തിരുവനന്തപുരം: ശബരിമലയിലെ ആചാര സംരക്ഷണത്തിനായി തെരുവിലിറങ്ങിയവര്‍ക്കെതിരേ ചുമത്തിയ കേസുകള്‍ പിന്‍വലിക്കാത്ത പിണറായി സര്‍ക്കാരിനെ വിശ്വാസികള്‍ക്കു വിശ്വാസമില്ലെന്ന് ബി.ജെ.പി സംസ്‌ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.
ശബരിമല യുവതീപ്രവേശനത്തില്‍ യു ടേണ്‍ അടിച്ച സര്‍ക്കാര്‍ പ്രക്ഷോഭസമയത്ത് ഭക്‌തരുടെ പേരിലെടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ തയാറാവണം.
ശബരിമലയിലെ ആചാരാനുഷ്‌ഠാനങ്ങളും സംസ്‌കാരവും തീരുമാനിക്കേണ്ടത് തന്ത്രിയാണെന്നും അതില്‍ ഇടപെടാന്‍ മാറ്റാര്‍ക്കും അവകാശമില്ലന്നുമാണ് സംസ്‌ഥാനസര്‍ക്കാര്‍ ദേവസ്വം ബോര്‍ഡ് വഴി സുപ്രീം കോടതിയില്‍ പുതിയ സത്യവാങ്‌മൂലം സമര്‍പ്പിച്ചിരിക്കുന്നത്.
എന്നാല്‍, ബി.ജെ.പി മുന്‍ സംസ്‌ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെ എത്രയോ പേര്‍ക്കെതിരേയുള്ള കേസുകള്‍ ഇന്നും നിലനില്‍ക്കുന്നു. സര്‍ക്കാര്‍ അന്ന് ചെയ്‌ത തെറ്റ് പരിഹരിക്കാന്‍ ഒരു അവസരമാണിത്- രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ശബരിമല വിഷയത്തില്‍ മൗനം പാലിച്ച് സി.പി.എം നിലപാടിന് പിന്തുണ കൊടുത്തവരാണ് കോണ്‍ഗ്രസ് പാര്‍ട്ടി. തന്ത്രിയെ ജയിലിലടയക്കണം, ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റായിരുന്ന പി.എസ് ശ്രീധരന്‍ പിള്ളയെ ജയിലിലയ്‌ക്കണം എന്ന് ആവശ്യപ്പെട്ട പാര്‍ട്ടി.
രാഹുല്‍ ഗാന്ധി ഇവിടെവന്ന് ശബരിമലയെക്കുറിച്ച് സംസാരിക്കുമ്പോള്‍ അത് ജനങ്ങളെ വിഡ്‌ഢികളായി കാണുന്ന രാഷ്‌ട്രീയം കൂടിയാണെന്ന് വ്യക്‌തമാവുന്നു.
വിശ്വാസികളെയും, സംസ്‌കാരത്തെയും സംരക്ഷിക്കാനും കൊള്ളക്കാരെ തുറന്ന് കാണിക്കാനും ശക്‌തമായ നിലപാട് സ്വീകരിച്ചത് ബി.ജെ.പി മാത്രമാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സമ്മേളനത്തില്‍ എസ് സുരേഷ്, മേയര്‍ വി വി രാജേഷ് എന്നിവര്‍ പങ്കെടുത്തു.






