പഴഞ്ഞി :കെട്ടിട ഉടമ മാര്‍ക്കറ്റ് നിര്‍ത്തിയതോടെ കേരളത്തിലെ പ്രശസ്തമായ പഴഞ്ഞി അടയ്ക്കാ മാര്‍ക്കറ്റ് അടച്ചു പൂട്ടി. മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം ഏപ്രില്‍ ഒന്നു മുതല്‍ അവസാനിപ്പിച്ചു.
മാര്‍ക്കറ്റ് നിലനിര്‍ത്തുമെന്ന കാട്ടകാമ്പാല്‍ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ഉറപ്പ് നടപ്പിലായില്ല. ഏകദേശം 75 വര്‍ഷം പഴക്കമുള്ള മാര്‍ക്കറ്റാണ് അടച്ചു പൂട്ടിയത്. കേരളത്തില്‍ പരമ്പരാഗത രീതിയില്‍ കച്ചവടം നടന്നു വന്നിരുന്ന അപൂര്‍വ്വം അടക്കാ മാര്‍ക്കറ്റുകളില്‍ ഒന്നായിരുന്നു പഴഞ്ഞി അടക്കാ മാര്‍ക്കറ്റ്. ഈ അടയ്ക്ക മാര്‍ക്കറ്റില്‍ തമിഴ്നാട്ടില്‍ നിന്നു പോലും അടയ്ക്കാ വാങ്ങുന്നതിന് കച്ചവടക്കാര്‍ എത്തിയിരുന്നു. ഗവണ്മെന്റ് സ്ഥാപനമായ കാംകോ ,സ്വകാര്യ അടക്കാ കച്ചവടക്കാര്‍ എന്നി ഈ മാര്‍ക്കറ്റിനെയാണ് ആശ്രയിച്ചിരുന്നത്. ഈ മാര്‍ക്കറ്റിലെത്തുന്ന കര്‍ഷകരില്‍ നിന്നും നേരിട്ട് വാങ്ങിയാണ് പ്രമുഖ അടക്കാ ബിസിനസ്സുകാര്‍ പഴഞ്ഞിയില്‍ അടയ്ക്ക വ്യാപാരം നടത്തി വന്നിരുന്നത്.
പഴയ കാലഘട്ടത്തില്‍ പുലര്‍ച്ചെയായിരുന്നു അടയ്ക്ക വ്യാപാരം നടന്നിരുന്നത്. തലേദിവസം തന്നെ കാള വണ്ടികളിലും , സൈക്കിള്‍, ഉന്ത് വണ്ടി എന്നിവയിലായാണ് മറ്റ് സ്ഥലങ്ങളില്‍ നിന്ന് ആയിരകണക്കിന് തുലാന് അടയ്ക്ക മാര്‍ക്കറ്റില്‍ എത്തിയിരുന്നത്. 45 ചുമട്ടുതൊഴിലാളികള്‍ അടയ്ക്ക മാര്‍ക്കറ്റില്‍ മാത്രം പണിയെടുത്തിരുന്നു. അനേകം കര്‍ഷക കുടുംബങ്ങളും ജനവിഭാഗങ്ങളും ഈ അടയ്ക്ക മാര്‍ക്കറ്റിന് ചുറ്റിപറ്റിയാണ് ഉപജീവനം നടത്തിയിരുന്നത്. പിന്നീട് പരിസര പ്രദേശങ്ങളില്‍ ആധുനിക രീതിയിലുള്ള അടയ്ക്ക മാര്‍ക്കറ്റുകള്‍ വരികയും പഴഞ്ഞിയിലേക്കുള്ള അടയ്ക്ക വരവ് കുറയുകയും ചെയ്തതോടെ പല വ്യാപാരികളും ബിസിനസ്സ് നിറുത്തി.
ഇപ്പോഴത്തെ കെട്ടിട ഉടമ കോട്ടോല്‍ ചേറു ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ ഈ വര്‍ഷം മുതല്‍ പഞ്ചായത്ത് ലൈസന്‍സ് പുതുക്കിയില്ല .തുടര്‍ന്നാണ് കാട്ടകാമ്പാല്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ജയശങ്കറിന്റെ നേതൃത്യത്തില്‍ വിപുലമായ യോഗം വിളിച്ച് മാര്‍ക്കറ്റ് നിലനിര്‍ത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു. വളരെ ജനാധിപത്യ രീതിയില്‍ മറ്റ് കച്ചവടക്കാര്‍ക്ക് സ്വതന്ത്രമായി ഇടപെടാന്‍ കഴിയുന്ന വിധത്തിലാണ് ചേറു അടക്കാമാര്‍ക്കറ്റ് നടത്തി കൊണ്ടിരുന്നത് . ഇത്രയും കാലം അടയ്ക്ക മാര്‍ക്കറ്റിന് എല്ലാ പിന്തുണയും നല്കിയവരോട് ചേറു നന്ദി പറഞ്ഞു . പഴയ മാര്‍ക്കറ്റ് അടച്ചതോടെ ഇപ്പോഴത്തെ അടയ്ക്ക മാര്‍ക്കറ്റിന്റെ നൂറ് മീറ്റര്‍ അകലെയായി പഴയ കാലത്തെ പഴുക്ക അടയ്ക്ക മാര്‍ക്കറ്റില്‍ വിഷുവിന് ശേഷം കൊട്ടടക്കമാര്ക്കറ്റ് പ്രവര്‍ത്തനം ആരംഭിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇപ്പോഴത്തെ അടയ്ക്ക വ്യാപാരിയായ ശാമുവിന്റെ ഉടമസ്ഥതയിലുള്ളതാണ് പുതിയ അടയ്ക്ക മാര്‍ക്കറ്റ് കെട്ടിടം ഈ മാര്‍ക്കറ്റില്‍ പഴയതുപോലെ മറ്റു കച്ചവടക്കാര്‍ വന്ന് കര്‍ഷകരുടെ അടക്ക ലേലം വിളിച്ചെടുത്ത് വ്യാപാരം നടക്കുമോയെന്ന് വ്യക്തമല്ല.



