വടക്കഞ്ചേരി: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് പ്രതിസന്ധിയിലായ കര്‍ഷകരെ വീണ്ടും ബുദ്ധിമ്മുട്ടിച്ച് മില്ലുടമകള്‍. ഗുണമേന്മയുള്ള നെല്ലിന് പോലും നാല് ശതമാനം വരെ തൂക്കം കുറയ്്ക്കണമെന്നാവശ്യപ്പെട്ട് മില്ലുടമകളും അവരുടെ ഏജന്റുമാരും നിര്‍ബ്ബന്ധം പിടിക്കുകയാണെന്ന് കര്‍ഷകര്‍ ആരോപിുന്നു.
ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്ന ഏജന്റുമാരാണ് നിബന്ധന മുന്നോട്ട് വയ്ക്കുന്നത്. സപ്ലൈ കോ പരിശോധനയില്‍, ഗുണനിലവാരം ഉറപ്പാക്കിയ നെല്ലിനും തൂക്കം കുറയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും ഒത്തുകളിയാണ് നടക്കുന്നത് എന്നുമാണ് ആരോപണം.
കിഴക്കഞ്ചേരി കോരഞ്ചിറ പാടശേഖരത്തില്‍ ജനുവരി 25നാണ് കൊയ്ത്ത് പൂര്‍ത്തിയായത്. നെല്ല് ഉണക്കി, ചാക്കുകളിലാക്കി പാടങ്ങളിലും വീടുകളിലും സൂക്ഷിച്ചിരിക്കുകയാണ്. ഇതിനിടെ സപ്ലൈകോ രണ്ട് തവണ നടത്തിയ പരിശോധനയില്‍ നെല്ല് ഗുണമേന്മയുള്ളതാണെന്ന് സാക്ഷ്യപ്പെടുത്തി. അതിനു ശേഷം, നാല് ശതമാനം തൂക്കം കുറയ്ക്കണമെന്ന നിലപാടില്‍ മില്ല് ഏജന്റുമാര്‍ ഉറച്ചു നില്‍ക്കുന്നത് കര്‍ഷകരെ പ്രകോപിപ്പിച്ചു. മുന്‍വര്‍ഷങ്ങളില്‍ ഇത്തരത്തിലുള്ള തൂക്കം കുറയ്ക്കല്‍ ഉണ്ടായിട്ടില്ലെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. നെല്ലുസംഭരണം മനപ്പൂര്‍വം വൈകിപ്പിച്ച്, തൂക്കം കുറയ്ക്കാന്‍ സമ്മതിപ്പിക്കുകയാണ് ലക്ഷ്യമെന്നാണ് അവരുടെ പരാതി.
പല കര്‍ഷകരും പാടത്തുമായാണ് നെല്ല് സൂക്ഷിക്കുന്നത്. മഴ പെയ്താല്‍ ഈര്‍പ്പം തട്ടി നെല്ല് മുളയ്ക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ഭൂരിഭാഗം കര്‍ഷകര്‍ക്കും മതിയായ സംഭരണ സൗകര്യങ്ങളില്ല. വായ്പയെടുത്താണ് കൃഷിയിറക്കിയതെന്നും തിരിച്ചടവ് തെറ്റിയാല്‍ കടക്കെണിയിലാകുമെന്നും കര്‍ഷകര്‍ പറയുന്നു. സംഭരണം അനിശ്ചിതമായി നീളുന്ന സാഹചര്യത്തില്‍ നാല്പതോളം കര്‍ഷകര്‍ കുറഞ്ഞ വിലയ്ക്ക്, പൊതുവിപണിയില്‍ നെല്ല് വില്ക്കാന് നിര്‍ബ്ബന്ധിതരായി. വിഷയത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കിഴക്കഞ്ചേരി കൃഷി ഓഫീസറോട് നിര്‍ദേശം നല്‍കിയതായി സപ്ലൈ കോ അധികൃതര്‍ അറിയിച്ചു.


