കൊക്രജാര്‍: 'ഒരു ചിത്രം ആയിരം വാക്കുകള്‍ക്ക് തുല്യമാണ്' എന്നാണേല്ലാ പ്രമാണം. എന്നാല്‍, നാളെ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അസമിലെ ബി.പി.എഫിനെ (ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട്) സംബന്ധിച്ചിടത്തോളം 'ഒരു പടം മാറ്റിയാല്‍ ആയിരം വോട്ട് കിട്ടും' എന്ന അവസ്‌ഥയാണിപ്പോള്‍.
ബി.ജെ.പിയുമായി സീറ്റ് വിഭജനം കഴിഞ്ഞപ്പോള്‍ വലിയ ആവേശത്തിലായിരുന്നു ബി.പി.എഫ്. ബി.ടി.ആറിലെ (ബോഡോലാന്‍ഡ് ടെറിറ്റോറിയല്‍ റീജിയന്‍) 11 മണ്ഡലങ്ങളില്‍ സ്‌ഥാനാര്‍ഥികളുടെ പടുകൂറ്റന്‍ പോസ്‌റ്ററുകള്‍ അവര്‍ നിരത്തി. ബി.ടി.സി. ചീഫ് ഹഗ്രാമ മോഹിലാരിയുടെയും സ്‌ഥാനാര്‍ഥിയുടെയും കൂടെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയും പോസ്‌റ്ററില്‍ മിന്നിത്തിളങ്ങി നിന്നിരുന്നു. എന്നാല്‍, ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പോസ്‌റ്ററുകളില്‍ ഒരു മാറ്റം! ചില മണ്ഡലങ്ങളില്‍ മുഖ്യമന്ത്രിയുടെ പടം മാത്രം പോസ്‌റ്ററില്‍നിന്ന് ആവിയായിപ്പോയിരിക്കുന്നു. പ്രത്യേകിച്ച് മുസ്ലിം വോട്ടര്‍മാര്‍ നിര്‍ണായകമായ ഇടങ്ങളിലാണ് ഈ 'അദൃശ്യവിദ്യ' അരങ്ങേറുന്നത്. ബി.ജെ.പിയുമായുള്ള ബി.പി.എഫിന്റെ പുതിയ ബന്ധം ന്യൂനപക്ഷ വോട്ടര്‍മാര്‍ക്കിടയില്‍ അത്ര സുഖകരമായ പ്രതികരണമല്ല ഉണ്ടാക്കിയിരിക്കുന്നത്. ഹിമന്ത ബിശ്വ ശര്‍മയുടെ പടം കാണുമ്പോഴേ വോട്ടര്‍മാര്‍ മുഖം തിരിക്കുന്ന അവസ്‌ഥ വന്നതോടെയാണ് ബി.പി.എഫ് പടം മാറ്റാന്‍ തീരുമാനിച്ചത്. മുസ്ലിം വിഭാഗം മാത്രമല്ല, ബി.ജെ.പി ചങ്ങാത്തത്തില്‍ ബോഡോ മേഖലയിലെ ൈക്രസ്‌തവ വിശ്വാസികളും അല്‍പം കടുപ്പത്തില്‍ തന്നെയാണ്. ബി.ജെ.പിയുമായുള്ള സഖ്യം വോട്ടായി മാറുമോ അതോ വോട്ട് ചോരുമോ എന്ന ആശങ്കയിലാണ് ഇപ്പോള്‍ ബി.പി.എഫ് നേതൃത്വം. ചുരുക്കത്തില്‍, ബി.ജെ.പിയുമായുള്ള ബന്ധം പോസ്‌റ്ററില്‍ വച്ചാല്‍ വോട്ട് പോകും, വച്ചില്ലെങ്കില്‍ ബി.ജെ.പി പിണങ്ങും! ഈ പടം മാറ്റല്‍ കളി തെരഞ്ഞെടുപ്പ് ഫലത്തില്‍ എന്ത് മാറ്റമുണ്ടാക്കുമെന്ന് കണ്ടറിയണം.

