
വാഷിങ്‌ടണ്‍/ദുബായ്/ടെഹ്‌റാന്‍: ട്രംപ് പ്രഖ്യാപിച്ച 'പുതിയ' അന്ത്യശാസന സമയപരിധി അവസാനിക്കാനിരിക്കെ, പശ്‌ചിമേഷ്യന്‍ സമാധനപദ്ധതിയുടെ രൂപരേഖ പരിശോധിച്ച് യു.എസും ഇറാനും. എന്നാല്‍, ആഗോള ഇന്ധന വിതരണത്തിന് നിര്‍ണായകമായ ഹോര്‍മുസ് കടലിടുക്ക് ഉടനടി തുറക്കണമെന്ന സമ്മര്‍ദത്തിന് വഴങ്ങാന്‍ ഇറാന്‍ ഭരണകൂടം തയാറായിട്ടില്ല.
ഇന്നു സമയപരിധി അവസാനിക്കുന്നതിന് മുന്‍പ് ഹോര്‍മുസില്‍ ഗതാഗതം പുനരാരംഭിക്കാന്‍ ധാരണയായില്ലെങ്കില്‍ ഇറാനില്‍ 'നരകം' വര്‍ഷിക്കുമെന്നാണ് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്.
പാകിസ്‌താന്‍ മധ്യസ്‌ഥത വഹിക്കുന്ന സമാധാന പദ്ധതിയില്‍ ഉടനടി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനും, തുടര്‍ന്നുള്ള 15 മുതല്‍ 20 ദിവസത്തിനുള്ളില്‍ സമഗ്രമായ സമാധാന കരാറില്‍ എത്താനുമാണ് നിര്‍ദേശിക്കുന്നത്.
യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്‌റ്റീവ് വിറ്റ്‌കോഫ്, ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി എന്നിവരുമായി പാക് സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
അതേസമയം, യു.എസിന്റെ അന്ത്യശാസനങ്ങളും ഭീഷണികളും ചര്‍ച്ചകള്‍ക്ക് യോജിച്ചതല്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്‌താവ് ഇസ്‌മായില്‍ ബഗായ് പറഞ്ഞു.താല്‍ക്കാലിക വെടിനിര്‍ത്തലിന്റെ ഭാഗമായി ഹോര്‍മുസ് കടലിടുക്ക് തുറക്കില്ലെന്നും സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ, കഴിഞ്ഞ അഞ്ച് ആഴ്‌ചയായി തുടരുന്ന യുദ്ധത്തില്‍ ഇറാനില്‍ 244 കുട്ടികളടക്കം 3,540 പേര്‍ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്‍ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെടുകയും അദ്ദേഹത്തിന്റെ മകന്‍ മോജ്‌തബ അധികാരം ഏറ്റെടുക്കുകയും ചെയ്‌തു.
നേരത്തേ, ഇറാനിലെ സൗത്ത് പാഴ്‌സ് പെട്രോകെമിക്കല്‍ കോംപ്ലക്‌സിന് നേരെ ഇസ്രായേല്‍ ആക്രമണം നടത്തി. ഇറാന്റെ ദേശീയ എ.ഐ പ്ലാറ്റ്‌ഫോമിന് അടിസ്‌ഥാനമായ ഡേറ്റാ സെന്ററും തകര്‍ക്കപ്പെട്ടു. ഇറാന്റെ അടിസ്‌ഥാന സൗകര്യങ്ങള്‍ തകര്‍ക്കുമെന്നും നേതാക്കളെ ഓരോരുത്തരായി വേട്ടയാടുമെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് മുന്നറിയിപ്പ് നല്‍കി. വെടിനിര്‍ത്തല്‍ സാധ്യതയെത്തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ എണ്ണവില ബാരലിന് 2 ഡോളറിലധികം കുറഞ്ഞു.ലബനനിലും പോരാട്ടം രൂക്ഷമാണ്. ഇസ്രയേല്‍ സൈന്യം, ഹിസ്‌്ബുള്ളയ്‌ക്കെതിരേ നടത്തിയ ആക്രമണങ്ങളില്‍ ലബനനില്‍ 124 കുട്ടികളടക്കം 1,461 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.



