
ആലത്തൂര്‍:ആരവങ്ങളും ആര്‍പ്പുവിളികളുമായി പൊലിമയോടെ പുതിയങ്കം,കാട്ടുശ്ശേരി വേല ആഘോഷിച്ചു. പുതുക്കുളങ്ങരക്കാവിലും പുതിയങ്കം വേട്ടക്കരുമന്‍ ക്ഷേത്രത്തിലും കാട്ടുശ്ശേരി തൃക്കണാദേവന്‍ ക്ഷേത്രത്തിലും വിശേഷാല്‍ പൂജകളോടെ ഉത്സവ ചടങ്ങുകള്‍ക്ക് തുടക്കമായി.
മന്ദില് ഉച്ചയീട് മുഴക്കി. ഉച്ചയ്ക്ക് പുതിയങ്കം വേട്ടക്കരുമന്‍ ക്ഷേത്രത്തില്‍ കേളിക്കുശേഷം ആല്‍ത്തറ മന്ദില് നിന്ന് തിടമ്പ് കയറ്റി വേട്ടക്കരുമന്‍ കാവിലേക്ക് പുറപ്പെട്ടു. വേട്ടക്കരുമന്‍ കാവില്‍ പഞ്ചവാദ്യം നടന്നു. ഏഴാനകള്‍ അണിനിരന്ന എഴുന്നള്ളത്ത് പുറപ്പെട്ട് പഞ്ചവാദ്യത്തോടെ പുതിയങ്കം തറചുറ്റി വേലക്കണ്ടത്തില്‍ എത്തി. പാണ്ടിമേളം തുടങ്ങി ചപ്പലാനയെ എഴുന്നള്ളിച്ചു. എഴുന്നള്ളത്ത് കാവുകയറി വെടിക്കെട്ടോടെ പകല്‍വേല സമാപിച്ചു.
കാട്ടുശ്ശേരി ദേശം തൃക്കണാദേവന്‍ ക്ഷേത്രാങ്കണത്തില്‍ കേളിപ്പറ്റ്, കുഴല്‍പറ്റ് എന്നിവയ്ക്ക് ശേഷം പഞ്ചവാദ്യം തുടങ്ങി. ഏഴ് ആനകളോടെ എഴുന്നള്ളത്ത് ആനപ്പന്തലില്‍ എത്തി. ചപ്പലാനയെ എഴുന്നള്ളിച്ചു. വെടിക്കെട്ടിനുശേഷം എഴുന്നള്ളത്ത് തൃക്കണാദേവന്‍ ക്ഷേത്രത്തില്‍ തിരിച്ചെത്തി തിടമ്പിറക്കി പകല്‍ വേല സമാപിച്ചു. പുതിയങ്കം, കാട്ടുശ്ശേരി മന്ദുകളില്‍ രാത്രി തായമ്പക, കേളി,കുഴല്‍പറ്റ്,പഞ്ചവാദ്യം എന്നിവ ഉണ്ടായി.ശേഷം എഴുന്നള്ളത്തുകള്‍ പുതുക്കുളങ്ങര കാവിലേക്ക് പുറപ്പെട്ടു.
പുലര്‍ച്ചെ പറവേലയും ചപ്പലാന എഴുന്നള്ളത്തും കാവ് കയറി ദേശങ്ങളുടെ ക്ഷേത്രപ്രദക്ഷിണവും കൂട്ടി എഴുന്നള്ളത്തും നടക്കും. പുലര്‍ച്ചെ വെടിക്കെട്ടുണ്ടായി. പൊട്ടിവേല ദേശമന്ദുകളില് തിരിച്ചെത്തി തിടമ്പിറക്കി സമാപിക്കും.

