മഞ്ചേരി: പശ്ചിമേഷ്യന്‍ യുദ്ധം ടയര്‍ റീസോളിങ്്്് വ്യവസായത്തെയും പിടിമുറുക്കുന്നു. നിരവധി സ്ഥാപനങ്ങള്‍ക്ക് ഇതിനകം പൂട്ടു വീണു. ക്രൂഡോയില്‍ വിലയിലുണ്ടായ കുത്തനെയുള്ള വില വര്‍ധനവാണ് വ്യവസായത്തെ ഗുരുതര പ്രതിസന്ധിയിലേക്ക് നയിക്കുന്നത്. യുദ്ധത്തെ തുടര്‍ന്ന് അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും കൂനില്‍മേല്‍ കുരുവെന്ന പോലെ വ്യവസായത്തെ പിടിമുറുക്കുകയാണ്. ടയര്‍ റീസോളിങിന് ആവശ്യമായ ട്രെഡ് റബ്ബര്‍, സൊലൂഷന്, ക്യൂറിങ് ബാഗ് ഫ്ലാപ്, ട്യൂബ്സ്, എന്‍വലപ്പ് തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ വിലയില്‍ വന്‍ വര്‍ധനവും ലഭ്യതക്കുറവുമാണ് ഉള്ളത്. വ്യവസായത്തിന്റെ തകര്‍ച്ച സംസ്ഥാനത്തെ വലിയൊരു വിഭാഗം തൊഴിലാളികള്‍ ഉപജീവനമാര്‍ഗം ഇല്ലാതാക്കിയിട്ടുണ്ട്. അവശേഷിക്കുന്ന സ്ഥാപനങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. വ്യവസായത്തിന്റെ നിലനില്‍പ്പിനായി ഈ മാസം അഞ്ചു മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുത്താന്‍ ഇന്നലെ മഞ്ചേരിയില്‍ ചേര്‍ന്ന കെ.ടി.ആര്.എ. സംസ്ഥാന എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.
അസംസ്കൃത വസതുക്കളിലുണ്ടായ വിലക്കയറ്റം പൂര്‍ണ്ണമായും ഉപഭോക്താക്കളില്‍ ചുമത്താതെയുള്ള വര്‍ധനവാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്ന് ഭാരവാഹികള്‍ പറഞ്ഞു. റബ്ബറിന്റെയും അനുബന്ധ വസ്തുക്കളുടെയും നിരന്തര വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് ഈ മാസം 20ന് സംസ്ഥാനത്തെ മുഴുവന്‍ റീട്രെഡിംഗ് സ്ഥാപനങ്ങളും അടച്ചിടാനും യോഗം തീരുമാനിച്ചു. ടയര്‍ റിസോളിങ് വ്യവസായത്തെ അവശ്യ സര്‍വീസായി പ്രഖ്യാപിക്കണം, തൊഴിലാളികള്‍ക്കും സ്ഥാപന ഉടമകള്‍ക്കും സര്‍ക്കാര്‍ തലത്തില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കണം, പൊളൂഷന്‍ കണ്ട്രോള് ബോര്‍ഡിന്റെ മാനദണ്ഡങ്ങളില്‍ യുക്തിസഹമായ ഇളവുകള്‍ നല്‍കണം, വൈദ്യുതി ചാര്‍ജില്‍ ഇളവുകള്‍ വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ.പി. സക്കീര്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ വിഷയാവതരണം നടത്തി. സംസ്ഥാന സെക്രട്ടറി ടി.കെ. സുനില്‍ കൃഷ്ണന്, വൈസ് പ്രസിഡന്റ് മുഹമ്മദ് ചെര്‍പ്പുളശ്ശേരി, ജോ. സെക്രട്ടറിമാരായ അബു കണിമറ്റം, പോള്‍സണ്‍, ജില്ലാ സെക്രട്ടറിമാരായ ടി.കെ. പത്മനാഭന് (കണ്ണൂര്‍), എബി സ്റ്റീഫന്‍ (കോഴിക്കോട്), മുഖ്യ രക്ഷാധികാരി പി. ദാമോദരന്‍, ജില്ലാ പ്രസിഡന്റുമാരായ എം.എസ്. സോണി (പത്തനംതിട്ട), ബേബി നടക്കല്‍ (പാലക്കാട്), ആര്. വിനോദ് (കാസര്‍ഗോഡ്), തോമസ് വര്‍ഗീസ് (വയനാട്), അഷ്റഫ് താഹ (കോഴിക്കോട്) പ്രസംഗിച്ചു.



