വാഷിങ്‌ടണ്‍: ചന്ദ്രനിലേക്കുള്ള യാത്രയ്‌ക്കിടെ ഭൂമിയുടെ ചിത്രം പകര്‍ത്തി അര്‍ട്ടെമിസ് 2 യാത്രികര്‍. മിഷന്‍ കമാന്‍ഡറായ റീഡ് വൈസ്‌മാന്‍ പകര്‍ത്തിയ ഉയര്‍ന്ന റെസല്യൂഷനിലുള്ള ഭൂമിയുടെ ചിത്രങ്ങള്‍ നാസ പങ്കുവച്ചു. ചാന്ദ്രയാത്രയ്‌ക്കായി ഓറിയോണ്‍ പേടകത്തിന്റെ വേഗം കൂട്ടാന്‍ എന്‍ജിന്‍(ഇന്‍ജക്ഷന്‍ ബേണ്‍) പ്രവര്‍ത്തിപ്പിച്ചശേഷമാണു ചിത്രങ്ങള്‍ പകര്‍ത്തിയത്. അപ്പോള്‍ പേടകം ഭൂമിയില്‍നിന്ന് 228,500 കിലോ മീറ്റര്‍ അകലെയായിരുന്നു. ചന്ദ്രന്‍ അപ്പോഴും 2,12,433 കിലോ മീറ്റര്‍ അകലെയായിരുന്നു.
'ഹലോ, വേള്‍ഡ്' എന്ന് പേരിട്ടിരിക്കുന്ന ആദ്യ ചിത്രം, അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ വിശാലമായ നീലപ്പ് കാണിക്കുന്നു.
ഭൂമി തലകീഴായാണു കാണുന്നത്, പടിഞ്ഞാറന്‍ സഹാറയും ഐബീരിയന്‍ ഉപദ്വീപും ഇടതുവശത്തും ദക്ഷിണ അമേരിക്കയുടെ കിഴക്കന്‍ ഭാഗം വലതുവശത്തുമായി കാണാം.
ചന്ദ്രന്റെ മറുവശത്തുകൂടി(ഭൂമിയില്‍നിന്നു ദൃശ്യമാകാത്ത മേഖലയില്‍ക്കൂടി) സഞ്ചരിച്ച് തിരിച്ചുവരുന്ന പാതയിലാണു അര്‍ട്ടെമിസ് 2. 1972 ന് ശേഷം ആദ്യമായാണ് മനുഷ്യര്‍ ഭൂമിയുടെ ഭ്രമണപഥത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നത്. നാളെ അര്‍ട്ടെമിസ് 2 ചന്ദ്രന്റെ മറുവശത്തുകൂടി സഞ്ചരിക്കും. ഈ മാസം 10 നു പേടകം പസഫിക് സമുദ്രത്തില്‍ ഇറങ്ങും.
'ഭൂമിയുടെ ഇരുണ്ട ഭാഗത്തിന്റെ മനോഹരമായ കാഴ്‌ചയാണ് ഞങ്ങള്‍ക്ക് ലഭിക്കുന്നത്, ചന്ദ്രന്‍ പ്രകാശിപ്പിക്കുന്നു'- മിഷന്‍ സ്‌പെഷലിസ്‌റ്റ് ജെറമി ഹാന്‍സന്‍ പറഞ്ഞു.
ബഹിരാകാശ പേടകത്തില്‍നിന്ന് ചിത്രങ്ങള്‍ എടുക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നെന്നു ഹാന്‍സന്‍ അറിയിച്ചു. ഇത്രയധികം ദൂരെനിന്നു ചിത്രങ്ങള്‍ എടുക്കുന്നത് എക്‌സ്‌പോഷര്‍ ക്രമീകരണങ്ങള്‍ ബുദ്ധിമുട്ടാക്കി.
വൈസ്‌മാന്‍ എടുത്ത മറ്റൊരു ചിത്രം രാത്രിയും പകലും കൊണ്ട് തിരിച്ചിരിക്കുന്ന ഭൂമിയെ കാണിക്കുന്നു. വെളിച്ചവും ഇരുട്ടും തമ്മിലുള്ള ഈ അതിര്‍ത്തി 'ടെര്‍മിനേറ്റര്‍' എന്നറിയപ്പെടുന്നു. രാത്രിയില്‍ വൈദ്യുത വിളക്കുകള്‍ മിന്നിക്കൊണ്ടിരിക്കുന്ന, ഏകദേശം പൂര്‍ണമായ ഇരുട്ടില്‍ ഭൂമിയെ കാണിക്കുന്ന മറ്റൊരു ചിത്രംകൂടി നാസ പ്രസിദ്ധീകരിച്ചു.
ഈ വര്‍ഷത്തെ ഭൂമിയുടെ കാഴ്‌ചയും 1972ല്‍ അപ്പോളോ 17 സംഘം എടുത്ത സമാനമായ ചിത്രവും നാസ താരതമ്യം ചെയ്‌തു. 'കഴിഞ്ഞ 54 വര്‍ഷത്തിനിടയില്‍ ഞങ്ങള്‍ ഒരുപാട് മുന്നേറിയിട്ടുണ്ട്, എന്നാല്‍ ഒരു കാര്യം മാറിയിട്ടില്ല: ബഹിരാകാശത്ത് നിന്ന് നമ്മുടെ വീട് അതിമനോഹരമായി കാണപ്പെടുന്നു!' - നാസ കുറിച്ചു.



