
കാവുങ്കല്‍: ജില്ലയിലെ യു.ഡി.എഫ്. സ്‌ഥാനാര്‍ഥികളുടെ പ്രചാരണത്തിനായി ആലപ്പുഴയില്‍ എത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രവര്‍ത്തകര്‍ക്ക് ആവേശമായി. കേരളത്തില്‍ ഇടതുപക്ഷത്തെ മുന്നോട്ടു നയിക്കുന്നത് വര്‍ഗീയതയുടെ അദൃശ്യകരങ്ങളാണെന്ന് കാവുങ്കല്‍ ക്ഷേത്രമൈതാനത്ത് സംഘടി പ്പിച്ച പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് അദ്ദേഹം പറഞ്ഞു. ഈ തെരഞ്ഞെടു പ്പോടെ കേരളത്തില്‍ ഇടതുപക്ഷം ഇല്ലാതാകും.
രാജ്യത്തെ ജനങ്ങളെ വിഭജിക്കുകയും വിദ്വേഷം പരത്തുകയും ചെയ്യുന്ന വര്‍ഗീയതയുടെ അദൃശ്യകരങ്ങളാണ് എല്‍.ഡി.എഫിനെ നയിക്കുന്നത്. ഇന്ത്യ എവിടെനിന്ന് എണ്ണവാങ്ങണമെന്ന് തീരുമാനിക്കാന്‍ അമേരിക്കന്‍ പ്രഡിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരാണെന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യയുടെ വിവരശേഖരവും ഊര്‍ജ്‌ജ സുരക്ഷയും അമേരിക്കക്ക് എന്തിനാണ് നല്‍കിയത്.
ട്രംപിന് പ്രധാനമന്ത്രിയുടെ പ്രതിച്‌ഛായ നശിപ്പിക്കാനുള്ള ശക്‌തിയുള്ളതിനാലാണ്. പ്രധാനമന്ത്രിയെ നിയന്ത്രിക്കുന്നത് ഡോണള്‍ഡ് ട്രമ്പാണ്. ട്രംപ് പറയുന്നത് മോദി നടപ്പാക്കുന്നു. എപ്‌സ്റ്റീന്‍ ഫയലുകളില്‍ നരേന്ദ്രമോദിയും മോദി മന്ത്രിസഭയിലെ പല പ്രമുഖരും ഉണ്ടെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.ഡി.സി.സി പ്രസിഡന്റ് അഡ്വ.ബി. ബാബുപ്രസാദ് അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി, കെ.പി.സി.സി വൈസ് പ്രസിഡന്റ് എ.എ. ഷുക്കൂര്‍, ജില്ലയിലെ യുഡിഎഫ് സ്‌ഥാനാര്‍ഥികളായ കെ.ആര്‍. രാജേന്ദ്ര പ്രസാദ്, അഡ്വ.എം.ലിജു, എ.ഡി തോമസ്, റെജി ചെറിയാന്‍, യു.ഡി.എഫ്. ജില്ലാ കണ്‍വീനര്‍ സി. കെ ഷാജി മോഹന്‍, മുന്‍ മന്ത്രി ജി. സുധാകരന്‍, കെ.പി.സി.സി സെക്രട്ടറി ബി.ബൈജു, മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് എ. എം. നസീര്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഇ.സമീര്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഡോ. എം.പി. പ്രവീണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


