കോട്ടയം: അവസാന ലാപ്പില്‍ അതിശക്‌ത പോരാട്ടത്തിനു കളമൊരുങ്ങി ഏറ്റുമാനൂര്‍. പാര്‍ട്ടി സംസ്‌ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയായ മന്ത്രി വി.എന്‍.വാസവന്റെ രണ്ടാമൂഴത്തിനായി അവസാന മണിക്കൂറിലും വാശിയേറിയ പോരാട്ടത്തിലാണ് സി.പി.എം. യു.ഡി.എഫ്. സ്‌ഥാനാര്‍ഥിയായ ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷും ഒട്ടും പിന്നില്ല. ട്വന്റി ട്വന്റി സ്‌ഥാനാര്‍ഥി ആതിര ഡി.നായര്‍ കളം നിറഞ്ഞാണ് ഇന്നു പരസ്യ പ്രചാരണം അവസാനിപ്പിക്കുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. വിമതയായി ലതികാ സുഭാഷ് മത്സരിക്കുകയും 7624 വോട്ട് പിടിക്കുകയും ചെയ്‌ത ഏറ്റുമാനൂരില്‍ ഇത്തവണ യു.ഡി.എഫ്.-എല്‍.ഡി.എഫ്. നേര്‍ക്കുനേര്‍ പോരാട്ടമാണ്. കഴിഞ്ഞ തവണ 14,303 വോട്ടിനായിരുന്നു വാസവന്റെ ജയം. എന്നാല്‍, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്‌ഥാനാര്‍ഥിക്കു മണ്ഡലത്തില്‍ 24,412 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ ഭൂരിപക്ഷം താഴ്‌ന്നെങ്കിലും യു.എഡി.എഫ്. 3237 വോട്ടിന്റെ മേല്‍ക്കൈ നിലനിര്‍ത്തി.
പൊതുവേ ഇടതു കോട്ടയെന്നാണ് വിളിപ്പേരെങ്കിലും ഏറ്റുമാനൂര്‍ നഗരസഭ, അതിരമ്പുഴ, നീണ്ടൂര്‍, ആര്‍പ്പൂക്കര, പഞ്ചായത്തുകള്‍ ഭരിക്കുന്നത് യു.ഡി.എഫാണ്. കുമരകത്ത് ഏറ്റവും വലിയ ഒറ്റക്കക്ഷി സി.പി.എമ്മാണെങ്കിലും പ്രസിഡന്റ് യു.ഡി.എഫ്., ബി.ജെ.പി. പിന്തുണയുള്ള സ്വതന്ത്രന്‍. തിരുവാര്‍പ്പ് പഞ്ചായത്ത് എല്‍.ഡി.എഫും അയ്‌മനം എന്‍.ഡി.എയും ഭരിക്കുന്നു. മണ്ഡലത്തിലെ ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ കോണ്‍ഗ്രസിനും ഒന്ന് കേരളാ കോണ്‍ഗ്രസി(എം)നുമാണ്.
മന്ത്രി, എം.എല്‍.എ. എന്നീ നിലകളിലെ വികസന നേട്ടങ്ങളിലൂന്നിയാണ് എല്‍.ഡി.എഫ്. സ്‌ഥാനാര്‍ഥി വി.എന്‍.വാസവന്‍ വോട്ട് അഭ്യര്‍ഥിച്ചത്. അവസാന സമയം ദേവസ്വം വകുപ്പ് ബാധ്യതയായെങ്കിലും തുറമുഖം, സഹകരണ വകുപ്പുകള്‍ ഗംഭീരമായി കൈകാര്യം ചെയ്‌തുവെന്ന് എതിരാളികള്‍ പോലും സമ്മതിക്കുന്നത് വാസവന് അധിക നേട്ടമാണ്. എം.എല്‍.എ. എന്ന നിലയില്‍ മണ്ഡലം ഇതുവരെ കാണാത്ത വികസ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞുവെന്ന് വാസവനും എല്‍.ഡി.എഫും വോട്ടര്‍മാരെ ആവര്‍ത്തിച്ച് ഓര്‍മിപ്പിക്കുന്നു. കുമരകം, അയ്‌മനം, തിരുവാര്‍പ്പ് പഞ്ചായത്തുകളിലെ സി.പി.എം. ശക്‌തിയും മറ്റു മണ്ഡങ്ങളില്‍ വാസവന്‍ സൃഷ്‌ടിച്ച വ്യക്‌തി, വികസന ബന്ധങ്ങളും വോട്ടായി മാറുമെന്ന് ഉറച്ച് വിശ്വസിക്കുന്നു എല്‍.ഡി.എഫ്. ക്യാമ്പ്.
കേരളാ കോണ്‍ഗ്രസില്‍ നിന്നു കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നും നാട്ടകം സുരേഷ് മത്സരിക്കുമെന്നും രണ്ടു വര്‍ഷം മുമ്പേ മണ്ഡലത്തില്‍ പ്രചരിച്ചിരുന്നു. സ്‌ഥാനാര്‍ഥി നിര്‍ണയത്തിലെ അവസാന കൂട്ടപ്പൊരിച്ചിലില്‍ ജോസഫ് വാഴ്‌യ്‌ക്കന്‍ എത്തുകയും പിന്നീട് നാട്ടകത്തിലേക്ക് തിരികെ എത്തുകയും ചെയ്‌ത നാടകീയതകള്‍ കാണേണ്ടി വന്ന മണ്ഡലവുമാണ്. ഈ ആശയക്കുഴപ്പത്തെ സമര്‍ഥമായി കൈകാര്യം ചെയ്‌ത സുരേഷ് അതിവേഗം ശക്‌തനായി മാറി. 2021ലെ വാസവനല്ല ഇത്തവണത്തെ വാസവനെന്ന് ഉറച്ച ബോധ്യമുള്ള സുരേഷ് പ്രചാരണ രംഗത്ത് വാസവനൊത്ത പോരാളിയായി മാറാന്‍ ദിവസങ്ങള്‍ മാത്രമേ വേണ്ടി വന്നുള്ളൂ. സ്വര്‍ണക്കൊള്ള വിവാദത്തിലെ പ്രതിഫലനം നേട്ടമാകുമെന്നാണ് യു.ഡി.എഫ്.വിശ്വാസം. ആര്‍പ്പൂക്കര, അതിരമ്പുഴ പഞ്ചായത്തുകളിലെയും ഏറ്റുമാനൂര്‍ നഗരസഭയിലെ യു.ഡി.എഫ് മനസും ഒന്നിച്ചാല്‍ മിന്നും വിജയമാണ് നാട്ടകം സുരേഷ് പ്രതീക്ഷിക്കുന്നത്.
യു.ഡി.എഫിനായി പോസ്‌റ്റര്‍ അച്ചടിച്ച സ്‌ഥാനാര്‍ഥിയെയാണ് മാറ്റിയതെങ്കില്‍ എന്‍.ഡി.എയ്‌ക്കായി പ്രഖ്യാപിച്ച സ്‌ഥാനാര്‍ഥിയെ മാറ്റേണ്ടി വന്ന മണ്ഡലവുമാണ് ഏറ്റുമാനൂര്‍. സിനിമാ താരമായ വീണ നായരെ പ്രഖ്യാപിച്ചുവെങ്കിലും വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ മാറ്റേണ്ടി വന്നതിന്റെ ആഘാതം മുന്നണിയ്‌ക്കുണ്ടായിരുന്നു. എന്നാല്‍, ആതിര ഡി.നായരെന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ പ്രതിസന്ധികളെ മറികടക്കുന്ന കാഴ്‌ചയാണ് പിന്നീട് കണ്ടത്. ച്രപാരണത്തില്‍ ഇരു മുന്നണികള്‍ക്കും ഒപ്പമെത്താന്‍ ആതിരയ്‌ക്ക് ഏറെ സമയം വേണ്ടി വന്നില്ല. അയ്‌മനത്തു ബി.ജെ.പിയ്‌ക്കു ഭരണം ലഭിച്ചതും കുമരകം പഞ്ചായത്തിലും ഏറ്റുമാനൂര്‍ നഗരസഭയിലുമുള്ള ശക്‌തമായ സ്വാധീനവും മികച്ച പ്രകടനത്തിന് ഉപകരിക്കുമെന്ന് ആതിര വിശ്വസിക്കുന്നു.
ഷിന്റോ തോമസ്






