ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതികള്‍ക്കുള്ള വിലക്ക് മതവിശ്വാസത്തിന്റെയും മതത്തിനുള്ളിലെ പ്രത്യേകവിഭാഗത്തിന്റെ സ്വയംഭരണാധികാരത്തിന്റെയും പരിധിയില്‍ വരുന്നതാണെന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. അതുകൊണ്ടുതന്നെ വിഷയം ജുഡീഷ്യറിയുടെ പരിശോധനയ്‌ക്ക് അതീതമാണെന്നും കേന്ദ്രം വ്യക്‌തമാക്കി. ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട വിധിക്കെതിരേ സമര്‍പ്പിക്കപ്പെട്ട പുനഃപരിശോധനാഹര്‍ജികള്‍ പരിഗണിക്കുന്ന ഒമ്പതംഗ ഭരണഘടനാ ബെഞ്ച് മുമ്പാകെയാണു കേന്ദ്രം നിലപാടറിയിച്ചത്.
ആചാരങ്ങളില്‍ അശാസ്‌ത്രീയതയുണ്ടെങ്കില്‍ മാറ്റം വരുത്തേണ്ടതു നിയമനിര്‍മാണസഭകളാണെന്നും കോടതികളല്ലെന്നും കേന്ദ്രസര്‍ക്കാരിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. എല്ലാ മതവിഭാഗങ്ങളുടെയും ആചാരങ്ങളെ ബഹുമാനിക്കണം. എല്ലാത്തിനെയും അന്തസ്, വ്യക്‌തിസ്വാതന്ത്ര്യം എന്നിവയുമായി ബന്ധിപ്പിക്കാനാവില്ല. ഒരു ആരാധനാലയത്തില്‍ തല മറയ്‌ക്കണമെന്നു നിര്‍ബന്ധമുണ്ടെങ്കില്‍, അവിടെ തന്റെ അന്തസ്സോ അവകാശമോ ചോദ്യംചെയ്യപ്പെടുന്നുവെന്ന് പറയാനാവില്ലെന്നും സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി.
ശബരിമലയിലെ യുവതീപ്രവേശനിയന്ത്രണം മതാചാരത്തിന്റെ ഭാഗമാണെന്നും, കോടതികള്‍ ഇത്തരം വിശ്വാസകാര്യങ്ങളില്‍ ഇടപെടരുതെന്നുമാണു കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. നരബലി തങ്ങളുടെ മതാചാരമാണെന്ന് അവകാശപ്പെട്ട് ആരെങ്കിലും ഭരണഘടനയുടെ 32-ാം അനുഛേദപ്രകാരം കോടതിയെ സമീപിച്ചാല്‍, അതു മതപരമായി അനിവാര്യമാണോയെന്നു കോടതി പരിശോധിക്കേണ്ടതില്ല. മറിച്ച്, ക്രമസമാധാനത്തെയും ധാര്‍മികതയേയും ബാധിക്കുന്ന കാര്യമെന്ന നിലയില്‍ തള്ളിക്കളയാം. എന്നാല്‍, മതാചാരം യുക്‌തിസഹമാണോ ആധുനികമാണോ ശാസ്‌ത്രീയമാണോ അഥവാ കോടതിയുടെ ബോധ്യങ്ങള്‍ക്കു സ്വീകാര്യമാണോ എന്ന തരത്തിലുള്ള പരിശോധനാരീതികള്‍ നിരാകരിക്കണം. ധാര്‍മികത ഉള്‍പ്പെടെ വ്യക്‌തിനിഷ്‌ഠമായ ആശയങ്ങള്‍ ആചാരങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കരുത്. അത്തരം പരിശോധനകള്‍ ഭരണഘടനാപരമായ അവലോകനമല്ല. മറിച്ച്, മതപരമായ സ്വയംബോധത്തിനുപകരം, കോടതിയുടെ തത്വശാസ്‌ത്രം പ്രതിഷ്‌ഠിക്കലാണ്. മതഗ്രന്ഥങ്ങള്‍ വ്യാഖ്യാനിക്കാന്‍ പരിശീലനം ലഭിച്ചിട്ടില്ലാത്ത ബെഞ്ചിന്റെ വ്യക്‌തിപരമായ കാഴ്‌ചപ്പാടുകളെ ആശ്രയിച്ചായിരിക്കും അത്തരം തീരുമാനങ്ങള്‍. യുക്‌തിയുടെയോ പ്രായോഗികതയുടെയോ ഭൂരിപക്ഷതാത്‌പര്യത്തിന്റെയോ ലൗകിക മാനദണ്ഡങ്ങള്‍ക്കു നിരക്കാത്ത വിശ്വാസങ്ങളും ആചാരങ്ങളും ആരാധനാ രീതികളും നിലനില്‍ക്കുന്നതിനാലാണ് ഭരണഘടന മതസ്വാതന്ത്ര്യത്തിനു സംരക്ഷണം നല്‍കുന്നത്. ഭരണഘടനാപരമായ ധാര്‍മികത ഭരണഘടനയില്‍ ഒരിടത്തും കൃത്യമായി നിര്‍വചിച്ചിട്ടില്ല. അത് കോടതികള്‍ വികസിപ്പിച്ചെടുത്ത അസ്‌പഷ്‌ടമായ സങ്കല്‍പ്പമാണ്. ഭരണഘടനയില്‍ പരാമര്‍ശിച്ചിട്ടുള്ള ധാര്‍മികത എന്ന പദത്തെ ഭരണഘടനാപരമായ ധാര്‍മികതയെന്നു വിവക്ഷിക്കുന്നത് കോടതിയുടെ അമിതാധികാരപ്രയോഗവും ഭരണഘടനാഭേദഗതിക്കു തുല്യവുമാണ്. ഏതെങ്കിലും മതത്തെ വ്യാഖ്യാനിക്കാന്‍ കോടതി അധികാരം വിനിയോഗിക്കുന്നതില്‍ അന്തര്‍ലീനമായ അപകടസാധ്യതയുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചില്‍ ജസ്‌റ്റിസുമാരായ ബി.വി. നാഗരത്‌ന, എം.എം. സുന്ദരേശ്, അഹ്‌സാനുദ്ദീന്‍ അമാനുള്ള, അരവിന്ദ്‌കുമാര്‍, അഗസ്‌റ്റിന്‍ ജോര്‍ജ് മാസി, പ്രസന്ന ബി. വരാലെ, ആര്‍. മഹാദേവന്‍, ജോയ്‌മല്യ ബാഗ്‌ചി എന്നിവരാണ് അംഗങ്ങള്‍.






