുന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം ആലപ്പുഴ മണ്ഡലത്തിലെ കാവുങ്കല്‍ ക്ഷേത്രമൈതാനിയില്‍ നാളെ രാവിലെ 9.30ന് അദ്ദേഹം പ്രസംഗിക്കും.
പൊതുയോഗത്തില്‍ പരമാവധി ആളുകളെ എത്തിക്കാനാണ് യു.ഡി.എഫ് ശ്രമം. എല്‍.ഡി.എഫിനായി മുഖ്യമന്ത്രി പിണറായി വിജയന് ബുധനാഴ്ച ജില്ലയിലെ നാല് കേന്ദ്രങ്ങളില്‍ പ്രസംഗിച്ചിരുന്നു. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയില്‍ നാളെ എന്‍.ഡി.എയ്ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് സമ്മേളനമുണ്ട്.
ആലപ്പുഴ ജില്ലയില്‍ നിന്നുള്ള ബി.ജെ.പി സ്ഥാനാര്‍ഥികളും സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്. അവസാനവട്ട പ്രചാരണം ഉഷാറാക്കാന്‍ മുന്നണികളെല്ലാം സജീവമായി രംഗത്തുണ്ട്.
അമ്പലപ്പുഴയില്‍
പോരാട്ടം
ഹൈവോള്‍ട്ടില്‍
അമ്പലപ്പുഴ: തെരഞ്ഞെടുപ്പ് അങ്കം മുറുകുമ്പോള്‍ രാഷ്ട്രീയകേരളത്തിന്റെ കണ്ണുകള്‍ പാല്‍പ്പായസത്തിന്റെ നാടായ അമ്പലപ്പുഴയിലേക്ക്.
ആറുപതിറ്റാണ്ട് നീണ്ട ഇടത് ബന്ധം ഉപേക്ഷിച്ച് ജി.സുധാകരന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മാറിയതോടെ അമ്പലപ്പുഴ ഇത്തവണത്തെ ഹോട്ട് സീറ്റായി മാറിയിരിക്കുകയാണ്. തന്റെ തെരഞ്ഞെടുപ്പുകളില്‍ ഒപ്പമുണ്ടായിരുന്ന എച്ച്.സലാമിനെ സുധാകരന് നേരിടുന്നത് രാഷ്ട്രീയത്തിലെയും തെരഞ്ഞെടുപ്പിലെയും കൗതുക കാഴ്ചയായി.
ജി. സുധാകരന് മുന്നില്‍ അടിയറവ് പറയരുതെന്ന വാശിയോടെയാണ് സി.പി.എം മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് തന്ത്രം മെനയുന്നത്. എന്നാല്‍ വിജയം മാത്രം മുന്‍ നിര്‍ത്തി സുധാകരനും അങ്കം മുറുക്കുന്നതോടെ അമ്പലപ്പുഴയില്‍ വീറും വാശിയുമേറെ. രക്ത സാക്ഷികളുടെ മണ്ണായ പുന്നപ്രയില്‍ അഞ്ച് തെരഞ്ഞെടുപ്പുകളില്‍ പരാജയത്തിന്റെ കയ്പ് ഇടതു മുന്നണി അറിഞ്ഞിട്ടുണ്ട്. പൊതുവേ യു.ഡി.എഫ് മണ്ഡലമെന്ന പേരുണ്ടായിരുന്ന അമ്പലപ്പുഴ ചുവക്കാന്‍ തുടങ്ങിയത് ജി.സുധാകരനിലൂടെയാണ്. 2011ല്‍ 16,580 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച സുധാകരന് പിന്നീട് പരാജയപ്പെട്ടിട്ടില്ല.
2016 ലെ തെരഞ്ഞെടുപ്പില്‍ സുധാകരന് 63,069 ഉം എതിര് സ്ഥാനാര്‍ഥി ഷേക്ക്. പി.ഹാരിസിന് 40,448 ഉം, ബി.ജെ.പിയിലെ എല്‍.പി ജയചന്ദ്രന് 22,730 വോട്ടും ലഭിച്ചിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ 22,621 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു സുധാകരന്. 2021 ല്‍ യു.ഡി.എഫിലെ അഡ്വ: എം.ലിജുവിനെ 11, 125 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് എച്ച്.സലാം തന്റെ കന്നിയങ്കത്തില്‍ നിയമസഭയിലെത്തുന്നത്. സലാമിന് 61,365 ഉം എം.ലിജുവിന് 50,240 വോട്ടും ബി.ജെ.പിയിലെ അനുപ് ആന്റണിക്ക് 22331 വോട്ടും ലഭിച്ചു. എന്നാല്‍ സുധാകരന് നേടിയ ഭൂരിപക്ഷം നിലനിര്‍ത്താന്‍ പിന് ഗാമിയായെത്തിയ സലാമിന് കഴിഞ്ഞില്ല.
ഹാട്രിക് വിജയത്തിനുശേഷം പ്രായ പരിധിയുടെ പേരില്‍ സുധാകരനെ ഒഴിവാക്കി യതപ്പോള് നറുക്കുവീണത് സലാമിനായിരുന്നു. വിജയിച്ചെങ്കിലും ഭൂരിപക്ഷം കുറഞ്ഞതുള്പ്പെടെയുള്ളവ ചൂണ്ടിക്കാട്ടി സുധാകരനെതിരെ സലാം പാര്‍ട്ടിക്ക് പരാതി നല്‍കിയതോടെയാണ് നടപടിക്ക് വിധേയനായി സുധാകരനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയത്. ഇടതുവിട്ട് സ്വതന്ത്രനായി മാറിയ സുധാകരനെ യു.ഡി.എഫ് ചേര്‍ത്തു പിടിച്ചതോടെ അമ്പലപ്പുഴയുടെ തെരഞ്ഞെടുപ്പ് ചിത്രം മാറി മറിയുകയായിരുന്നു.
പാര്‍ട്ടിയെ വെല്ലുവിളിച്ച് സുധാകരന് സ്വതന്ത്രനായി എത്തിയതോടെ അമ്പലപ്പുഴയില്‍ എന്ത് സംഭവിക്കുമെന്ന ആകാംക്ഷയിലാണ് കേരളം. സി.പി.എമ്മിനും കോണ്‍ഗ്രസിനും അമ്പലപ്പുഴയില്‍ എന്തു വില കൊടുത്തും വിജയിക്കേണ്ട നിര്‍ണായക തെരഞ്ഞെടുപ്പാണിത്.
തനിക്ക് സി.പി.എമ്മില്‍ നിന്നും ബി.ജെ.പിയില്‍ നിന്നും വോട്ട് കിട്ടുമെന്നും വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നുമാണ് സുധാകരന്റെ ആത്മ വിശ്വാസം.
എന്നാല്‍ ചെങ്കൊടിയുടെ കീഴില്‍ ഹാട്രിക് വിജയം നേടി ഇത്തവണ മറുപക്ഷത്ത് പോയ സുധാകരനെ തളക്കുമെന്നും പാര്‍ട്ടിയില്‍ നിന്ന് ഒരു വോട്ട് പോലും ചോരില്ലെന്നുമാണ് സി.പി.എമ്മിന്റെ അവകാശ വാദം.സുധാകരന് മറുപടി നല്കാന് കഴിഞ്ഞ ദിവസം പിണറായി വിജയനും അമ്പലപ്പുഴയില്‍ വന്നിരുന്നു. എന്തായാലും സുധാകരനിലൂടെ അമ്പലപ്പുഴ മണ്ഡലം രാഷ്ട്രീയ കേരളത്തില്‍ വീണ്ടും ചര്‍ച്ചയാകുകയാണ്.
അമ്പലപ്പുഴ: യു.ഡി.എഫ്. പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കുന്ന ജി.സുധാകരന്റെ ഡ്രൈവര്‍ക്കെതിരെ വന്ന വധഭീഷണിയുടെ പരാതിയില്‍ കേസ് എടു ക്കാന്‍ കോടതിയുടെ അനുമതിക്കായി പുന്നപ്ര പോലീസ് അമ്പലപ്പുഴ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്പാകെ അപേക്ഷ നല്കി. കോടതിയുടെ അനുമതി ലഭിച്ചാലെ കേസ് എടുത്ത് അന്വേഷണം ആരംഭിക്കൂ.
രണ്ടു മൂന്നു ദിവസം കോടതി അവധിയായതിനാല്‍ അനുമതി ലഭിക്കാന്‍ വൈകും. ബുധനാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സുധാകരന്റെ ഡ്രൈവര്‍ പുന്നപ്ര വടക്ക് പഞ്ചായത്ത് ആറാം വാര്‍ഡ് കരിപ്പുറത്ത് വീട്ടില്‍ പ്രദീപ് കുമാറാണ് പുന്നപ്ര പോലീസില്‍ പരാതി നല്‍കിയത്.
രണ്ട് ഫോണുകളില്‍ നിന്ന് വധഭീഷണി ഉണ്ടായെന്നാണ് പരാതി. പുന്നപ്ര സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റിയംഗമായ പ്രദീപിനെ വിളിച്ചിട്ട് ജി.സുധാകരനു വേണ്ടി പ്രവര്‍ത്തിച്ചാല്‍ വീട്ടില്‍ക്കയറി വെട്ടിക്കൊല്ലും എന്നായിരുന്നു ഭീഷണിയെന്നാണ് പരാതിയില്‍ പറയുന്നത്. രണ്ടു ഫോണ്‍ നമ്പറുകളും സഹിതമാണ് പരാതി നല്‍കിയത്. മൊബൈല്‍ ഫോറന്‍സിക് പരിശോധനയും സൈബര്‍ സെല്ലിന്റെ അന്വേഷണവും കേസില്‍ വേണ്ടിവരും.



