വാഷിങ്‌ടണ്‍: യു.എസിലെ ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത. സെപ്‌റ്റംബറിനു മുമ്പ് വിപുലമായ കാബിനറ്റ് അഴിച്ചുപണിക്ക് ട്രംപ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.
ഇറാനുമായുള്ള യുദ്ധത്തിന്റെ രാഷ്‌ട്രീയ പ്രത്യാഘാതങ്ങളില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അതൃപ്‌തനാണെന്നാണു റിപ്പോര്‍ട്ട്. അതു പരിഹരിക്കുന്നതിനുള്ള നീക്കത്തിലാണ് അദ്ദേഹം. അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയുടെ പുറത്താക്കലോടെയാണു ട്രംപിന്റെ നീക്കം തുടങ്ങിയത്.
ഇറാന്‍ യുദ്ധം യു.എസില്‍ പെട്രോള്‍ വില വര്‍ധിപ്പിക്കുകയും ട്രംപിന്റെ അംഗീകാര നിരക്ക് കുറയ്‌ക്കുകയും ചെയ്‌തെന്നാണു റിപ്പോര്‍ട്ട്. നവംബറിലെ സെപ്‌റ്റംബര്‍ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സാധ്യതകളെയും യുദ്ധം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഈ മാറ്റങ്ങള്‍ വൈറ്റ് ഹൗസിന് ഒരു പുത്തന്‍ തുടക്കത്തിന് അവസരമൊരുക്കിയേക്കാം.കഴിഞ്ഞ ദിവസം ട്രംപ് നടത്തിയ ടെലിവിഷന്‍ പ്രസംഗം യുദ്ധത്തിന്റെ ദിശയെക്കുറിച്ച് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. എങ്കിലും മാറ്റം ആവശ്യമാണെന്ന നിലപാടിലാണത്രേ അദ്ദേഹം. ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്‌റ്റി നോയെമിനെയും ബോണ്ടിയെയും അടുത്തിടെ ട്രംപ് പുറത്താക്കിയിരുന്നു. ദേശീയ രഹസ്യാന്വേഷണ ഡയറക്‌ടര്‍ തുള്‍സി ഗബാഡ്, വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്ട്‌നിക് എന്നിവരും പുറത്താക്കപ്പെട്ടേക്കാവുന്നവരുടെ പട്ടികയില്‍ ഉണ്ടെന്നാണു റിപ്പോര്‍ട്ടുകള്‍.
അടുത്തിടെ ഗബാഡിനോടുള്ള അതൃപ്‌തി ട്രംപ് പ്രകടിപ്പിച്ചിരുന്നുവെന്ന് ഒരു മുതിര്‍ന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്‌ഥന്‍ പറഞ്ഞു. രഹസ്യാന്വേഷണ തലവന് പകരമായി വരാന്‍ സാധ്യതയുള്ളവരെക്കുറിച്ച് ട്രംപ് കൂട്ടാളികളോട് അഭിപ്രായം ചോദിച്ചതായും റിപ്പോര്‍ട്ടുണ്ട്. ട്രംപിന്റെ അടുത്ത സുഹൃത്തായിരുന്നു ലുട്ട്‌നിക്. ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്‌റ്റീനുമായുള്ള ബന്ധമാണ് അദ്ദേഹത്തിനു തിരിച്ചടിയായത്. ഈ വര്‍ഷം ആദ്യം പുറത്തുവിട്ട പുതിയ ഫയലുകള്‍ അനുസരിച്ച്, 2012 ല്‍ എപ്‌സ്‌റ്റീന്റെ സ്വകാര്യ ദ്വീപില്‍ അദ്ദേഹത്തോടൊപ്പം ലുട്ട്‌നിക് ഉച്ചഭക്ഷണം കഴിച്ചിരുന്നു.




