
ചെറുതോണി: പെസഹാ വ്യാഴാഴ്‌ച ദിനത്തില്‍ പതിവുപോലെ രാവിലെ തന്നെ കുര്‍ബാന കൂടി റോഷി അഗസ്‌റ്റിന്റെ തുടക്കം. വെള്ളയാംകൂടി സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന കുര്‍ബാനയിലാണ് റോഷി പങ്കുചേര്‍ന്നത്.
തുടര്‍ന്നു വാഴത്തോപ്പ്, കഞ്ഞിക്കുഴി പഞ്ചായത്തുകളില്‍ ഗൃഹസന്ദര്‍ശനം നടത്തി സ്‌ഥാനാര്‍ഥി വോട്ട് അഭ്യര്‍ഥന നടത്തി. വീടുകളില്‍ എത്തി വോട്ടര്‍മാരോട് മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ അക്കമിട്ട് നിരത്തിയാണ് വോട്ട് അഭ്യര്‍ഥിച്ചത്.
രണ്ട് പഞ്ചായത്തുകളിലെയും ഒട്ടുമിക്ക വീടുകളിലെ വോട്ടര്‍മാരോടും വ്യക്‌തിപരമായി അടുപ്പം കാത്തുസൂക്ഷിക്കുന്ന ആളാണ് റോഷി. അതുകൊണ്ട് തന്നെ സ്‌ഥാനാര്‍ഥി എന്നതിലുപരി കുടുംബത്തിലെ ഒരാള്‍ എന്ന മട്ടിലാണ് ജനങ്ങളും അദ്ദേഹത്തെ വരവേല്‍ക്കുന്നത്. തുടര്‍ച്ചയായി 40-ാം വര്‍ഷവും മലയാറ്റൂരിലേക്ക് കാല്‍നടയായി പോകുന്നതിന്റെ വിശേഷങ്ങളും പലരും സ്‌ഥാനാര്‍ഥിയോട് ചോദിച്ചറിഞ്ഞതും കൗതുകമായി. വൈകിട്ടോടെ ചക്കാമ്പുഴയിലെ തറവാട്ടില്‍ നിന്നാണ് റോഷി അഗസ്‌റ്റിനും സംഘവും മലയാറ്റൂരിലേക്ക് കാല്‍നടയായി യാത്ര തിരിച്ചത്.




