ന്യൂഡല്‍ഹി: എന്‍.സി.ഇ.ആര്‍.ടി. എട്ടാം ക്ലാസ് പാഠപുസ്‌തകത്തില്‍ 'നീതിന്യായ വ്യവസ്‌ഥയിലെ അഴിമതി' എന്ന അധ്യായം ഉള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിലക്കേര്‍പ്പെടുത്തിയ മൂന്ന് വിദ്യാഭ്യാസ വിദഗ്‌ധര്‍ തങ്ങളുടെ ഭാഗം കേള്‍ക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചു. തങ്ങള്‍ നിസാരരായ ആളുകളെല്ലന്നും അക്കാദമിക് രംഗത്ത് മതിയായ പ്രവര്‍ത്തനപരിചയവും വിശ്വാസ്യതയുമുള്ളവരാണെന്നും ഇവര്‍ കോടതിയെ ബോധിപ്പിച്ചു.
വിദ്യാഭ്യാസ വിദഗ്‌ധരായ മിഷേല്‍ ഡാനിനോ, സുപര്‍ണ ദിവാകര്‍, നിയമ ഗവേഷകന്‍ അലോക് പ്രസന്ന കുമാര്‍ എന്നിവരാണ് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയത്. ഇന്ത്യന്‍ നീതിന്യായ വ്യവസ്‌ഥയെക്കുറിച്ച് ഇവര്‍ക്ക് ശരിയായ അറിവില്ലെന്നും ബോധപൂര്‍വം തെറ്റായ വിവരങ്ങള്‍ നല്‍കി വിദ്യാര്‍ഥികളില്‍ മോശം പ്രതിച്‌ഛായ ഉണ്ടാക്കാന്‍ ശ്രമിച്ചെന്നും നിരീക്ഷിച്ചാണ് കോടതി നേരത്തെ ഇവര്‍ക്കെതിരേ നടപടിയെടുത്തത്. സര്‍ക്കാര്‍ ഫണ്ട് കൈപ്പറ്റുന്ന സ്‌ഥാപനങ്ങളില്‍നിന്ന് ഇവരെ ഒഴിവാക്കണമെന്നും പുതിയ ചുമതലകള്‍ നല്‍കരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, തങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയോ വാദം കേള്‍ക്കുകയോ ചെയ്യാതെയാണ് കോടതി ഈ ഉത്തരവിട്ടതെന്ന് അപേക്ഷകര്‍ ചൂണ്ടിക്കാട്ടി. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്‌ഥാനത്തിലുള്ള അധ്യാപന രീതിയാണ് തങ്ങള്‍ പിന്തുടര്‍ന്നതെന്ന് അലോക് പ്രസന്ന കുമാറിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്‍ കോടതിയെ അറിയിച്ചു. പാഠപുസ്‌തകങ്ങളില്‍ നിയമനിര്‍മാണ സഭ, തെരഞ്ഞെടുപ്പ് കമ്മീഷന്‍, എക്‌സിക്യൂട്ടീവ് എന്നിവ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ടെന്നും നീതിന്യായ വ്യവസ്‌ഥയെ മാത്രം ലക്ഷ്യം വച്ചിട്ടില്ലെന്നും അദ്ദേഹം വാദിച്ചു. അധ്യായം തയാറാക്കുന്നത് ഒരു കൂട്ടായ പ്രവര്‍ത്തനമാണെന്നും ഏതെങ്കിലും വ്യക്‌തിക്ക് മാത്രമായി ഇതില്‍ അന്തിമ തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും സുപര്‍ണ ദിവാകറിന് വേണ്ടി ഹാജരായ ജെ. സായ് ദീപക് കോടതിയില്‍ പറഞ്ഞു. മിഷേല്‍ ഡാനിനോയ്‌ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അരവിന്ദ് ദത്തറാണ് ഹാജരായത്. അപേക്ഷകരുടെ വാദം കേള്‍ക്കാന്‍ കോടതി തയാറാണെന്ന് ജസ്‌റ്റിസ് സൂര്യകാന്ത് വ്യക്‌തമാക്കി.

