
ഇരിങ്ങാലക്കുട : അന്ത്യത്താഴത്തിന്റെ ഓര്മ പുതുക്കി പെസഹ ആചരിച്ചു. സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയില്‍ നടന്ന കാല്‍കഴുകല്‍ ശുശ്രൂഷയ്ക്കും തിരുകര്‍മങ്ങള്‍ക്കും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
കത്തീഡ്രല്‍ വികാരി ഫാ. ഡോ. ലാസര്‍ കുറ്റിക്കാടന്‍, ബിഷപ്സ് സെക്രട്ടറി ഫാ. ബെല്‍ഫിന്‍ കോപ്പുള്ളി, അസിസ്റ്റന്റ് വികാരിമാരായ ഫാ. ലിന്റോ കാരേക്കാടന്‍, ഫാ. ക്രിസേ്റ്റാണ് കൈനാടത്തുപറമ്പില്‍, ഫാ. ജസ്റ്റിന് കളര്‍പാറ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഇന്ന് രാവിലെ ഏഴിന് പീഢാനുഭവശുശ്രൂഷ. ഉച്ചതിരിഞ്ഞ് മൂന്നിന് പീഢാനുഭവസന്ദേശം, നഗരികാണിക്കല്‍ എന്നിവ നടക്കും. നാളെ രാവിലെ 6.30 ന് ജ്ഞാനസ്നാന വ്രത നവീകരണം, ദിവ്യബലി, രാത്രി 11.30 ന് ഉയിര്‍പ്പിന്റെ തിരുകര്‍മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് ദിവ്യബലി. രാവിലെ ആറിനും 7.30 നും ഒമ്പതിനും കത്തീഡ്രലില്‍ ദിവ്യബലി, 6.30 നും എട്ടിനും നിത്യാരാധന കേന്ദ്രത്തില്‍ ദിവ്യബലി.
വലപ്പാട്; വലപ്പാട് സെയിന്റ് സെബാസ്റ്റ്യന്‍സ് ദൈവാലയം വിശുദ്ധ കുര്‍ബ്ബാനയുടെയും തിരുപ്പട്ടത്തിന്റെയും സ്ഥാപനദിനവും, വിനയത്തിന്റെയും എളിമയുടെയും ഓര്‍മ്മപ്പെടുത്തലുമായ പെസഹാവ്യാഴം ആചരിച്ചു.
ഇടവക വികാരി റവ. ഫാ. ജെന്‍സ് തട്ടില്‍ പെസഹാ തിരുക്കര്‍മ്മങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ചു. വിശുദ്ധ കുര്ബ്ബാനയോടെനുബംന്ധിച്ചുള്ള ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് ശേഷം രാവിലെ 9 മണി മുതല്‍ രാത്രി 7 മണി വരെ കുടുംബകൂട്ടായ്മകളുടേയും സംഘടനാകളുടെയും നേതൃത്വത്തില്‍ ആരാധന നടന്നു. രാത്രി 7 മണിക്കുള്ള പൊതു ആരാധനക്ക് ശേഷം അപ്പം മുറിക്കല്‍ ശുശ്രൂഷയും ഉണ്ടായിരിക്കും. തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. ഇടവക വികാരി റവ. ഫാ. ജെന്‍സ് തട്ടിലിനോടൊപ്പം കൈക്കാരന്മാരായ ജോണ്സണ് അചജ, ഡെന്‍സന്‍ ഇഎ, ജിജോ ജോസ് എന്നിവര്‍ നേതൃത്വം നല്കി.
അരിമ്പൂര്‍: എറവ് സെന്റ് തെരേസാസ് കപ്പല്‍ പള്ളിയില്‍ വിശുദ്ധ വാരാചരണത്തിന്റെ ഭാഗമായി ഇടവകയിലെ ജാതി മത ഭേദമന്യേ പാവപ്പെട്ടവര്‍ക്ക് മുക്കാല്‍ ലക്ഷം രൂപയുടെ പലവ്യഞ്ജനക്കിറ്റുകളും അനാഥലയങ്ങളിലേക്ക് സ്നേഹത്തിന്റെ ആയിരം പൊതിച്ചോറുകളുടെ സമര്‍പ്പണവും നടത്തി. വിന്‍സെന്റ് ഡി പോള്‍ സംഘടനയുടെ നേതൃത്വത്തില്‍ ഒരു പല വ്യഞ്ജനക്കിറ്റിന് 750 രൂപ വീതം വില വരുന്ന നൂറ് കിറ്റുകളാണ് മുക്കാല്‍ ലക്ഷം രൂപ ചെലവഴിച്ച് വിതരണം ചെയ്തത്.ഇടവകയിലെ വീടുകളില്‍ നിന്ന് കെസിവൈഎം ശേഖരിച്ച ആയിരത്തോളം സ്നേഹത്തിന്റെ പൊതിച്ചോറുകളാണ് അഞ്ച് അനാഥലയങ്ങളില്‍ നോമ്പ് കാല ഞായറാഴ്ചകളില്‍ സമര്‍പ്പിച്ചു.
പുല്ലഴി സെന്റ് ജോസഫ് ഭവന്, ക്രിസ്റ്റീനാ ഹോം, അടാട്ട് ബ്ലെസ്സഡ് മറിയം ത്രേസ്യ സദന് ഓള്‍ഡ് ഏജ് ഹോം, സെന്റ് ആന്‍സ് വെസ്റ്റ് ഫോര്‍ട്ട്, വടൂക്കര സ്നേഹാരം എന്നിവടങ്ങളിലാണ് സ്നേഹത്തിന്റെ പൊതിച്ചോറുകള്‍ സമര്‍പ്പിച്ചത്. പെസഹാ ദിനമായ രാവിലെ കുര്‍ബാനയും ദിവ്യകാരുണ്യ പ്രദക്ഷിണവും നടന്നു. തുടര്‍ന്ന് ഇടവകയിലെ 26 കുടുംബ യൂണിറ്റുകള്‍ , വിവിധ ഭക്തസംഘടനകള്‍ എന്നിവരുടെ നേതൃത്വത്തില്‍ പകല്‍ മുഴുവന്‍ ദിവ്യകാരുണ്യ ആരാധനയായിരുന്നു. വൈകിട്ട് 26 യുണിറ്റുകളില്‍ നിന്നുള്ള കുരിശിന്റെ വഴി സമാപിച്ച ശേഷം പൊതു ആരാധന നടത്തി. തുടര്‍ന്ന് അപ്പം മുറിയ്ക്കല്‍ ശുശ്രൂഷ നടത്തി.
കപ്പല്‍പ്പള്ളിയിലെ ദുഃഖവെള്ളിയാഴ്ച്ചയിലെ തിരുക്കര്‍മങ്ങള്‍ രാവിലെ 7 ന് ആരംഭിക്കും. വികാരി ഫാ. ഡോ. റോയ് ജോസഫ് വടക്കന്‍, തമിഴ്നാട് ഈറോഡ് കാര്‍മ്മല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ആന്സന് പാണേങ്ങാടന്, സഹവികാരി ഫാ. റിജോ മാഞ്ഞൂരാന് എന്നിവര്‍ കാര്‍മികരാകും. ഉച്ചതിരിഞ്ഞ് 4 ന് പരിഹാര പ്രദക്ഷണം നടക്കും. തുടര്‍ന്ന് പീഡാനുഭവ സന്ദേശം. നാളെ രാവിലെ 7 ന് വിശുദ്ധ കുര്‍ബാന, മാമോദീസ വൃത നവീകരണം. ഈസ്റ്റര്‍ ദിനമായ ഞായറാഴ്ച്ച പുലര്‍ച്ചെ 2.30 ന് ഉയിര്‍പ്പിന്റെ തിരുക്കര്‍മ്മങ്ങള്‍. ആഘോഷമായ ദിവ്യബലി , തുടര്‍ന്ന് നോമ്പ് വീടല്‍. രാവിലെ 7 ന് വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും.
കണ്ടശ്ശാംകടവ്: അന്ത്യഅത്താഴത്തിന്റെ ഓര്‍മ്മ പുതുക്കി കണ്ടശാംകടവ് സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ പെസഹ വ്യാഴം ആചരിച്ചു.രാവിലെ നടന്ന തിരുകര്‍മ്മങ്ങള്‍ക്ക് വികാരി ഫാ. റാഫേല്‍ ആക്കാമറ്റത്തില്‍ , സഹവികാരി ഫാ. ഇലോയ് ചിറമ്മല്‍ , ഫാ. ഷോണ്‍സണ്‍ ആക്കാമറ്റത്തില്എന്നിവര് കാര്‍മ്മീകരായി.
ക്രിസ്തുദേവന് തന്റെ കുരിശു മരണത്തിന് മുമ്പ് 12 ശിഷ്യന്മാര്ക്കൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെ ഓര്‍മ്മയിലാണ് ക്രൈസ്തവര്‍ പെസഹ ആചരിക്കുന്നത്. അന്ത്യ അത്താഴത്തിന് മുമ്പ് യേശു ശിഷ്യന്മാരുടെ പാദം കഴുകിയതിന്റെ ഓര്‍മ്മപുതുക്കി കാല്‍കഴുകല്‍ ശുശ്രൂഷയും ,പെസഹ ആചരിക്കുന്നതിന്റെഭാഗമായുള്ള അപ്പം മുറിക്കല്‍ ശുശ്രൂഷയും ഉണ്ടായി.
അന്തിക്കാട്: താന്ന്യം സെന്റ് പീറ്റേഴ്സ് ദേവാലയത്തില്‍ പെസഹ തിരുനാള്‍ ആഘോഷിച്ചു.
രാവിലെ നടന്ന ദിവ്യബലിയില്‍ കാല് കഴുകല്‍ ശുശ്രൂഷ നടന്നു. ഫാ. സ്റ്റീഫന്‍ അറക്കല്‍ മുഖ്യ കാര്‍മികനായി. വൈകീട്ട് 8 മണി വരെ നിത്യരാധനയും തുടര്‍ന്ന് പെസഹ അപ്പം മുറിക്കലും ഉണ്ടായിരുന്നു. ദുഃഖവെള്ളി ദിനത്തില്‍ രാവിലെ 7 ന് തിരുകര്‍മങ്ങള്‍ ആരംഭിക്കുന്നു വൈകീട്ട് 4.30 ന് പരിഹാരപ്രദക്ഷിണം ഉണ്ടായിരിക്കുന്നതാണ്. ദുഃഖശനി രാവിലെ 6.30 ന് തിരുകര്‍മങ്ങള്‍ ആരംഭിക്കുന്നു. ഈസ്റ്റര്‍ തിരുകര്‍മങ്ങള്‍ രാത്രി 11.45ന് ആരംഭിക്കുന്നു തുടര്‍ന്ന് സ്നേഹവിരുന്ന് ഉണ്ടായിരിക്കുന്നതാണ് ഇടവക ട്രസ്റ്റിമാരായ സിജോ ചിറയത്ത്, ഫെബി തോട്ടുങ്ങല്‍, പ്രതീഷ് ജോസ് എന്നിവര്‍ നേതൃത്വം നല്കി.
വടക്കാഞ്ചേരി : ഫോറോന പള്ളിയില്‍ പെസഹ വ്യാഴാഴ്ച തിരുകര്‍മങ്ങള്‍ക്കു വികാരി ഫാ.വര്‍ഗീസ് തരകന് കാര്‍മികത്വം വഹിച്ചു. .കാലുകഴുകല്‍ ശുശ്രൂഷ, പരിശുദ്ധ കുര്‍ബാനയുടെ ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ നടന്നു.
മുള്ളൂര്‍ക്കര : സെന്റ് ആന്റണീസ് ദൈവാലയത്തില്‍ പെസഹ തിരുകര്‍മ്മങ്ങള്‍ക്ക് വികാരി റവ. ഫാ. ഷിജു ചിറ്റിലപ്പിള്ളി മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഭക്തിനിര്‍ഭരമായ കാലുകഴുകല്‍ ശുശ്രൂഷ, പരിശുദ്ധ കുര്‍ബാനയുടെ ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ നടന്നു.


