
വടക്കഞ്ചേരി: അന്ത്യ അത്താഴത്തിന്റെ സ്മരണകളുമായി ക്രൈസ്തവര്‍ പെസഹാ വ്യാഴം ആചരിച്ചു. ഇന്ന് പീഡാനുഭവസ്മരണകളിലേക്കുള്ള പ്രവേശനം. ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷയും പെസഹാ തിരുക്കര്‍മങ്ങളും നടന്നു. വടക്കഞ്ചേരി ലൂര്‍ദ് മാതാ ഫൊറോന പള്ളിയില്‍ ശുശ്രൂഷകള്‍ക്ക് രൂപത പി.ആര്.ഒയും ഫൊറോന വികാരിയുമായ ഫാ: റെജി പെരുമ്പിള്ളില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് ദിവ്യബലിയും ദിവ്യകാരുണ്യ പ്രദക്ഷിണവും നടന്നു. ആരാധനയ്ക്ക് കുടുംബ യൂണിറ്റുകളും ഭക്തസംഘടനകളും നേതൃത്വം നല്കി. രാത്രി പൊതു ആരാധനക്ക് ശേഷം വീടുകളില്‍ അപ്പം മുറിക്കല്‍ ശുശ്രൂഷ നടന്നു.
ഇന്ന് രാവിലെ ഏഴിന് ആരാധന, പീഡാനുഭവ തിരുക്കര്‍മ്മങ്ങള്‍, രൂപം ചായ്ക്കല്‍ ശുശ്രൂഷ എന്നിവ നടക്കും. വൈകീട്ട് 4.30ന് നഗരി കാണിക്കല്‍, ടൗണ്‍ ചുറ്റി പരിഹാര പ്രദക്ഷിണം, പീഡാനുഭവ സന്ദേശം എന്നിവ ഉണ്ടാകും. നാളെ രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന, ജ്ഞാനസ്നാന വ്രതനവീകരണം, വെള്ളം, തിരി വെഞ്ചരിപ്പ് എന്നിവ നടക്കും. ഞായറാഴ്ച പുലര്‍ച്ചെ ഉയര്‍പ്പ്. 11ന് ഈസ്റ്റര്‍ തിരുക്കര്‍മങ്ങള്‍, വിശുദ്ധ കുര്‍ബാന എന്നിവ നടക്കും. രാവിലെ 6.30നും 7.45നും വിശുദ്ധ കുര്‍ബാന ഉണ്ടാകും.
കോങ്ങാട്: പെസഹാ ആചരണത്തിന്റെ ഭാഗമായി മുവാറ്റുപുഴ രൂപതയിലെ കാല്‍കഴുകല്‍ ശുശ്രൂഷ കോങ്ങാട് സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളിയില്‍ നടന്നു. മലങ്കര കത്തോലിക്കാ സഭയുടെ പാരമ്പര്യമനുസരിച്ച് രൂപതാദ്ധ്യക്ഷന്മാര്ക്ക് മാത്രമാണ് കാല്‍കഴുകല്‍ ശുശ്രൂഷ നടത്തുവാന്‍ സാധിക്കുകയുള്ളൂ. ഈ വര്‍ഷത്തെ വിശുദ്ധവാര ശുശ്രൂഷകള്‍ക്കായി മുവാറ്റുപുഴ രൂപതാദ്ധ്യക്ഷന് ഡോ. യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് മെത്രാപ്പോലീത്ത പാലക്കാട് ജില്ലയിലെ വിവിധ ദേവാലയങ്ങള്‍ തെരഞ്ഞെടുത്തതിന്റെ ഭാഗമായി കോങ്ങാട് സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളിയിലാണ് പെസഹായുടെ കാല് കഴുകല്‍ ശുശ്രൂഷ നടത്തിയത്. യേശുവിന്റെ അന്ത്യഅത്താഴത്തിന്റെ സ്മരണകള്‍ ഉയര്‍ത്തി പാലക്കാട് ജില്ലയിലെ എല്ലാ മലങ്കര കത്തോലിക്കാ ദേവാലയങ്ങളില്‍ നിന്നും പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട 12 പേരുടെ കാലുകള്‍ കഴുകുകയും വിശുദ്ധ കുര്‍ബ്ബാനക്ക് നേതൃത്വം നല്‍കുകയും ചെയ്തു. ഡിസ്ട്രിക്ട് വികാരി ചെറിയാന് ചെന്നിക്കര ഉള്‍പ്പെടെ രൂപതയിലെ നിരവധി വൈദികര്‍ ഈ ചടങ്ങില്‍ സഹകാര്‍മ്മികത്വം വഹിച്ചു.

