
മധുരൈ: തമിഴ്‌നാട്ടിലെ സാത്താന്‍കുളത്ത് അച്‌ഛനും മകനും കസ്‌റ്റഡിയില്‍ മരിച്ച കേസില്‍ ഇന്‍സ്‌പെക്‌ടര്‍ ശ്രീധറുള്‍പ്പെടെ ഒമ്പത് പോലീസുദ്യോഗസ്‌ഥര്‍ക്ക് വധശിക്ഷ. സംസ്‌ഥാനത്തും രാജ്യത്തും ഏറെ കോളിളക്കം സൃഷ്‌ടിച്ച സംഭവത്തില്‍ മധുര ഫസ്‌റ്റ് അഡീഷണല്‍ ജില്ലാക്കോടതിയാണ് എല്ലാ പ്രതികള്‍ക്കും വധശിക്ഷ വിധിച്ചത്. തൂത്തുക്കുടി ജില്ലയില്‍ പോലീസ് കസ്‌റ്റഡിയിലായിരിക്കെ പി. ജയരാജും(59) മകന്‍ ബെനിക്‌സു(31)മാണ് ക്രൂരമായി മര്‍ദനമേറ്റു മരിച്ചത്. 2020 ജൂണിലായിരുന്നു സംഭവം.
രണ്ടുപേരെ കൊലപ്പെടുത്തിയതിനാല്‍ എല്ലാ പ്രതികള്‍ക്കും ഇരട്ട വധശിക്ഷയാണു കോടതി പ്രഖ്യാപിച്ചത്. ഒന്നാം പ്രതി ഇന്‍സ്‌പെക്‌ടര്‍ ശ്രീധറിന് വധശിക്ഷയ്‌ക്കു പുറമേ 15 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഭാവിയില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശിക്ഷ ഒരു മുന്നറിയിപ്പായിരിക്കണമെന്ന് വിധി പ്രസ്‌താവിക്കവേ ജഡ്‌ജി മുത്തുകുമാര്‍ വ്യക്‌തമാക്കി. കുറ്റത്തിന്റെ ഗൗരവം കണക്കിലെടുക്കുമ്പോള്‍ ജീവപര്യന്തം തടവ് മാത്രം മതിയാകില്ലെന്ന് കോടതി നിരീക്ഷിച്ചു. സംഭവം സമൂഹത്തെ ആഴത്തില്‍ ഞെട്ടിപ്പിച്ചിരുന്നെന്നും വിധി സമൂഹമനഃസാക്ഷിയെ പ്രതിഫലിപ്പിക്കുന്നതാകണമെന്നും ജഡ്‌ജി കൂട്ടിച്ചേര്‍ത്തു.
2011 ല്‍ സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടും കസ്‌റ്റഡിമരണങ്ങള്‍ തുടരുന്നത് ദുഃഖകരമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ആരാണു കൂടുതല്‍ മര്‍ദിച്ചതെന്നു വ്യക്‌തമായി തിരിച്ചറിയാന്‍ കഴിയില്ല. അതുകൊണ്ട് പരമാവധി ശിക്ഷയാണ് അനുയോജ്യമെന്ന് കോടതി പറഞ്ഞു.
നിരായുധരായ അച്‌ഛനെയും മകനെയും രാത്രി മുഴുവന്‍ ക്രൂരമായി മര്‍ദിച്ച സംഭവം 'അപൂര്‍വങ്ങളില്‍ അപൂര്‍വ' വിഭാഗത്തില്‍പ്പെടുന്നതായി കോടതി വിലയിരുത്തി. പ്രതികള്‍ വിദ്യാഭ്യാസമുള്ള ഉദ്യോഗസ്‌ഥരായതിനാല്‍ ഇതു സാധാരണ കുറ്റമല്ല.
പോലീസ് വകുപ്പില്‍ ഇത്തരം ക്രൂരകൃത്യങ്ങളോടു ഭയം വളര്‍ത്താന്‍ ജീവപര്യന്തം തടവ് മതിയാകില്ലെന്നും കോടതി വ്യക്‌തമാക്കി. പ്രതികളോടു യാതൊരു കരുണയും കാണിക്കരുതെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

