
കോട്ടയം: കേരളത്തിലെ ജനങ്ങളുടെ വേദനയും ദുഃഖവും തിരിച്ചറിയുന്ന, സാധാരണക്കാരന്റെ കണ്ണുനീരൊപ്പുന്ന മാനുഷിക മുഖമുള്ള ഒരു ഭരണകൂടം യുഡിഎഫിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വരുമെന്ന് കോട്ടയം നിയോജക മണ്ഡലം യുഡിഎഫ് സ്‌ഥാനാര്‍ത്ഥി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍.
വിജയപുരം മണ്ഡലത്തില്‍ സംഘടിപ്പിച്ച ആവേശോജ്‌ജ്വലമായ സ്‌ഥാനാര്‍ത്ഥി പര്യടനത്തില്‍ വോട്ടര്‍മാരെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വട്ടമൂട് പാലത്തിന് സമീപത്ത് നിന്ന് ആരംഭിച്ച പര്യടനം ടി.സി. അരുണ്‍ ഉദ്‌ഘാടനം ചെയ്‌തു.
പി.എ. സലിം, കുഞ്ഞ് ഇല്ലംപള്ളി, മോഹന്‍ കെ. നായര്‍, നഗരസഭാ അധ്യക്ഷന്‍ എം.പി. സന്തോഷ്‌കുമാര്‍, ജോയി ചെട്ടിശേരി, ഗ്രേസി കരിമ്പനൂര്‍, ഷൈനി വര്‍ക്കി, മിഥുന്‍ ജി. തോമസ്, വി.ടി. സോമന്‍കുട്ടി, അബ്‌ദുള്‍ സലാം, എന്‍. ജയചന്ദ്രന്‍, സിബി ജോണ്‍, എസ്. രാജീവ്, സിസി ബോബി, റോയി ജോണ്‍ ഇടയത്തറ തുടങ്ങിയ നേതാക്കള്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.
പര്യടനം വാട്ടര്‍ സപ്ലൈ ജംഗ്‌ഷന്‍, ചായക്കടപ്പടി, ലക്ഷം വീട് കവല, കൊശമറ്റം കവല, കൊശമറ്റം കോളനി വഴി നീങ്ങി. ചീനിക്കുഴി, മോസ്‌കോ കവല, പൊന്‍പള്ളി പൊന്‍തീരം, ചെമ്പോല എന്നിവിടങ്ങളില്‍ സ്‌ഥാനാര്‍ത്ഥിയെ കാണാന്‍ സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെ വന്‍ ജനക്കൂട്ടമാണ് എത്തിയത്.
പള്ളിക്കുന്ന്, വട്ടവേലി, പാറേപ്പറമ്പ്, കളത്തിപ്പടി, നെടുംപുഞ്ച, വലിയപാറ, ജൂബിലി നഗര്‍ എന്നിവിടങ്ങളിലെ ആവേശകരമായ സ്വീകരണങ്ങള്‍ക്ക് ശേഷം വടവാതൂരില്‍ സമാപിച്ചു.
പര്യടനത്തിന് മുന്നോടിയായി രാവിലെ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ ഭവന സന്ദര്‍ശന വേളയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന് ഹൃദ്യമായ വരവേല്‍പ്പാണ് ലഭിച്ചത്.



