ന്യൂഡല്‍ഹി: അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മയുടെ ഭാര്യക്ക് മൂന്ന് പാസ്‌പോര്‍ട്ടുകളുണ്ടെന്ന് ആരോപിച്ച കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയെ അന്വേഷിച്ച് അസം പോലീസ്. ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ നിസാമുദ്ദീന്‍ ഈസ്‌റ്റിലുള്ള വീട്ടില്‍ അസം പോലീസിന്റെ സംഘം ഡല്‍ഹി പോലീസിനൊപ്പം എത്തി.
കോണ്‍ഗ്രസിന്റെ മീഡിയ ആന്‍ഡ് പബ്ലിസിറ്റി വിഭാഗത്തിന്റെ ചുമതലക്കാരനായ പവന്‍ ഖേര, അസം പോലീസ് എത്തിയപ്പോള്‍ വീട്ടിലുണ്ടായിരുന്നില്ല. അദ്ദേഹം ഇപ്പോള്‍ ഹൈദരാബാദിലാണ്. പിന്നാലെ പോലീസിനെ ഭയന്ന് ഖേര ഒളിച്ചോടിയെന്നു പരിഹസിച്ച് ഹിമന്ത രംഗത്തെത്തി. 'അദ്ദേഹം ഇന്നലെ ഗുവാഹത്തിയില്‍നിന്ന് ഓടിപ്പോയി. പോലീസ് അദ്ദേഹത്തിന്റെ ഡല്‍ഹിയിലെ വസതിയില്‍ പോയെന്ന് ഞാന്‍ മാധ്യമങ്ങള്‍ വഴിയാണ് അറിയുന്നത്, പക്ഷേ അദ്ദേഹം ഹൈദരാബാദിലേക്ക് ഓടിപ്പോയി. നിയമം അതിന്റെ വഴിക്ക് പോകും'- ഹിമന്ത പറഞ്ഞു. ഉച്ചയ്‌ക്ക് ഒരു മണിയോടെ പോലീസ് സംഘം മടങ്ങി. 'ഞങ്ങള്‍ക്ക് പവന്‍ ഖേരയെ കണ്ടെത്താനായില്ല. വീട് പരിശോധിച്ചു. ചില രേഖകള്‍ കണ്ടെടുത്തു' അസം പോലീസിലെ ഒരു ഉദ്യോഗസ്‌ഥന്‍ റെയ്‌ഡിന് ശേഷം പറഞ്ഞു.
ഞായറാഴ്‌ച ഒരു വാര്‍ത്താ സമ്മേളനത്തില്‍ ഹിമന്തയുടെ ഭാര്യ റിനികി ഭുയാന്‍ ശര്‍മ്മക്ക് മൂന്ന് പാസ്‌പോര്‍ട്ടുകളുണ്ടെന്നും കുടുംബത്തിന് അമേരിക്കയില്‍ 52,000 കോടി രൂപയുടെ ബിസിനസ് താല്‍പ്പര്യങ്ങളുണ്ടെന്നും ഖേര ആരോപിച്ചിരുന്നു. ഇതിനെതിരേ റിനികി പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണു റെയ്‌ഡുകള്‍ നടന്നത്. 2015ല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പി.യില്‍ ചേര്‍ന്ന ഹിമന്ത, കോണ്‍ഗ്രസ് ഖേരയ്‌ക്കെതിരേ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യുമെന്ന് അറിയിച്ചു.

