കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് കേവലം മൂന്നാഴ്‌ച മാത്രം ശേഷിക്കെ വോട്ടര്‍പട്ടികയിലെ ക്രമക്കേടുകളൈച്ചാല്ലി സംസ്‌ഥാനത്ത് സംഘര്‍ഷാവസ്‌ഥ. പട്ടികയില്‍നിന്ന് പേരുകള്‍ നീക്കം ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് വോട്ടവകാശം തിരികെ ലഭിക്കാനായി വിവിധ ജില്ലാ ഭരണകൂട ഓഫീസുകള്‍ക്ക് മുന്നില്‍ ജനങ്ങളുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. വടക്കന്‍ 24 പര്‍ഗാനാസിലെ ബസിര്‍ഹാട്ടില്‍ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങുകയും ടയറുകള്‍ കത്തിച്ച് റോഡ് ഉപരോധിക്കുകയും ചെയ്‌തു.
ഈ മാസം 23, 29 തീയതികളിലായി നടക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി നടന്ന എസ്.ഐ.ആര്‍. പ്രക്രിയയിലാണ് പതിനായിരക്കണക്കിന് വോട്ടര്‍മാര്‍ പട്ടികയ്‌ക്ക് പുറത്തായത്. പുര്‍ബ ബര്‍ധമാനിലെ കത്വ സബ് ഡിവിഷണല്‍ ഓഫീസിന് മുന്നിലും ബാരാസത്തിലെ ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസിന് മുന്നിലും പുലര്‍െച്ച മുതല്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ് കാണപ്പെട്ടത്. കത്വയില്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കേന്ദ്ര സേനയ്‌ക്ക് ഇടപെടേണ്ടി വന്നു. പാസ്‌പോര്‍ട്ടും ആധാറും ഉള്‍പ്പെടെയുള്ള രേഖകള്‍ സമര്‍പ്പിക്കുകയും ഹിയറിങ്ങില്‍ പങ്കെടുക്കുകയും ചെയ്‌തിട്ടും തങ്ങളുടെ പേരുകള്‍ പട്ടികയില്‍നിന്ന് നീക്കം ചെയ്യപ്പെട്ടതായി ബാരാസത്തില്‍ വരിനിന്നവര്‍ ആരോപിക്കുന്നു. ബസിര്‍ഹാട്ടിലെ മൂന്ന് ബൂത്തുകളില്‍നിന്നായി മാത്രം എഴുന്നൂറോളം പേര്‍ പുറത്തായതാണ് പ്രതിഷേധത്തിന് കാരണമായത്. കഴിഞ്ഞ വാരം മാള്‍ഡയില്‍ ഇതേ വിഷയവുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ ഏഴ് ജുഡീഷ്യല്‍ ഉദ്യോഗസ്‌ഥരെ തടഞ്ഞുവച്ചത് വലിയ വിവാദമായിരുന്നു. നിലവില്‍ ഈ സംഭവത്തെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം നടത്തുകയാണ്. ജുഡീഷ്യല്‍ ഉദ്യോഗസ്‌ഥരെ തടഞ്ഞുവച്ച നടപടി സുപ്രീം കോടതിയുടെ അധികാരത്തോടുള്ള വെല്ലുവിളിയാണെന്ന് ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചതുമാണ്. വിഷയം രാഷ്‌ട്രീയ പോരാട്ടത്തിലേക്കും വഴിമാറിയിട്ടുണ്ട്. വോട്ടര്‍മാര്‍ കടുത്ത അനിശ്‌ചിതത്വത്തിലാണെന്നും നിയമപരമായ വോട്ടര്‍മാര്‍ക്കായി തങ്ങള്‍ പോരാടുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കുനാല്‍ ഘോഷ് പ്രതികരിച്ചു.
അതേസമയം, ഏകദേശം ഒരു കോടിയോളം വരുന്ന വ്യാജ വോട്ടര്‍മാരെ പട്ടികയില്‍നിന്ന് നീക്കം ചെയ്യുമെന്ന് തങ്ങള്‍ നേരത്തെ പറഞ്ഞിരുന്നതാണെന്നും അന്തിമ പട്ടിക വരുന്നതോടെ ചിത്രം വ്യക്‌തമാകുമെന്നുമാണ് ബി.ജെ.പി. നേതാവ് ദിലീപ് ഘോഷിന്റെ നിലപാട്. മാള്‍ഡ സംഭവത്തില്‍ ബി.ജെ.പിയും തൃണമൂലും പരസ്‌പരം പഴിചാരുകയാണ്. ഇതിനിടെ, വോട്ടവകാശം നിഷേധിക്കപ്പെട്ട സാധാരണക്കാര്‍ പരാതി നല്‍കാനായി മണിക്കൂറുകളോളം ഓഫീസുകള്‍ക്ക് മുന്നില്‍ കാത്തുനില്‍ക്കുന്ന കാഴ്‌ച സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുകയാണ്.
