ശ്രീനഗര്‍: ലഷ്‌കര്‍-ഇ-തൊയ്‌ബ ഭീകരവാദ ശൃംഖലകളുടെ കണ്ണികള്‍ പൊളിച്ച് ശ്രീനഗര്‍ പോലീസ്. പാക് പൗരന്മാരായ രണ്ട് ഭീകരരെ അറസ്‌റ്റ് ചെയ്‌തു. ആയുധശേഖരം കണ്ടെടുത്തു.
ഭീകരരുടെ അന്തര്‍സംസ്‌ഥാന ശൃംഖല കണ്ടെത്തിയതായും ഉദ്യോഗസ്‌ഥര്‍ അറിയിച്ചു. ജമ്മു കശ്‌മീര്‍ പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പഞ്ചാബ് പോലീസിന്റെ സഹായത്തോടെ ഓപ്പറേഷന്‍ ആരംഭിച്ചത്.
മാര്‍ച്ച് 27 ന് പഞ്ചാബിലെ മലേര്‍കോട്‌ല ഗ്രാമത്തില്‍നിന്ന് പാകിസ്‌താന്‍ ഭീകരരായ അബ്‌ദുള്ള എന്ന അബു ഹുറൈറ, അബു ഉസ്‌മാന്‍ എന്ന ഖുബൈബ് എന്നിവരെ അറസ്‌റ്റ് ചെയ്‌തിരുന്നു.
ഇവരെ കൂടുതല്‍ അന്വേഷണത്തിനായി ശ്രീനഗറിലേക്ക് കൊണ്ടുവന്നു. അന്വേഷണത്തില്‍ 16 വര്‍ഷംമുമ്പ് ഇവര്‍ നുഴഞ്ഞുകയറിയതാണെന്നു വ്യക്‌തമായി.
ഇവര്‍ കശ്‌മീര്‍ താഴ്‌വരയില്‍ സജീവമായിരുന്ന സമയത്ത് നാല്‍പതോളം വിദേശ ഭീകരരെ ഏകോപിപ്പിച്ചിട്ടുണ്ടെന്നും കണ്ടെത്തി. ജമ്മു കശ്‌മീര്‍, പഞ്ചാബ്, ഹരിയാന, രാജസ്‌ഥാന്‍, ന്യൂഡല്‍ഹി എന്നിവയടക്കം ഒട്ടേറെ സംസ്‌ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഭീകരശൃംഖലയും അന്വേഷണത്തിനിടെ അധികൃതര്‍ കണ്ടെത്തി. രണ്ട് ഭീകരരും 15 വര്‍ഷത്തിലേറെയായി സജീവമായിരുന്നു.
യുവാക്കളെ റിക്രൂട്ട് ചെയ്യല്‍, ആയുധ പരിശീലനം നല്‍കല്‍, ആയുധങ്ങളും വെടിക്കോപ്പുകളും വിതരണംചെയ്യല്‍, ഭീകരാക്രമണങ്ങള്‍ക്ക് സൗകര്യമൊരുക്കല്‍ എന്നിവയില്‍ ഇവര്‍ പങ്കാളികളായിരുന്നു. അറസ്‌റ്റിലായ ഭീകരര്‍ നല്‍കിയ വെളിപ്പെടുത്തലുകളുടെ അടിസ്‌ഥാനത്തില്‍, 24 പേരെ ചോദ്യം ചെയ്‌തു. ഇതില്‍ തദ്ദേശീയരായ നഖീബ് ഭട്ട്, ഗുലാം മുഹമ്മദ് മിര്‍, ആദില്‍ റാഷിദ് ഭട്ട് എന്നിവര്‍ അറസ്‌റ്റിലായി. പോലീസ് ചോദ്യം ചെയ്യലിനായി കസ്‌റ്റഡിയിലെടുത്തവരില്‍ ഒരു സ്‌ത്രീയും ഉണ്ടെന്ന് ഉദ്യോഗസ്‌ഥര്‍ സ്‌ഥിരീകരിച്ചു.
ഭീകരശൃംഖലയുമായി ബന്ധപ്പെട്ട മറ്റൊരു വിദേശ ഭീകരന്‍ ഒളിവിലാണ്. ഇയാള്‍ക്കായുള്ള തെരച്ചിലിലാണ് സുരക്ഷാ ഏജന്‍സികള്‍. ഓപ്പറേഷനില്‍ സുരക്ഷാസേന നാല് എകെ-47 റൈഫിളുകളും മൂന്ന് പിസ്‌റ്റളുകളും ഉള്‍പ്പെടെ വലിയ ആയുധശേഖരം കണ്ടെടുത്തു. കൂടാതെ, ജമ്മു കശ്‌മീരിലും രാജസ്‌ഥാന്‍, ഹരിയാന തുടങ്ങിയ മറ്റ് സംസ്‌ഥാനങ്ങളിലുമായി 19 സ്‌ഥലങ്ങളില്‍ നടത്തിയ തെരച്ചിലില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കുറ്റകരമായ വസ്‌തുക്കള്‍ പിടിച്ചെടുത്തു. മൊഡ്യൂളിന്റെ ദീര്‍ഘകാല പ്രവര്‍ത്തനങ്ങള്‍ തുറന്നുകാട്ടുന്ന സുപ്രധാന തെളിവുകളും ലഭിച്ചു.
ആയുധങ്ങള്‍ക്കും വെടിക്കോപ്പുകള്‍ക്കും പുറമേ, വിദേശ ഭീകരര്‍ ഇന്ത്യയ്‌ക്കകത്തും വിദേശത്തും സഞ്ചരിക്കാന്‍ ഉപയോഗിച്ച വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍. രേഖകള്‍ തുടങ്ങിയവയും കണ്ടെടുത്തു. പാകിസ്‌താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്നുള്ള ഹാന്‍ഡ്‌ലര്‍മാരുമായി ഇവര്‍ ആശയവിനിമയം നടത്തിയതിന്റെ തെളിവുകള്‍ അടങ്ങുന്ന ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. സിം കാര്‍ഡുകളും ഡിജിറ്റല്‍ ഇന്റര്‍സെപ്‌റ്റുകളും അതിര്‍ത്തിക്കപ്പുറത്തേക്കുള്ള ആശയവിനിമയ ശൃംഖല തുറന്നുകാട്ടുന്നതാണ്.

