ദോഹ/ബുഷെഹര്‍: ഇസ്രയേല്‍-അമേരിക്ക സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധത്തില്‍ ഇറാന്റെ ബുഷെഹര്‍ ആണവനിലയത്തിനുനേരേ തുടര്‍ച്ചയായ ആക്രമണങ്ങള്‍ ഉണ്ടാകുന്നതു ഗള്‍ഫ് രാജ്യങ്ങളില്‍ ഭീതി പടര്‍ത്തുന്നു.
കഴിഞ്ഞ നാലിനു നടന്ന നാലാമത്തെ ആക്രമണത്തില്‍ നിലയത്തിനു സമീപം മിസൈലുകള്‍ പതിക്കുകയും ഒരു സുരക്ഷാ ജീവനക്കാരന്‍ കൊല്ലപ്പെടുകയും ചെയ്‌തു. ആണവനിലയത്തിനു നേരിട്ടു പ്രഹരമേറ്റാല്‍ അന്തരീക്ഷത്തിലേക്കു മാരകമായ റേഡിയോ ആക്‌ടീവ് കണികകള്‍ പടരും. ഇതു കാറ്റിലൂടെയും വെള്ളത്തിലൂടെയും ഇറാന്റെ അതിര്‍ത്തികള്‍ കടന്ന് അയല്‍രാജ്യങ്ങളിലേക്കും എത്തും. ആണവ മലിനീകരണം ഉണ്ടായാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കടല്‍ വെള്ളം ശുദ്ധീകരിക്കാന്‍ കഴിയാതെ വരും.
ഇത്തരം ഒരു ദുരന്തമുണ്ടായാല്‍ മേഖലയില്‍ മൂന്നു ദിവസത്തിനുള്ളില്‍ കുടിവെള്ളം തീരുമെന്നാണു സൂചന. യുക്രെയ്‌നിലെ സപ്പോറീഷ്യ ആണവനിലയത്തിനുനേരേയുള്ള ആക്രമണത്തില്‍ പാശ്‌ചാത്യ രാജ്യങ്ങള്‍ കാണിച്ച ജാഗ്രത ബുഷെഹറിന്റെ കാര്യത്തില്‍ കാണിക്കുന്നില്ലെന്ന് ഇറാന്‍ കുറ്റപ്പെടുത്തി. ആണവനിലയങ്ങളെ ആക്രമിക്കുന്നതു രാജ്യാന്തര നിയമങ്ങള്‍ക്കും ജനീവ കണ്‍വെന്‍ഷനും വിരുദ്ധമാണ്. ആണവനിലയത്തിനുനേരേയുള്ള ആക്രമണം പ്രാദേശിക ദുരന്തത്തിനു കാരണമാകുമെന്ന് ഐ.എ.ഇ.എ. മേധാവി റാഫേല്‍ ഗ്രോസി മുന്നറിയിപ്പ് നല്‍കി.
ഷഫീക്ക് അറയ്‌ക്കല്‍



