ചങ്ങരംകുളം: പൊന്നാനി കോള്‍ മേഖലയിലെ കോള്‍ പടവുകളില്‍ ജലക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് നെല്‍കൃഷി വരള്‍ച്ച ഭീഷണിയില്‍. പരൂര്, തുരുത്തുമ്മല്‍, കാട്ടകാമ്പാല്‍ സൊസൈറ്റി പടവ് എന്നീ പടവുകളിലെ നൂറുകണക്കിന് ഏക്കര്‍ നെല്‍കൃഷിയാണ് വരള്‍ച്ച ഭീക്ഷണി നേരിടുന്നത്. വേനല്‍ മഴ കനിഞ്ഞില്ലെങ്കില്‍ കൃഷി പൂര്‍ണമായും നശിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. കോള്‍ മേഖലയുടെ ജല സ്രോതസായ നൂറടിത്തോട് പല ഭാഗങ്ങളിലും വെള്ളം വറ്റിയ അവസ്ഥയിലാണ്. ചില ഭാഗങ്ങളില്‍ ചെറിയ രീതിയില്‍ വെള്ളം കെട്ടിനില്‍ക്കുന്നുണ്ടെങ്കിലും നൂറടിത്തോടില്‍ ഉയര്‍ന്നു നില്ക്കുന്ന മണ് തിട്ടകള്‍ കാരണം വെള്ളം ഒഴുകാത്ത അവസ്ഥയിലാണ്. കോള്‍ മേഖലയില്‍ ബണ്ടുകളുടെയും പാലങ്ങളുടെയും നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള മണ്ണുകളുടെ അവശിഷ്ടങ്ങളാണ് തോടില്‍ പലഭാഗത്തും വെള്ളത്തിന്റെ ഒഴുക്കിനെ തടസപ്പെടുത്തുന്നത്. വേനല്‍ മഴ കനിഞ്ഞില്ലെങ്കില്‍ കൃഷി പൂര്‍ണമായും നശിക്കുമെന്നും തോടില്‍ കെട്ടിക്കിടക്കുന്ന മണ്ണുകള്‍ നീക്കം ചെയ്ുയന്നതിന് അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.



