പാലക്കാട്: ഇടതുപക്ഷത്തിന്റെ വികസനപദ്ധതികള്‍ ആദിവാസി-ദലിത് വിഭാഗങ്ങളെയും പാര്ശ്വവല്കൃതവിഭാഗങ്ങളെയും അവഗണിക്കുന്നതാണെന്നും ഈ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും വ്യക്തമാക്കി അംബേദ്ക് റൈറ്റ് ഡെമോക്രാറ്റിക് ഫ്രണ്ട് (എ.ഡി.എഫ്). 65 ഓളം വരുന്ന എസ്.സി, എസ്.ടി സംഘടനകളുടെ സംയുക്തവേദിയാണ് എ.ഡി.എഫ്. ഇടതുപക്ഷ തുടര്‍ഭരണം പാര്‍ശ്വവല്‍കൃതരുടെ നിലനില്പ് അപകടത്തിലാക്കുമെന്നതാണ് സംഘടനകളുടെ പൊതുവികാരമെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനുള്ളില്‍ എസ്.സി-എസ്.ടി ഫണ്ടില്‍ 7411 കോടി പാഴാക്കി. വിദ്യാഭ്യാസമേഖലയാണ് ഇതുവഴി തകര്‍ക്കപ്പെട്ടത്. വിദ്യാഭ്യാസത്തിന് സംസ്ഥാന സര്‍ക്കാരിന് കൈമാറുന്ന തുകയുടെ 50ശതമാനം മാത്രമെ ഏഴ് വര്‍ഷക്കാലമായി ചെലവഴിക്കുന്നുള്ളു. ഇ-ഗ്രാന്റുകള്‍ കൃത്യസമയത്ത് നല്കാത്തതിനാല് 150-ഓളം എസ്.സി-എസ്.ടി വിദ്യാര്‍ഥികള്‍ പഠനം അവസാനിപ്പിച്ചു. ഭീമമായ തുക പാഴാക്കുമ്പോള്‍ തുച്ഛമായ നിരക്കില്‍ വിദ്യാര്‍ഥികള്‍ക്ക് നല്കുന്ന അക്കാദമിക് അലവന്‍സുകള്‍ (സ്റ്റൈപെന്റ്, ഹോസ്റ്റല്‍ ഫീസ്, പോക്കറ്റ് മണി എന്നിവ) വര്‍ധിപ്പിച്ചില്ല.
വര്‍ഷത്തില്‍ ഒരിക്കല്‍ നല്കുന്ന ലംപ്സംഗ്രാന്റ് 10 ശതമാനം മാത്രം വര്‍ധിപ്പിച്ചു. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നല്കിവന്നിരുന്ന എല്ലാ ഗ്രാന്റുകളും അട്ടിമറിച്ചതായി സി.എ.ജി. റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. കോളനി എന്ന പേര് മാറ്റി ഉന്നതി എന്നാക്കിയതല്ലാതെ കേന്ദ്രസര്‍ക്കാര്‍ ഭൂരഹിതര്‍ക്ക് നല്കാന് കൈമാറിയ ഭൂമിപോലും (19,000 ഏക്കര്‍) വിതരണം ചെയ്തിട്ടില്ലെന്നും. ലൈഫ് ഭവനപദ്ധതിയില്‍ ഗുണഭോക്താക്കള്‍ അവഗണിക്കപ്പെടുന്നുവെന്നും കുറ്റപ്പെടുത്തി.
തരൂര്‍ നിയമസഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.സി. സുബ്രഹ്മണ്യന് അരികുവല്ക്കരിക്കപെട്ടവരുടെ ഭൂഅവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നയാളാണെന്നും സംഘടന നേതാക്കള്‍ വിലയിരുത്തി. പത്രസമ്മേളനത്തില്‍ അംബേദ്കറൈറ്റ് ഡമോക്രാറ്റിക് ഫ്രണ്ട് ജനറല്‍ കണ്‍വീനര്‍ എം. ഗീതാനന്ദന്, ആദിവാസി ദലിത് മുന്നേറ്റ സമിതി പ്രസിഡന്റ് ശ്രീരാമന് കൊയ്യോന്‍, ഏകതാ പരിഷത്ത് പ്രതിനിധി അനില്‍കുമാര്‍ പി.വൈ., ആനുപാതിക പ്രാതിനിധ്യ പ്രക്ഷോഭ സമിതി പ്രതിനിധി തൃത്താല രാജന് എന്നിവര്‍ പങ്കെടുത്തു.


