ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കില്‍ വിവിധ രാജ്യങ്ങള്‍ അഭിമുഖീകരിക്കുന്ന ചരക്കുനീക്ക പ്രതിസന്ധി 'ലളിത'മായി പരിഹരിക്കാനാകുമെന്ന് സിംബാബ്‌വെയിലെ ഇറാന്‍ നയതന്ത്രകാര്യാലയം. 'മാന്യത പുലര്‍ത്തിയാല്‍ കടന്നുപോകാം' എന്ന നിര്‍ദേശമാണ് പരിഹാസരൂപേണ അമേരിക്ക ഉള്‍പ്പെടെയുള്ള ശത്രുനിരയ്‌ക്കുമുന്നില്‍ ഇറാന്‍ മുന്നോട്ടുവച്ചത്.
നയതന്ത്ര മാര്‍ഗങ്ങളിലൂടെ സമാധാനപരമായ ചര്‍ച്ചകള്‍ക്കു തയാറായ രാജ്യക്കാര്‍ക്ക് ഹോര്‍മുസില്‍ സുരക്ഷിതയാത്ര അനുവദിച്ചെന്നു വ്യക്‌തമാക്കിയാണ് സ്‌പെയിന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളെ ടാഗ്‌ചെയ്‌തുള്ള ഉപദേശം.
ഫെബ്രുവരി 28 ന് യു.എസ്-ഇസ്രയേല്‍ സഖ്യം വ്യോമാക്രമണം തുടങ്ങിയതിനുപിന്നാലെയാണ് ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചത്. ഇതോടെ ഇതുവഴിയുള്ള രാജ്യാന്തര ചരക്കുനീക്കവും ഏതാണ്ട് നിലച്ചു. കപ്പല്‍ച്ചാലിലൂടെയുള്ള ഗതാഗതം പൂര്‍വസ്‌ഥിതിയിലാക്കുമെന്നും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശപ്പെടുമ്പോഴും സാഹചര്യത്തില്‍ മാറ്റമില്ലെന്നതാണ് യാഥാര്‍ഥ്യം. യു.എസ്. സഖ്യത്തിന്റെ ആക്രമണത്തിനു തൊട്ടുമുമ്പുവരെ കടലിടുക്കിലെ സ്‌ഥിതിഗതികള്‍ സാധാരണനിലയിലായിരുന്നെന്ന് ഇറാന്‍ അധികൃതര്‍ ആവര്‍ത്തിക്കുന്നുമുണ്ട്.
ആക്രമണത്തിന്റെ കെടുതികള്‍ അനുഭവിക്കുമ്പോഴും ഹോര്‍മുസിന്റെ ഗുണഭോക്‌താക്കളായ രാജ്യക്കാര്‍ക്ക് പരിഹാസരൂപേണയുള്ള ഇറാന്റെ ഉപദേശങ്ങള്‍ക്കു കുറവൊന്നുമില്ല. ആക്രമണത്തില്‍ തളരില്ലെന്നും വെടിനിര്‍ത്തലിനു തയാറല്ലെന്നും സാമൂഹിക മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലൂടെ ഇറാന്‍ വ്യക്‌തമാക്കുന്നുമുണ്ട്. അമേരിക്കന്‍ പതാക പുതപ്പിച്ച ശവപ്പെട്ടികള്‍ നിറഞ്ഞ ഹോര്‍മുസ് കടലിടുക്കിന്റെ ചിത്രമായിരുന്നു അതിലൊന്ന്. പ്രിട്ടോറിയയിലെ ഇറാനിയന്‍ എംബസിയുടേതായിരുന്നു പോസ്‌റ്റ്. 'ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ സാധിക്കുന്ന ഏക അമേരിക്കന്‍ വസ്‌തു' എന്നാണ് ഇതിനു നല്‍കിയ അടിക്കുറിപ്പ്. തങ്ങളുമായി സൗഹൃദം പുലര്‍ത്തുന്ന രാജ്യങ്ങളുടെ കപ്പലുകള്‍ക്കുമാത്രമേ ഹോര്‍മുസ് തുറന്നുനല്‍കൂയെന്ന കടുത്ത നിലപാടാണ് ഇറാന്റേത്.




