
എടത്വാ: സംഭരണ ഏജന്‍സികള്‍ എത്തിയില്ല. വിളവെടുത്ത നെല്ല് ഒമ്പത് ദിവസമായി പാടത്ത് കെട്ടിക്കിടക്കുന്നു. തലവടി കൃഷിഭവന്‍ പരിധിയില്‍ വരുന്ന തലവടി ചൂട്ടുമാലി പാടത്തെ വിളവെടുത്ത നെല്ലാണ് പാടത്ത് കൂട്ടിയിട്ടിരിക്കുന്നത്.
വിളവെടുപ്പ് കഴിഞ്ഞ് ഒന്നരയാഴ്‌ച പിന്നിട്ടിട്ടും സംഭരിക്കാന്‍ മില്ലുടമകളോ ഏജന്‍സികളോ എത്തിയിട്ടില്ല. പ്രദേശത്ത് വേനല്‍ മഴ പെയ്യുന്നതിനാല്‍ പാടത്ത് വെള്ളം കെട്ടിക്കിടക്കുകയാണ്. നെല്ല് സംഭരണം അടിയന്തിരമായി നടത്തിയില്ലെങ്കില്‍ വിളവെടുപ്പ് ബാധ്യതയായി മാറുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. സംഭരണം നടക്കാത്തതില്‍ പ്രതിഷേധിച്ച് പാടശേഖര നെല്ലുത്‌പാദക സമിതി യോഗം ചേര്‍ന്നിരുന്നു. പാഡി ഓഫീസ് ഇടപെട്ട് സംഭരണം നടത്താനുള്ള നടപടി ഉടന്‍ സ്വീകരിക്കണമെന്ന് സമിതി പ്രസിഡന്റ് സന്തോഷ് മാത്യു പറഞ്ഞു. ഡോ. ജോണ്‍സണ്‍ വി ഇടിക്കുള, ശ്രീകല നായര്‍, സാം മാത്യൂ, ശ്രീദാസ് വി., എന്‍ ഗോപിനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു.
ചൂട്ടുമാലി പാടശേഖരത്തിന്റെ പുറംബണ്ടുകള്‍ ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പൊതുയോഗം നാളെ വൈകിട്ട് 4.30ന് പ്രസിഡന്റ് സന്തോഷ് മാത്യുവിന്റെ വസതിയില്‍ നടത്താനും തീരുമാനിച്ചു.


