കായംകുളം:കനകക്കുന്ന് പോലീസ് സ്‌റ്റേഷനില്‍ കാപ്പ നിയമപ്രകാരം നടപടിക്ക് വിധേയനായശേഷം കാപ്പ നിയമലംഘനം നടത്തിയ ആളെ ജില്ലാ കലക്‌ടറുടെ ഉത്തരവ് പ്രകാരം കരുതല്‍ തടങ്കലില്‍ ആക്കി. കനകക്കുന്ന് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വിവിധ ക്രിമിനല്‍ കേസിലെ പ്രതിയായ കണ്ടല്ലൂര്‍ പുതിയ വിള മജു ഭവനത്തില്‍ മനു ദേവ്(29)എന്ന് വിളിക്കുന്ന മനുവിനെയാണ് കരുതല്‍ തടങ്കലിലാക്കിയത്.
നേരത്തെ ഇയാളെ കാപ്പ നിയമപ്രകാരം സംസ്‌ഥാനത്തെ സഞ്ചലന നിയന്ത്രണത്തിന് വിധേയനാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ന്യൂ ഇയര്‍ ദിനത്തില്‍ കണ്ടല്ലൂരിലുള്ള ആദിത്യന്‍, മനു എന്നിവരെ ഇയാള്‍ ഉപദ്രവിക്കുകയും തുടര്‍ന്ന് കഴിഞ്ഞ മൂന്നു മാസക്കാലമായി ഒളിവില്‍ കഴിഞ്ഞു വരികയുമായിരുന്നു. ജില്ലാ പോലീസ് മേധാവി മോഹന ചന്ദ്രന്റെ നിര്‍ദേശപ്രകാരം കായംകുളം ഡി.വൈ.എസ്.പി ബിനു കുമാറിന്റെ മേല്‍നോട്ടത്തില്‍ കനകക്കുന്ന് ഇന്‍സ്‌പെക്‌ടര്‍ അമല്‍.സിയുടെ നേതൃത്വത്തില്‍ അസി. സബ് ഇന്‍സ്‌പെക്‌ടര്‍ സുരേഷ് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രദീപ്, ഗോപകുമാര്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് ഇയാളെ കോഴിക്കോട് ബാലുശ്ശേരിയില്‍നിന്നും പിടികൂടിയത്. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലിലേക്ക് മാറ്റി.



