
ചെന്നൈ: തമിഴ് ചലച്ചിത്ര - സീരിയല്‍ നടി സുഭാഷിണി(ശാശ്വി ബാല-36)യെ ചെന്നൈയിലെ അയ്യപ്പന്താങ്കലില്‍ വാടകയ്‌ക്ക് താമസിക്കുന്ന ഫ്ലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വീഡിയോ കോളില്‍ ഭര്‍ത്താവ് ബിപിന്‍ ചന്ദ്രനുമായി സംസാരിക്കുന്നതിനിടെയാണ് അവര്‍ ജീവനൊടുക്കിയതെന്നു റിപ്പോര്‍ട്ട്. ബംഗളൂരു സ്വദേശിയായ ബിപിന്‍ ചന്ദ്രനെ 2024 ഏപ്രിലിലാണ് അവര്‍ വിവാഹം കഴിച്ചത്. ഇരുവരും ബംഗളൂരുവിലാണ് താമസിച്ച് വന്നിരുന്നത്. സിനിമയിലെ തിരക്കുകള്‍മൂലം മാര്‍ച്ച് 3നാണ് അവര്‍ ചെന്നൈയിലേക്കു താമസം മാറ്റിയത്.
ഞായറാഴ്‌ച രാത്രി ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടയില്‍ വീട്ടുകാര്യങ്ങളൈച്ചാല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി പോലീസ് പറഞ്ഞു. തര്‍ക്കം രൂക്ഷമായപ്പോള്‍ ഫ്ലാറ്റിനുള്ളിലെ സീലിങ് ഫാനില്‍ തൂങ്ങി അവര്‍ ജീവനൊടുക്കിയെന്നാണു പോലീസ് പറയുന്നത്. വീഡിയോ കോളിലൂടെ അതു കണ്ട ഭര്‍ത്താവ് ഫ്ലാറ്റിലെ സെക്യൂരിറ്റി ഉദ്യോഗസ്‌ഥരെ വിവരം അറിയിച്ചു. തുടര്‍ന്ന് അവര്‍ പോരൂര്‍ പോലീസനെ വിളിച്ചറിയിച്ചു. പോലീസ് സംഘം സംഭവസ്‌ഥലത്തെത്തി മൃതദേഹം കണ്ടെത്തുകയും പൂനമല്ലി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തു.
ശ്രീലങ്കന്‍ വംശജയാണു സുഭാഷിണി. തമിഴ് പരമ്പരയായ കയലിലെ പ്രതിനായിക വേഷത്തിലൂടെയാണ് അവര്‍ ശ്രദ്ധേയയായത്. ആരാധകര്‍ക്കിടയില്‍ ശാശ്വി ബാല എന്നും അവര്‍ അറിയപ്പെടുന്നുണ്ട്. 'എല്ലാം മേലെ ഇരിക്കിറവന്‍ പാത്തുപ്പാന്‍' (2023), 'വെബ്' (2023) തുടങ്ങിയ സിനിമകളിലും സുഭാഷിണി അഭിനയിച്ചിട്ടുണ്ട്.






