വത്തിക്കാന്‍ സിറ്റി: കൊളോസിയത്തില്‍ നടന്ന ദുഃഖവെള്ളിയാഴ്‌ച ശുശ്രൂഷയില്‍ കുരിശുവഹിച്ച് ലിയോ 14-ാമന്‍ മാര്‍പാപ്പ. കഴിഞ്ഞ അറുപത് വര്‍ഷത്തിനിടയില്‍ ആദ്യമായാണു മാര്‍പാപ്പ പ്രദക്ഷിണത്തില്‍ മുഴുവന്‍ സമയവും കുരിശുവഹിച്ചത്.
കഴിഞ്ഞ വര്‍ഷം മേയ് മാസത്തിലാണ് അദ്ദേഹം മാര്‍പാപ്പയായി സ്‌ഥാനാരോഹണം ചെയ്‌തത്. 5 അടി ഉയരമുള്ള തടി കുരിശാണു മാര്‍പാപ്പ വഹിച്ചത്. സാധാരണയായി വിവിധ തീര്‍ത്ഥാടക ഗ്രൂപ്പുകള്‍ക്ക് കുരിശ് കൈമാറുകയാകും മാര്‍പാപ്പമാര്‍ ചെയ്യുക. പുരാതന ആംഫി തിയേറ്ററിന്റെ ഉള്ളില്‍നിന്ന് പാലറ്റൈന്‍ ഹില്‍ വരെ അദ്ദേഹം പ്രദക്ഷിണം നയിച്ചു. ഒരു മണിക്കൂര്‍ നീണ്ടുനിന്ന പ്രദക്ഷിണത്തില്‍ കുരിശ് വഹിക്കാനുള്ള തീരുമാനം സംഘര്‍ഷഭരിതമായ ലോകത്തിന് നല്‍കാനുള്ള ആഴത്തിലുള്ള പ്രതീകാത്‌മക സന്ദേശമാണെന്നു വത്തിക്കാന്‍ നിരീക്ഷകര്‍ വിലയിരുത്തി.
'ഇന്നത്തെ ലോകത്തിലെ ആത്മീയ നേതാവ് എന്ന നിലയില്‍ മാര്‍പാപ്പ പ്രതിനിധീകരിക്കുന്നത് എല്ലാവരും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ശബ്‌ദമാണ്. ക്രിസ്‌തു ഇപ്പോഴും കഷ്‌ടപ്പെടുന്നു എന്ന സന്ദേശമാണു പകരാന്‍ ആഗ്രഹിക്കുന്നത്. ഈ കഷ്‌ടപ്പാടുകള്‍ മുഴുവന്‍ എന്റെ പ്രാര്‍ത്ഥനയില്‍ ഞാന്‍ വഹിക്കുന്നു.'- മാര്‍പാപ്പ പറഞ്ഞു. പതിറ്റാണ്ടുകളായി, വിവിധ രാജ്യങ്ങളില്‍നിന്നുള്ള കുടുംബങ്ങളും വിദ്യാര്‍ഥികളും തൊഴിലാളികളും കുരിശ് കൈമാറി പ്രദക്ഷിണം നടത്താറുണ്ട്. ജോണ്‍ പോള്‍ രണ്ടാമന്‍, ബെനഡിക്‌ട് പതിനാറാമന്‍ തുടങ്ങിയ മുന്‍ മാര്‍പാപ്പമാര്‍ അരോഗ്യം അനുവദിച്ചിരുന്ന കാലത്ത് അല്‍പ സമയം കുരിശ് വഹിക്കാറുണ്ടായിരുന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പലപ്പോഴും ഇരുന്നാണു ചടങ്ങില്‍ പങ്കെടുത്തിരുന്നത്.
ടെന്നീസ് കളിക്കാരനും നീന്തല്‍ താരവുമായിരുന്നു ലിയോ പതിനാലാമന്‍ മാര്‍പാപ്പ. മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ശേഷവും അദ്ദേഹം തന്റെ കഠിനമായ വ്യായാമമുറകള്‍ തുടരുന്നുണ്ട്. അതാണു കുരിശുമായി പാലറ്റൈന്‍ ഹില്‍ കയറാന്‍ അദ്ദേഹത്തെ സഹായിച്ചത്.



