മറ്റക്കര: മറ്റൊരു തെരഞ്ഞെടുപ്പുകാലം കൂടിയെത്തുമ്പോള്‍ ബൂത്തുകളിലെ അസൗകര്യങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നു. അകലക്കുന്നം പഞ്ചായത്തിലെ തച്ചിലങ്ങാട് മറ്റക്കര ഗവണ്‍മെന്റ് എല്‍.പി സ്‌ക്കൂളിലെ ബൂത്ത് നമ്പര്‍ 38 ലെ അസൗകര്യങ്ങളാണു വീണ്ടും പരാതിയായി ഉയരുന്നത്.
അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടി ബൂത്ത് പുന:ക്രമീകരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ബി.എല്‍.ഒ.മാര്‍ പലതവണ ഉന്നയിച്ചിട്ടും യാതൊരു നടപടിയും മുതിര്‍ന്ന ഉദ്യോഗസ്‌ഥന്‍ സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം.
വിവിധ പാര്‍ട്ടികളുടെ ബൂത്ത് ഏജന്റുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ കാര്യം നേരത്തെ ഉന്നയിച്ചതാണ്. ഒരു ബൂത്തിന് അത്യാവശ്യമായി ഉണ്ടായിരിക്കേണ്ട സൗകര്യങ്ങളായ, പോളിങ് സ്‌ഥലത്തേക്ക് എത്തിച്ചേരേണ്ട വഴി, വാഹന പാര്‍ക്കിങ്ങ് സൗകര്യം, വോട്ടര്‍ക്ക് കയറുന്നതിനും ഇറങ്ങുന്നതിനും ആവശ്യമായ വാതിലുകള്‍, മതിയായ ലൈറ്റ് സംവിധാനങ്ങള്‍ തുടങ്ങിയവ ഇവിടെ പരിമിതമാണ്.
ബൂത്തിലേക്ക് എത്തിച്ചേരാനുള്ള വഴിയുടെ അപര്യാപ്‌തത മൂലം മുതിര്‍ന്നവര്‍ക്കും കിടപ്പ് രോഗികള്‍ക്കും ശാരീരിക അസുഖങ്ങള്‍ അലട്ടുന്നവര്‍ക്കും ബൂത്തിലെത്തുക പ്രയാസമായിരിക്കും.
ഇവ പരിഗണിച്ചു പുതിയ ബൂത്ത് കണ്ട് പിടിക്കണമെന്നു നേരത്തെ തന്നെ ആവശ്യമുണ്ടായിട്ടും ബന്ധപ്പെട്ടവര്‍ അനങ്ങിയില്ല.
ഇവിടെ മേല്‍ ഓഫീസര്‍മാരില്‍ നിന്നും കൃത്യമായ വിവരങ്ങള്‍ യഥാസമയം ബി.എല്‍.ഒമാര്‍ക്ക് നല്‍കുന്നില്ല എന്നും പരാതിയുണ്ട്.
ബൂത്ത് നമ്പര്‍ 41 ഇതേ സ്‌ക്കുളിലെ കെട്ടിടത്തിലാണു പ്രവര്‍ത്തിക്കുന്നത്. ഇവിടെയും വാഹനങ്ങള്‍ എത്തിച്ചേരുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ട്.
വോട്ടര്‍മാര്‍ക്ക് വെയിലും മഴയും കൊള്ളാതെ വരി നില്‍ക്കുന്നതിനും ഇവിടെ പരിമിതികള്‍ നിരവധിയാണ്.
വോട്ടിങ്ങിനും വോട്ടര്‍മാര്‍ക്കുള്ള അടിസ്‌ഥാന സൗകര്യങ്ങള്‍ ലഭ്യമായ ബൂത്തുകള്‍ ഇനിയെങ്കിലും കണ്ടെത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥര്‍ തയ്യാറാകണമെന്ന് തദ്ദേശവാസികള്‍ അഭിപ്രായപ്പെട്ടു.




