ഷൊര്‍ണൂരിലെ ഇത്തവണത്തെ പോരാട്ടത്തിന് ഒരു പ്രത്യേകതയുണ്ട്. സൗമ്യമായ പെരുമാറ്റം കൊണ്ട് എതിരാളികളുടെ പോലും ആദരവ് പിടിച്ചു പറ്റുന്ന നേതാക്കളാണ് മൂന്ന് മുന്നണികള്‍ക്കു വേണ്ടിയും കളത്തിലുള്ളത്. സിറ്റിങ്ങ് എം.എല്‍.എയും ജില്ലയിലെ തലമുതിര്‍ന്ന സി.പി.എം നേതാക്കളിലൊരാളുമായ പി. മമ്മിക്കുട്ടി വീണ്ടും എല്‍.ഡി.എഫ് സ്‌ഥാനാര്‍ഥിയായി എത്തുന്നു.
കെ.പി.സി.സി സെക്രട്ടറിയും അധ്യാപകസംഘടനയായ ഐ.പി.ടി.എഫിന്റെ സീനിയര്‍ വൈസ്‌പ്രസിഡന്റുമായ പി. ഹരിഗോവിന്ദനാണ് യു.ഡി.എഫ് സ്‌ഥാനാര്‍ഥി. ചാനല്‍ ചര്‍ച്ചകളില്‍ സംഘ്‌പരിവാര്‍ വാദങ്ങള്‍ സൗമ്യവും ശക്‌തവുമായി ഉന്നയിച്ചുകൊണ്ട് ശ്രദ്ധേയനായി മാറിയ ശങ്കു ടി. ദാസിനെയാണ് എന്‍.ഡി.എ അവതരിപ്പിക്കുന്നത്. ശക്‌തമായ ത്രികോണ പോരാട്ടത്തിനാണ് മണ്ഡലം സാക്ഷ്യം വഹിക്കുന്നത്.
എല്‍.ഡി.എഫിന് വ്യക്‌തമായ മേല്‍ക്കയ്യുള്ള മണ്ഡലമാണ് ഷൊര്‍ണൂരെന്ന് സംശയമില്ലാതെ പറയാം. പഴയ ശ്രീകൃഷ്‌ണപുരം, ഒറ്റപ്പാലം, പട്ടാമ്പി നിയമസഭാ മണ്ഡലങ്ങളിലെ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി 2011ല്‍ രൂപീകരിച്ച മണ്ഡലത്തില്‍ ഇടതുമുന്നണി സ്‌ഥാനാര്‍ഥികള്‍ മാത്രമേ ജയിച്ചിട്ടുള്ളൂ. 2021ല്‍ മുപ്പത്തി ആറായിരത്തിലധികം വോട്ടിനായിരുന്നു പി. മമ്മിക്കുട്ടിയുടെ വിജയം. അദ്ദേഹം 74,400 വോട്ടും യു.ഡി.എഫ് സ്‌ഥാനാര്‍ഥിയായിരുന്ന ടി.എച്ച്. ഫിറോസ് ബാബു 37,726 വോട്ടും നേടി. എന്‍.ഡി.എ സ്‌ഥാനാര്‍ഥിയായിരുന്ന സന്ദീപ് വാര്യര്‍ 36,973 വോട്ട് നേടി യു.ഡി.എഫിന് തൊട്ടു പിറകിലെത്തിയത് വലിയ ചര്‍ച്ചയായിരുന്നു.
സിറ്റിങ് എം.എല്‍.എ മത്സരിക്കുന്നതും മണ്ഡലത്തിലുടനീളം സി.പി.എമ്മിനുള്ള ശക്‌തമായ സംഘടനാ സംവിധാനവും എല്‍.ഡി.എഫിന് ആത്മവിശ്വാസം പകരുന്ന ഘടകങ്ങളാണ്. പി.കെ. ശശി ഫാക്‌ടറാണ് ഷൊര്‍ണൂരില്‍ രാഷ്‌ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. തൊട്ടടുത്ത മണ്ഡലമായ ഒറ്റപ്പാലത്ത് യു.ഡി.എഫ് ടിക്കറ്റില്‍ ജനവിധി തേടുന്ന പി.കെ. ശശി അഞ്ചു വര്‍ഷം ഷൊര്‍ണൂര്‍ എം.എല്‍.എ ആയിരുന്നു. അദ്ദേഹത്തിന് മണ്ഡലത്തില്‍ വിപുലമായ വ്യക്‌തിബന്ധങ്ങളുണ്ട്. അതെല്ലാം വോട്ടായാല്‍ ഇക്കുറി ചെങ്കോട്ടയില്‍ അത്ഭുതം ഉണ്ടാക്കാനാവുമെന്ന് യു.ഡി.എഫ് കണക്കുകൂട്ടുന്നു. എന്‍.ഡി.എ ക്യാമ്പും പ്രതീക്ഷയിലാണ്. പാലക്കാട്, മലമ്പുഴ മണ്ഡലങ്ങള്‍ കഴിഞ്ഞാല്‍ സംഘ്‌പരിവാര്‍, ജില്ലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇവിടെയാണ്.
സി.ആര്‍. ദിനേശ്
ഷൊര്‍ണൂര്‍:


