അബുദാബി: പശ്‌ചിമേഷ്യയില്‍ ഇറാനില്‍നിന്നുള്ള ആക്രമണം തുടരുന്നതിനിടെ, 200 കോടി ഡോളറിന്റെ വായ്‌പ തിരിച്ചടയ്‌ക്കാന്‍ പാകിസ്‌താനോട് ആവശ്യപ്പെട്ട് യു.എ.ഇ. പാകിസ്‌താന്റെ വിദേശനാണ്യ കരുതല്‍ ശേഖരം നിലനിര്‍ത്തുന്നതിനും സാമ്പത്തിക സ്‌ഥിരതയ്‌ക്കുമായാണ് യു.എ.ഇ. ഈ തുക നല്‍കിയിരുന്നത്. അടുത്തിടെ വരെ വായ്‌പാ കാലാവധി നീട്ടി നല്‍കുകയായിരുന്നു പതിവ്. എന്നാല്‍, പശ്‌ചിമേഷ്യയിലെ സംഘര്‍ഷത്തിന്റെ പശ്‌ചാത്തലത്തില്‍ വായ്‌പാത്തുക ഉടന്‍ തിരിച്ചടയ്‌ക്കാന്‍ യു.എ.ഇ. ആവശ്യപ്പെട്ടതായി വാര്‍ത്താഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഇതേത്തുടര്‍ന്ന് ഈ മാസം അവസാനത്തോടെ ഈ പണം തിരിച്ചുനല്‍കാന്‍ പാകിസ്‌താന്‍ തീരുമാനിച്ചതായാണു സൂചന. സ്‌റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്‌താനില്‍ (എസ്.ബി.പി) സുരക്ഷിത നിക്ഷേപമായാണ് ഈ തുക സൂക്ഷിച്ചിരുന്നതെന്ന് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്‌തു. ഒമ്പതു ശതമാനം പലിശയ്‌ക്കാണ് പണം കടമെടുത്തിരുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. മുന്‍കാലങ്ങളില്‍ വര്‍ഷാവര്‍ഷം വായ്‌പാ കാലാവധി നീട്ടി നല്‍കിയിരുന്നു. എന്നാല്‍ 2025 ഡിസംബറില്‍ ആദ്യം ഒരു മാസത്തേക്കും പിന്നീട് ഏപ്രില്‍ 17 വരെ രണ്ടു മാസത്തേക്കും മാത്രമാണ് കാലാവധി നീട്ടി നല്‍കിയത്. നിലവില്‍ പാകിസ്‌താന്റെ കൈവശം 2100 കോടി ഡോളറിലധികം കരുതല്‍ശേഖരമുണ്ട്. അതിനാല്‍ യു.എ.ഇക്ക് തുക തിരികെ നല്‍കാന്‍ സാധിക്കുമെങ്കിലും വരും മാസങ്ങളില്‍ പാകിസ്‌താന് കൂടുതല്‍ വിദേശ ധനസഹായം തേടേണ്ടി വന്നേക്കാം.




