തൊടുപുഴ: ഇടുക്കി ജില്ലയില്‍ കുറച്ചു ദിവസമായി പെയ്യുന്ന വേനല്‍മഴ മണ്ണ് തണുപ്പിച്ചെങ്കിലും രാഷ്ട്രീയ അന്തരീക്ഷം ഇപ്പോഴും അത്യുഷ്ണത്തിലാണ്. അടിവാരം കടന്നെത്തുന്ന കാറ്റിനേക്കാള്‍ വേഗത്തിലാണ് ഇവിടെ രാഷ്ട്രീയ അടിയൊഴുക്കുകള്‍ മാറിക്കൊണ്ടിരിക്കുന്നത്. ഏലത്തിന്റെ മണവും കുരുമുളകിന്റെ എരിവും ചേര്‍ന്ന ഇടുക്കിയുടെ രാഷ്ട്രീയക്കാറ്റ് ഏതു ദിശയിലേക്കു വീശുമെന്നതു പ്രവചനാതീതമാണ്. പുറമെ ശാന്തമെന്നു തോന്നുമെങ്കിലും കൃത്യമായ രാഷ്ട്രീയ ബോധ്യത്തോടെ വോട്ട് രേഖപ്പെടുത്തുന്നവരാണ് ഇടുക്കിക്കാര് എന്നത് മുന്നണികളെ ഒരുപോലെ ആശങ്കയിലാഴ്ത്തുന്നു.
കുടിയേറ്റ കര്‍ഷകര്‍ ഉഴുതു മറിച്ചിട്ട മണ്ണ് കൂടുതലും ചാഞ്ഞത് യു.ഡി.എഫിന് ഒപ്പമായിരുന്നു. പലപ്പോഴും എല്‍.ഡി.എഫിനോട് മമത കാട്ടാനും മടിച്ചിട്ടില്ല. 2021ലെ തെരഞ്ഞെടുപ്പില്‍ അഞ്ചില്‍ നാല് നിയോജകമണ്ഡലങ്ങളും എല്‍.ഡി.എഫിനൊപ്പമായിരുന്നെങ്കിലും പാര്‍ലമെന്റ്, തദ്ദേശ തെരഞ്ഞെടുപ്പുകളിലെ വിജയമാണ് യു.ഡി.എഫിന്റെ ആത്മവിശ്വാസം. കഴിഞ്ഞ രണ്ടു പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ഡീന്‍ കുര്യാക്കോസ് വന്‍ഭൂരിപക്ഷമാണ് നേടിയത്.
നിലവില്‍ ജില്ലയിലെ തദ്ദേശഭരണത്തിന്റെ കടിഞ്ഞാണ്‍ യു.ഡി.എഫിനാണ്. 17 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ 14 ഉം 8 ബ്ലോക്ക് പഞ്ചായത്തുകളില്‍ 7 ഉം നേടി ആധിപത്യം ഉറപ്പിച്ചതും തൊടുപുഴ, കട്ടപ്പന നഗരസഭാ ഭരണം നേടിയതും 52 ഗ്രാമപഞ്ചായത്തുകളില്‍ 36 എണ്ണത്തിലും ഭരണം പിടിച്ചെടുത്തതുമാണ് യു.ഡി.എഫിന്റെ ആത്മവിശ്വാസം. യു.ഡി.എഫിന്റെ ഉരുക്കുകോട്ടയായിരുന്ന ഇടുക്കി ജില്ലയില്‍ 2006 ലെ തെരഞ്ഞെടുപ്പ് മുതല്‍ കോണ്‍ഗ്രസിന് എം.എല്‍.എമാരില്ല.
തൊടുപുഴ
ഈസി വാക്കോവര്‍ എന്നു യു.ഡി.എഫ്. വിശേഷിപ്പിക്കുന്ന മണ്ഡലങ്ങളില്‍ ഒന്ന്. കേരള രാഷ്ട്രീയത്തിലെ അതികായന് പി.ജെ. ജോസഫിന്റെ മകന് അപു ജോണ്‍ ജോസഫും യൂത്ത് ഫ്രണ്ട് -എം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടനുമാണ് ഏറ്റുമുട്ടുന്ന പ്രമുഖര്‍. അപു ജോണ്‍ ജോസഫിന് എത്രത്തോളം വെല്ലുവിളി ഉയര്‍ത്താന്‍ സിറിയക് ചാഴികാടനു കഴിഞ്ഞിട്ടുണ്ട് എന്നതാണ് മണ്ഡലത്തില്‍ ഉയരുന്ന ചോദ്യം. തൊടുപുഴ അപുവിന്റെ കൈയില്‍ ഭദ്രമായിരിക്കുമെന്ന് യു.ഡി.എഫ്. വിശ്വസിക്കുന്നു. മുന്നണിയുടെ പാരമ്പര്യ വോട്ടുകള്‍ക്കൊപ്പം ൈക്രസ്തവ വോട്ടുകളില്‍ കൂടി വിള്ളല്‍ വീഴ്ത്തുകയാണ് ഇടതുലക്ഷ്യം. എന്‍.ഡി.എ. രംഗത്തിറക്കിയിരിക്കുന്നത് ട്വന്റി20യുടെ റോയി വാരികാട്ടിനെയാണ്. ഇദ്ദേഹമായിരുന്നു 2016-ല്‍ ഇവിടെ എല്‍.ഡി.എഫ്. ടിക്കറ്റില്‍ മത്സരിച്ചത്. അന്നാണ് പി.ജെ. ജോസഫ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ വിജയിച്ചത്. പരമ്പരാഗത വോട്ടുകള്‍ക്കൊപ്പം ൈക്രസ്തവ മേഖലയിലും കടന്നുകൂടാമെന്ന പ്രതീക്ഷയാണ് എന്‍.ഡി.എയ്ക്കുള്ളത്.
എ.എ.പി.സ്ഥാനാര്‍ഥി അഡ്വ. ബേസില്‍ ജോണ്‍, അഫ്സല് എം.ബി (എസ്.ഡി..പി.ഐ), പി.ടി. വര്‍ഗീസ് (എസ്.യൂ.സി.ഐ), അജയ് വി. മാരാര്‍ (സ്വതന്ത്രന്) ജോമോന് ജോണ്‍ (സ്വതന്ത്രന്) എന്നിവരും മത്സരരംഗത്തുണ്ട്.
ഇടുക്കി
നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ രാഷ്ട്രീയ ചര്‍ച്ചകളില്‍ നിറഞ്ഞ മണ്ഡലമാണ് ഇടുക്കി. ആറാം അങ്കത്തിനിറങ്ങുന്ന എല്‍.ഡി.എഫിലെ മന്ത്രികൂടിയായ റോഷി അഗസ്റ്റിന് ഇഞ്ചോടിഞ്ച് പോരാട്ടമാണ്. രണ്ടര പതിറ്റാണ്ടിനിടെ മണ്ഡലത്തിലുണ്ടാക്കിയ വ്യക്തിബന്ധമാണ് റോഷിയുടെ ആത്മവിശ്വാസം. കഴിഞ്ഞ അഞ്ചു വര്‍ഷം നടപ്പാക്കിയ വികസനം വോട്ടായി മാറുമെന്നും റോഷി വിശ്വസിക്കുന്നു.
മാസങ്ങള്‍ക്കു മുമ്പു നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനായിരുന്നു മണ്ഡലത്തില്‍ മുന്‍തൂക്കം. ഭൂരിഭാഗം പഞ്ചായത്തുകളും കട്ടപ്പന നഗരസഭയും യു.ഡി.എഫിനൊപ്പമാണ്. മണ്ഡലം പിടിച്ചെടുക്കാന്‍ യു.ഡി.എഫ്. നിയോഗിച്ചിരിക്കുന്നതു കെ.പി.സി.സി. വൈസ് പ്രസിഡന്റ് റോയി കെ. പൗലോസിനെയാണ്. കൈപ്പത്തി ചിഹ്നഹ്നത്തില്‍ റോയി മത്സരിക്കുന്നതും കോണ്‍ഗ്രസിലെ ഒത്തൊരുമയുമാണ് യു.ഡി.എഫിന്റെ പ്രതീക്ഷ.
എന്‍.ഡി.എ. സ്ഥാനാര്‍ഥിയായി ജില്ലാ കണ്‍വീനറും ബി.ഡി.ജെ.എസ്. ജില്ലാ പ്രസിഡന്റുമായ പ്രതിഷ് പ്രഭയാണ് മത്സരിക്കുന്നത്.
ജില്ലാ ആസ്ഥാനം ഉള്‍ക്കൊള്ളുന്ന മണ്ഡലത്തിന് എന്നും യു.ഡി.എഫ്. മനസാണ്. രൂപീകൃതമായ കാലം മുതല്‍ രണ്ടൊഴികെ ഒന്‍പതു വട്ടവും യു.ഡി.എഫിനൊപ്പമായിരുന്നു. രാഷ്ട്രീയ കൊടുങ്കാറ്റുയര്‍ത്തിയ തങ്കമണി പോലീസ് വെടിവയ്പ്പിനുശേഷം 1986 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കേരളം മുഴുവന്‍ ഇടതുതരംഗം ആഞ്ഞടിച്ചപ്പോഴും തങ്കമണി ഉള്‍പ്പെടുന്ന ഇടുക്കി മണ്ഡലം യു.ഡി.എഫിന് ഒപ്പം നിന്നതാണ് ചരിത്രം. എന്നാല്‍, കഴിഞ്ഞ തവണ റോഷി ഇടതുപക്ഷത്തുനിന്നപ്പോഴും വിജയിച്ചു കയറി. ഷിജോ ആന്റണി (ബി.എസ്.പി) യും മത്സരരംഗത്തുണ്ട്.
ഉടുമ്പന്‍ചോല
ഉടുമ്പന്‍ചോല മണ്ഡലം എല്‍.ഡി.എഫിനു മുന്‍തൂക്കമുള്ള മണ്ഡലമാണ്. എല്‍.ഡി.എഫിനായി മത്സരിക്കുന്ന മുന്‍ എം.എല്‍.എ: കെ.കെ. ജയചന്ദ്രനെ നേരിടുന്നതു കോണ്‍ഗ്രസിലെ അഡ്വ. സേനാപതി വേണുവാണ്. എം.എം. മണി നടപ്പാക്കിയ വികസന പ്രവര്ത്തനങ്ങള്തന്നെയാണു സി.പി.എമ്മിന്റെ തുറപ്പുചീട്ട്. 2001 മുതല്‍ തുടര്‍ച്ചയായി സി.പി.എമ്മിന്റെ കൈയിലാണ് ഉടുമ്പന്‍ചോല. തദ്ദേശ തെരഞ്ഞടുപ്പുകളിലും എല്‍.ഡി.എഫിനായിരുന്നു മുന്‍കാലത്തു മുന്‍തൂക്കം. എന്നാല്‍, ഇത്തവണ പത്തു പഞ്ചായത്തുകളില്‍ ഇരുമുന്നണികളും അഞ്ചെണ്ണം വീതം നേടിയതും പോരാട്ടം കടുപ്പിക്കുന്നു.
എന്‍.ഡി.എയ്ക്കായി ബി.ഡി.ജെ.എസിലെ അഡ്വ. സംഗീത വിശ്വനാഥനാണ് മത്സരിക്കുന്നത്. പ്രചാരണത്തില്‍ ബി.ഡി.ജെ.എസും സജീവമാണ്. ഇതും ഫലത്തില്‍ നിര്‍ണായകമാണ്. ബി.എസ്.പിയുടെ പി.കെ. സജീവനും മത്സരരംഗത്തുണ്ട്.
പീരുമേട്
എം.എല്‍.എയായിരുന്ന വാഴൂര്‍ സോമന്റെ മരണത്തിനുശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ പീരുമേട്ടില്‍ പോരാട്ടം ശക്തം. സി.പി.ഐയ്ക്കായി ജില്ലാ സെക്രട്ടറി കെ. സലിംകുമാറും യു.ഡി.എഫിനായി കോണ്‍ഗ്രസിലെ അഡ്വ. സിറിയക് തോമസും എന്‍.ഡി.എക്കായി രതീഷ് വരകുമലയുമാണ് മത്സരരംഗത്ത്. 2016 ല്‍ സി.പി.ഐയിലെ ഇ.എസ്. ബിജിമോളോടും കഴിഞ്ഞ തവണ വാഴൂര്‍ സോമനോടും നിസാര വോട്ടിനാണ് സിറിയക്ക് തോമസ് പരാജയപ്പെട്ടത്.
തോട്ടം തൊഴിലാളികള്‍ വിധിയെഴുതുന്ന മണ്ഡലമാണ് പീരുമേട്. തമിഴ് മലയാളം വിഭാഗങ്ങള്‍ ഇടകലര്‍ന്ന് താമസിക്കുന്ന മണ്ഡലത്തില്‍ ഇടതു-വലത് മുന്നണികള്‍ക്ക് ഒരുപോലെ വേരോട്ടമുണ്ട്. കഴിഞ്ഞ രണ്ട് തവണയും കപ്പിനും ചൂണ്ടിനുമിടയില്‍ നഷ്ടമായ വിജയം തിരികെപ്പിടിക്കാനാണ് യു.ഡി.എഫ്. നീക്കം. ഇടുക്കി ജില്ലയില്‍ സി.പി.ഐ. മത്സരിക്കുന്ന ഏക മണ്ഡലമെന്ന പ്രത്യേകതയും പീരുമേടിനുണ്ട്. ഇരുപതു വര്‍ഷമായി ഇടതിനൊപ്പം നില്ക്കുന്ന മണ്ഡലം ഇത്തവണ തിരികെപ്പിടിക്കാമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ്.
ദേവികുളം
ദേവികുളം മണ്ഡലത്തില്‍ വിധി നിര്‍ണയിക്കുന്നത് തമിഴ് വംശജരും തോട്ടം തൊഴിലാളികളും ആദിവാസികളും കര്‍ഷകരുമാണ്. പട്ടികജാതി മണ്ഡലമായ ഇവിടെ സിറ്റിങ് എം.എല്‍.എ: അഡ്വ. എ. രാജയെ നേരിടുന്നത് ദളിത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ എഫ്. രാജയാണ്.
മൂന്നാറിന് പുറമേ അടിമാലിയിലും എം.എല്‍.എ. ഓഫീസ് ആരംഭിച്ച് ജനങ്ങളുമായി അടുപ്പം സ്ഥാപിച്ച രാജ ഇക്കുറിയും വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍. എന്നാല്‍, കാര്‍ഷിക മേഖലയില്‍ അടക്കം വന്‍ മുന്നേറ്റം സാധ്യമാക്കി വിജയിച്ചു കയറാമെന്നാണ് യു.ഡി.എഫ്. കണക്കുകൂട്ടുന്നത്.
2006 മുതല്‍ തുടര്‍ച്ചയായി മൂന്നു തവണ സി.പി.എം: എം.എല്‍.എയായ എസ്. രാജേന്ദ്രനാണ് എന്‍.ഡി.എ. സ്ഥാനാര്‍ഥി. രാജേന്ദ്രന്റെ സാന്നിധ്യമാണ് മണ്ഡലത്തില്‍ ചര്‍ച്ചാ വിഷയം. ഇതു ജയപരാജയം നിര്ണയിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
വിനോദ് കണ്ണോളി






