
അറക്കുളം: ദുഃഖവെള്ളി ആചരണത്തിന്റെ ഭാഗമായി കുരിശിന്റെ വഴിയുമായി ആയിരങ്ങള്‍ തുമ്പച്ചിമല കയറി. വെള്ളിയാഴ്‌ച രാവിലെ എട്ടിന് അറക്കുളം അശോക കവലയില്‍ നിന്നും നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്ത കുരിശിന്റെ വഴി 11ന് മലയുടെ താഴ്‌വാരത്തെത്തി.
തുടര്‍ന്നു ഇവിടെനിന്നു വിവിധയിടങ്ങളില്‍ നിന്നു വിശ്വാസികളും കുരിശിന്റെ വഴിയില്‍ അണിചേര്‍ന്നു. അറക്കുളം സെന്റ് മേരീസ് പുത്തന്‍പള്ളി വികാരി ഫാ. മൈക്കിള്‍ കിഴക്കേപറമ്പില്‍, സഹവികാരി ഫാ. ജോര്‍ജ് ഞാറ്റുതൊട്ടിയില്‍, ബ്രദര്‍ ടോം വാഴചാരിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മലമുകളില്‍ എത്തിയപ്പോള്‍ സമാപന പ്രാര്‍ഥനയെ തുടര്‍ന്ന് പാലാ സെന്റ് തോമസ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ.ഡോ. കുര്യാക്കോസ് കാപ്പിലിപറമ്പില്‍ പീഡാനുഭവ സന്ദേശം നല്‍കി. രാവിലെ മുതല്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ജനങ്ങള്‍ കുരിശിന്റെ വഴി നടത്തി മലമുകളില്‍ എത്തിയിരുന്നു. പരിപാടികള്‍ക്ക് കൈക്കാരന്മാരായ ജോസുകുട്ടി വാഴചാരിക്കല്‍, ജോസ് പുത്തന്‍കണ്ടം, റോയി കാഞ്ഞിരക്കാട്ടുകുന്നേല്‍, ജിന്റി മറ്റത്തിനാനിക്കല്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി. തീര്‍ഥാടകരുടെ സൗകര്യാര്‍ഥം കെ.എസ്.ആര്‍.ടി.സി. പ്രത്യേക സര്‍വീസ് നടത്തി. മലമുകളില്‍ നേര്‍ച്ചക്കഞ്ഞി വിതരണവും നടത്തി.



