
ഹൈദരാബാദ്: ക്യാപ്റ്റന്‍റെ ഇന്നിംഗ്സുമായി റിഷഭ് പന്ത് മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ലക്നൗ സൂപ്പര്‍ ജയന്‍റ്സിന് സീസണിലെ ആദ്യജയം. ആദ്യം ബാറ്റ് ചെയ്ത് ഹൈദരാബാദ് ഉയര്‍ത്തിയ 157 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ലക്നൗ ഒരു പന്ത് ബാക്കി നിര്‍ത്തിയാണ് ലക്ഷ്യത്തിലെത്തിയത്. ലക്നൗവിനായി മൂന്നാ നമ്പറിലിറങ്ങി 50 പന്തില്‍ 68 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ റിഷഭ് പന്താണ് ടീമിന്‍റെ വിജയശില്‍പി.
45 റണ്‍സ് നേടിയ ഐഡന്‍ മാര്‍ക്രമുമാണ് ലഖ്‌നൗവിന്റെ വിജയം അനായാസമാക്കിയത്. മൂന്നാം സ്ഥാനത്തു ബാറ്റിങിനെത്തിയ പന്ത് 50 പന്തില്‍ 9 ഫോറുകള്‍ സഹിതം 68 റണ്‍സ് അടിച്ചെടുത്തു. അവസാന ഓവറില്‍ 9 റണ്‍സായിരുന്നു ലഖ്‌നൗവിനു വേണ്ടിയിരുന്നത്. പുറത്താകാതെ നിന്ന പന്ത് ജയദേവ് ഉനത്കട് എറിഞ്ഞ അവസാന ഓവറില്‍ ആദ്യ രണ്ട് പന്തുകളും അഞ്ചാം പന്തും ഫോറടിച്ച് 12 റണ്‍സ് അടിച്ചെടുത്താണ് ടീമിനെ ജയത്തിലെത്തിച്ചത്.
41 പന്തില്‍ 62 റണ്‍സെടുത്ത ഹെയിന്റിച്ച് ക്ലാസനും, 33 പന്തില്‍ 56 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയുമാണ് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്താന്‍ സണ്‍റൈസേഴ്‌സിനെ സഹായിച്ചത്. നാലിന് 26 എന്ന നിലയില്‍ തകര്‍ന്നടിഞ്ഞപ്പോഴാണ് ഇരുവരും സണ്‍റൈസേഴ്‌സിനെ രക്ഷിച്ചത്.




