കണ്ണൂര്‍: രക്‌തസാക്ഷി ഫണ്ട് വിവാദം കത്തിനില്‍ക്കുന്നതിലൂടെ ഏറെ ചര്‍ച്ചയാകുന്ന മണ്ഡലമാണു പയ്ന്നൂര്‍. 1965 ലെ രൂപവത്‌കരണത്തിനുശേഷം എല്ലാ തെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷത്തെ മാത്രം തുണച്ച മണ്ഡലമാണിത്. കരിവെള്ളൂര്‍ സമരസേനാനിയും സി.പി.എം നേതാവുമായ എ.വി. കുഞ്ഞമ്പുവാണ് ഇവിടെനിന്ന് ആദ്യമായി നിയമസഭയിലെത്തിയത്. പിന്നീട് സുബ്രഹ്‌മണ്യ ഷേണായിയും എം.വി.ആറും പിണറായിയും പി.കെ. ശ്രീമതിയും ഉള്‍പ്പെടെയുള്ളവര്‍ പയ്യന്നൂരിന്റെ പ്രതിനിധികളായി.
പയ്ന്നൂര്‍ നഗരസഭയും ചെറുപുഴ, എരമംകുറ്റൂര്‍, കാങ്കോല്‍ ആലപ്പടമ്പ്, കരിവെള്ളൂര്‍ പെരളം, പെരിങ്ങോംവയക്കര, രാമന്തളി പഞ്ചായത്തുകളും ഉള്‍ക്കൊള്ളുന്നതാണ് പയ്യന്നൂര്‍ നിയമസഭാമണ്ഡലം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മേഖലയിലെ 153 വാര്‍ഡുകളില്‍ 112 എണ്ണവും എല്‍.ഡി.എഫാണു നേടിയത്. യു.ഡി.എഫിന് 37 വാര്‍ഡുകള്‍ ലഭിച്ചു. മറ്റുള്ളവര്‍ക്കു നാലു വാര്‍ഡുകളുമുണ്ട്. എന്നാല്‍ എന്‍.ഡി.എയ്‌ക്കു സീറ്റില്ല. ചെറുപുഴ പഞ്ചായത്തിലൊഴികെ എല്ലായിടത്തും എല്‍.ഡി.എഫ് ഭരണം നേടി. ചെറുപുഴയില്‍ യു.ഡി.എഫിനാണു ഭരണം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ ടി.ഐ. മധുസൂദനന്‍ പയ്യന്നൂരില്‍ നേടിയത് 49,780 വോട്ടാണ്. കോണ്‍ഗ്രസിലെ എം. പ്രദീപ്‌കുമാറിന് 43,915 വോട്ട് ലഭിച്ചു. ബി.ജെ.പിയുടെ കെ.കെ. ശ്രീധരന് 11308 വോട്ട് കിട്ടി. ശതമാനക്കണക്കെടുത്താല്‍ മധുസൂദനനു ലഭിച്ചത് 62.49 ശതമാനം വോട്ടാണ്. 2016ല്‍ സി. കൃഷ്‌ണന്‍ ഇവിടെ ജയിച്ചത് 40,263 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. അദ്ദേഹത്തിനു ലഭിച്ച ആകെ വോട്ട് 83,226 (58.02 ശതമാനം). കോണ്‍ഗ്രസിലെ സാജിദ് മവ്വലിന് 42963 വോട്ട് ലഭിച്ചു.
ഇക്കുറി വലിയ വിവാദങ്ങളിലൂടെയാണു പയ്യന്നൂര്‍ മണ്ഡലം കടന്നുപോകുന്നത്. സിറ്റിങ് എം.എല്‍.എ: ടി.ഐ. മധുസൂദനനെതിരേ മുതിര്‍ന്ന പാര്‍ട്ടിപ്രവര്‍ത്തകനായ വി. കുഞ്ഞികൃഷ്‌ണന്‍ ധനാപഹരണം ആരോപിച്ചതിനെത്തുടര്‍ന്നുള്ളതാണു വിവാദം. ധനരാജ് രക്‌തസാക്ഷി ഫണ്ടിലുള്‍പ്പെടെ അപഹരണം നടന്നുവെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് കുഞ്ഞികൃഷ്‌ണനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുകയും യു.ഡി.എഫ് പിന്തുണയോടെ അദ്ദേഹം ടി.ഐ. മധുസൂദനനെതിരേ സ്വതന്ത്രനായി മത്സരിക്കുകയും ചെയ്യുന്നു. ബി.ജെ.പി നേതാവ് എ.പി. ഗംഗാധരനാണ് ഇവിടത്തെ എന്‍.ഡി.എ. സ്‌ഥാനാര്‍ഥി. മൂവരും രംഗത്തിറങ്ങിയതോടെ അങ്കം മുറുകി. രക്‌തസാക്ഷി ഫണ്ടില്‍ വെട്ടിപ്പ് നടന്നെന്ന ആരോപണം സി.പി.എമ്മിന് ഇത്തവണ പ്രതിസന്ധിയാണ്. കണക്കുകള്‍ പൊതുസമൂഹത്തോടു പറയുന്നതില്‍ പ്രശ്‌നമില്ലെന്നു പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ സമ്മതിച്ചെങ്കിലും ഇതില്‍നിന്നു പിന്നോട്ടു പോയത് എതിരാളികള്‍ രാഷ്‌ട്രീയ ആയുധമാക്കിയിട്ടുണ്ട്. ഇതിനിടെ ജനം ഇക്കുറി ആരുടെകൂടെ നില്‍ക്കുമെന്ന് കാത്തിരുന്നു കാണേണ്ടിവരും.
എന്‍.കെ. ലക്ഷ്‌മി






