മൂവാറ്റുപുഴ: കേരളം നടുങ്ങിയ 2018 ലെ മഹാപ്രളയം പ്രകൃതിദുരന്തമല്ലെന്നും ഇടതു സര്‍ക്കാരിന്റെ പണക്കൊതിമൂലം ഉണ്ടായ മനുഷ്യനിര്‍മിത ദുരന്തമാണെന്നും മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. ആരോപിച്ചു. നിലവിലെ വൈദ്യുതി മന്ത്രി കെ. കൃഷ്‌ണന്‍കുട്ടി മുമ്പു പാര്‍ട്ടി നേതാവുമായി നടത്തിയതെന്നു വ്യക്‌തമാക്കി ഒരു ഫോണ്‍ സംഭാഷണവും അദ്ദേഹം പുറത്തുവിട്ടു. കരിമണല്‍ ലോബിയെയും സ്വകാര്യ കമ്പനികളെയും സഹായിക്കാന്‍ ഡാമുകള്‍ തുറന്നുവിട്ടതുമൂലമാണു കേരളം മുങ്ങിയതെന്നാണ് ആരോപണം.
തോട്ടപ്പള്ളി സ്‌പില്‍വേ കൃത്യസമയത്തു തുറക്കാതിരുന്നതു കരിമണല്‍ ലോബിയെ സഹായിക്കാനാണെന്നു ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. 'ഒരു മാസം മുമ്പേ തുറക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടും അതിനു തയാറായില്ല. അഞ്ചു കോടി രൂപ മുടക്കുന്ന കരാറുകാരന് 300 കോടിയുടെ ലാഭം ഉണ്ടാക്കിക്കൊടുക്കാനാണ് ഈ ഒത്തുകളി നടന്നത്.
മണിയാറില്‍നിന്നു വൈദ്യുതി ഉത്‌പാദിപ്പിക്കാന്‍ കരാറെടുത്ത സ്വകാര്യ കമ്പനിക്കു ലാഭമുണ്ടാക്കാന്‍ ഡാമില്‍ വെള്ളം നിറച്ചുനിര്‍ത്താന്‍ ചീഫ് എന്‍ജിനീയര്‍ അനുമതി നല്‍കി. ഇതുവഴി കമ്പനിക്ക് എട്ടു കോടിയുടെ അധിക ലാഭം ലഭിച്ചു. ജലനിരപ്പ് അപകടകരമായി ഉയര്‍ന്നപ്പോള്‍ വാല്‍വുകള്‍ തുറന്നുവിട്ടതാണു ചെങ്ങന്നൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകാന്‍ കാരണം.
പറമ്പിക്കുളം പദ്ധതിയുടെ അന്നത്തെ ചെയര്‍മാനായിരുന്ന ചീഫ് എന്‍ജിനീയര്‍ ജോഷി തമിഴ്‌നാട്ടിലെ ഒരു കരാറുകാരനെ സഹായിക്കാന്‍ ഒത്താശ ചെയ്‌തു. തമിഴ്‌നാടിന് 1400 ക്യുസെക്‌സ് വെള്ളം കൊണ്ടുപോകാന്‍ ശേഷിയുണ്ടായിട്ടും 800 ക്യുസെക്‌സ് മാത്രമേ കൊണ്ടുപോയുള്ളൂ. കരാറുകാരന്റെ ജോലി തടസപ്പെടാതിരിക്കാന്‍ ബാക്കി വന്ന വന്‍തോതിലുള്ള വെള്ളം പെരിങ്ങല്‍ക്കുത്തിലേക്കു തുറന്നുവിട്ടതാണ് ചാലക്കുടി പുഴ കരകവിയാന്‍ ഇടയാക്കിയത്' എന്നും ഫോണ്‍ സംഭാഷണം വ്യക്‌തമാക്കുന്നു. ജലസേചന മന്ത്രിയായിരുന്ന മാത്യു ടി. തോമസ്, ചീഫ് എന്‍ജിനീയര്‍ ജോഷി എന്നിവരുടെ പേരുകളും ഫോണ്‍ സംഭാഷണത്തിലുണ്ട്.
പ്രളയത്തില്‍ എല്ലാം നഷ്‌ടപ്പെട്ട ജനങ്ങളെ വഞ്ചിച്ച സര്‍ക്കാരിന്റെ മുഖംമൂടി അഴിഞ്ഞുവീണിരിക്കുകയാണെന്നു മാത്യു കുഴല്‍നാടന്‍ പറഞ്ഞു. കേരളം തകര്‍ന്നതല്ലെന്നും ഈ സര്‍ക്കാര്‍ തകര്‍ക്കുകയായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പങ്കില്ലെന്ന് കണ്‍സ്‌ട്രക്ഷന്‍ കമ്പനി
മൂവാറ്റുപുഴ: തോട്ടപ്പള്ളി സ്‌പില്‍വേയിലെ മണല്‍ നീക്കം ചെയ്യലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ തങ്ങള്‍ക്കു പങ്കില്ലെന്നു മേരിമാതാ കണ്‍സ്‌ട്രക്ഷന്‍ കമ്പനി. മാത്യു കുഴല്‍നാടന്‍ പുറത്തുവിട്ട ശബ്‌ദരേഖയിലും തുടര്‍ന്നുണ്ടായ വാര്‍ത്തകളിലും കമ്പനിയുടെ പേര് പരാമര്‍ശിക്കപ്പെട്ട സാഹചര്യത്തിലാണ് ഡയറക്‌ടര്‍ വിശദീകരണവുമായി രംഗത്തെത്തിയത്.
തോട്ടപ്പള്ളി സ്‌പില്‍വേയിലെ പ്രവൃത്തികളുമായോ അവിടെ നടന്ന കരിമണല്‍ ഖനനവുമായോ മേരിമാതാ കണ്‍സ്‌ട്രക്ഷന്‍ കമ്പനിക്ക് ഒരു ബന്ധവുമില്ലെന്നു കമ്പനി പത്രക്കുറിപ്പില്‍ വ്യക്‌തമാക്കി. മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വസ്‌തുതാ വിരുദ്ധമാണെന്നും കമ്പനിയുടെ പേര് അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴയ്‌ക്കുകയാണെന്നും ഡയറക്‌ടര്‍ അറിയിച്ചു.
തോട്ടപ്പള്ളി സ്‌പില്‍വേയിലെ ഷട്ടറുകള്‍ തുറക്കാന്‍ വൈകിയതും മണല്‍ നീക്കം ചെയ്‌തതും വഴി കോടികളുടെ അഴിമതി നടന്നുവെന്നും ഇതില്‍ മേരിമാതാ കമ്പനിക്കു പങ്കുണ്ടെന്നുമായിരുന്നു മാത്യു കുഴല്‍നാടന്റെ ആരോപണം.
മാത്യു കുഴല്‍നാടന്‍ കോടതിയില്‍ പോകട്ടെ: എം. സ്വരാജ്
കൊച്ചി: എല്ലാത്തിനും കോടതിയില്‍ പോകുന്ന മാത്യു കുഴല്‍നാടന്‍ ഇത്തവണ കോടതിയില്‍ പോകാത്തതെന്തെന്ന് സി.പി.എം. നേതാവ് എം സ്വരാജ്. പ്രളയം മനുഷ്യസൃഷ്‌ടിയാണെന്നു മാത്യു കുഴല്‍നാടന്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രളയം കോടതി വിശദമായി പരിശോധിച്ച വിഷയമാണ്. വലിയ തെളിവുണ്ടെങ്കില്‍ എന്തുകൊണ്ട് അതു പുറത്തുകൊണ്ടുവരുന്നില്ല. കോടതിയില്‍ പോയതിന്റെ അനുഭവം ഓര്‍മ്മയുണ്ട്. കോടതിയില്‍ നിരന്തരം തിരിച്ചടി നേരിട്ട ആളാണ് മാത്യു കുഴല്‍നാടന്‍.
പ്രളയം കോടതി വിശദമായി പരിശോധിച്ച വിഷയമാണ്. ഇതാണ് വീണ്ടും കൊണ്ടുവന്നിരിക്കുന്നത്. ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കി വോട്ട് നേടുകയാണു ലക്ഷ്യം-അദ്ദേഹം പറഞ്ഞു.






