
ആലപ്പുഴ: ശരീരം തളര്‍ന്നതോടെ അന്യമായിപ്പോയ തന്റെ വോട്ടവകാശം കാല്‍നൂറ്റാണ്ടിനുശേഷം വിനിയോഗിച്ചതിന്റെ ആത്മസംതൃപ്തിയിലാണ് അരൂര്‍ മണ്ഡലത്തിലെ പണിക്കശേരിയില്‍ പോള്‍. 25 വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ അപ്രതീക്ഷിത അപകടമാണ് പാണാവള്ളി പഞ്ചായത്ത് സ്വദേശിയായ പോളിന്റെ ജീവിതം മാറ്റിമറിച്ചത്.
അപകടത്തില്‍ ശരീരം തളര്‍ന്നുപോയതോടെ വീടിനുള്ളിലെ നാലു ചുവരുകള്‍ക്കുള്ളിലേക്ക് പോളിന്റെ ലോകം ഒതുങ്ങി. തുടര്‍ന്ന് നടന്ന ഒരു തെരഞ്ഞെടുപ്പിലും ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്താന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. എന്നാല്‍, ഇത്തവണ തെരഞ്ഞെടുപ്പ് കമ്മിഷന് ഒരുക്കിയ ഹോം വോട്ടിംഗ് സംവിധാനം പോളിന്റെ വലിയൊരു ആഗ്രഹമാണ് സാക്ഷാത്കരിച്ചത്.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വോട്ടുരേഖപ്പെടുത്താനായി വീട്ടിലെത്തുന്നത് കണ്ടപ്പോള്‍ സന്തോഷം കൊണ്ട് പോളിന്റെ കണ്ണുകള്‍ നിറഞ്ഞു. അരൂര്‍ മണ്ഡല ത്തിലാണ് പോള്‍ ഉള്‍പ്പെടുന്നത്.
''ഇതെന്റെ 25 വര്‍ഷത്തെ കാത്തിരിപ്പാണ്... വലിയ സന്തോഷമുണ്ട്..''
വോട്ട് രേഖപ്പെടുത്തിയ ശേഷം ഉദ്യോഗസ്ഥരോട് പോള്‍ പറഞ്ഞു. നീണ്ട ഇടവേളയ്ക്ക് ശേഷം തന്റെ വിരലില്‍ പുരണ്ട തിരഞ്ഞെടുപ്പ് മഷി പോളിന് വെറുമൊരു അടയാളമായിരുന്നില്ല, മറിച്ച് അദ്ദേഹത്തിന്റെ തെരഞ്ഞെടു ക്കാനുള്ള അവകാശത്തിന് കിട്ടിയ അംഗീകാരമായിരുന്നു. പ്രസൈഡിങ് ഓഫീസര്‍ സലീഷ് കുമാര്‍, പോളിങ് ഓഫീസര്‍ സി. ആശാമണി, മൈക്രോ ഒബ്സര്‍വര്‍ എം.ജി. സിനു, സീനിയര്‍ സി.പി.ഒ എം. അരുണ്‍ കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് ഹോം വോട്ടിംഗ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതല്‍ ജനകീയവും സൗകര്യപ്രദവുമാക്കുന്നതിന്റെ ഭാഗമായി 85 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും (എ.വി.എസ്.സി), ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്കുമാണ് (എ.വി.പി.ഡി.) വീടുകളില്‍ വോട്ട് ചെയ്യാന്‍ (ഹോം വോട്ടിങ്) സൗകര്യമൊരു ക്കിയിരിക്കുന്നത്.



