തിരുവനന്തപുരം/കൊച്ചി: ഒരുമാസം നീണ്ട പ്രചാരണക്കോലാഹലത്തിന് ഇന്ന് കൊട്ടിക്കലാശം. നാളത്തെ നിശബ്‌ദപ്രചാരണം കഴിഞ്ഞ് ഒന്‍പതിന് കേരളം വിധിയെഴുതും. മേയ് നാലിന് ഫലപ്രഖ്യാപനം. പ്രചരണത്തിന് ദിവസം കുറവായിരുന്നതിനാല്‍ പരമാവധി വോട്ടര്‍മാരെ കാണാനുള്ള തിരക്കിലാണ് സ്‌ഥാനാര്‍ത്ഥികള്‍. വാഹന പര്യടനം തീര്‍ക്കാന്‍ കഴിയാത്തതിനാല്‍ ജങ്‌ഷനുകള്‍ കേന്ദ്രീകരിച്ചും പ്രമുഖ വ്യക്‌തികളെ കണ്ടുമുള്ള പ്രചാരണമാണ് തുടരുന്നത്. സംഭവബഹുലമായ തെരഞ്ഞെടുപ്പു പ്രചാരണത്തിനാണ് ഇക്കുറിയും സംസ്‌ഥാനം സാക്ഷ്യം വഹിച്ചത്.
ദേശീയനേതാക്കളെയടക്കം രംഗത്തിറക്കിയായിരുന്നു മൂന്നു മുന്നണികളുടെയും പ്രചാരണം. സമീപകാലത്ത് ഇത്രയും വാശിയേറിയ തെരഞ്ഞെടുപ്പു പോരാട്ടം ഉണ്ടായിട്ടില്ലെന്ന് രാഷ്‌ട്രീയ നിരീക്ഷകരെല്ലാം ആണയിടുന്നു. സമൂഹമാധ്യമങ്ങളിലൂടെയും വലിയ പ്രചാരണമാണ് നടക്കുന്നത്. മതന്യൂനപക്ഷങ്ങളുടെ വോട്ട് പെട്ടിയിലാക്കാനും പിടിവലിയാണ്. വര്‍ഗീയതയും കളംനിറഞ്ഞാടി.
പ്രചാരണത്തിന്റെ അവസാനഘട്ടം ആരോപണപ്രതിയാരോപണങ്ങളാല്‍ കടുത്ത രാഷ്‌ട്രീയ പോരാട്ടമായി മാറിയിരിക്കുകയാണ്. ഡീല്‍ വിവാദങ്ങള്‍ മുതല്‍ വയനാട് ഫണ്ട്, വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മാണം എന്നിവയടക്കം നിരവധി വിഷയങ്ങള്‍ ചര്‍ച്ചയായി. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ അതിശക്‌തമായ വാക്‌പോരും നടന്നു. പ്രധാനമന്ത്രി അടക്കമുള്ള ബി.ജെ.പി. നേതാക്കള്‍ ഇടതുപക്ഷത്തേയും കോണ്‍ഗ്രസിനെയും ഒരുപോലെ കടന്നാക്രമിച്ചു. ശബരിമല സ്വര്‍ണക്കവര്‍ച്ച പോലുള്ള വിഷയങ്ങളും പ്രധാനമന്ത്രി ഉന്നയിച്ചു.
ഇടതു മുന്നണി തുടര്‍ച്ചയായ മൂന്നാമൂഴത്തിനാണ് കച്ചമുറുക്കുന്നത്. ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിയാണ് മുഖ്യമായും ഇടതുപോരാട്ടം. എന്തുവിലകൊടുത്തും അധികാരത്തില്‍ തിരിച്ചെത്താനുള്ള ജീവന്മരണ പോരാട്ടത്തിലാണ് യു.ഡി.എഫ്.
ഇരുമുന്നണികള്‍ക്കുമിടയില്‍ തങ്ങളുടെ സ്‌ഥാനം ഉറപ്പിക്കാനാണ് ബി.ജെ.പി. നേതൃത്വം നല്‍കുന്ന എന്‍.ഡി.എ. മുന്നണിയുടെ ശ്രമം. നിയമസഭയിലേക്ക് എത്തുക മാത്രമല്ല, ആര് കേരളം ഭരിക്കണം എന്നു കൂടി തീരുമാനിക്കാന്‍ തക്കവണ്ണം അംഗബലം ഇക്കുറി സഭയില്‍ ഉണ്ടാകുമെന്നാണ് ബി.ജെ.പി. നേതൃത്വത്തിന്റെ ആത്മവിശ്വാസം.
പ്രധാനമന്ത്രിക്കു പുറമേ കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ്, കിരണ്‍ റിജിജു, ശോഭാ കരന്തലജെ, വിവിധ സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ തുടങ്ങി വി.ഐ.പികളുടെ നീണ്ട നിര എന്‍.ഡി.എയുടെ പ്രചാരണത്തിന് എത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നുവട്ടം കേരള പര്യടനം പൂര്‍ത്തിയാക്കി. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, ദീപാദാസ് മുന്‍ഷി, സച്ചിന്‍ പൈലറ്റ്, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ തുടങ്ങിയവര്‍ യു.ഡി.എഫിനായി പ്രചാരണത്തിനിറങ്ങി. ദേശീയ നേതൃത്വം സജീവമായിരുന്നെങ്കിലും ഇടത് പ്രചാരണത്തിന്റെ ചുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു.
ത്രികോണ മത്സരത്തിന്റെ ചൂടില്‍ കത്തുന്ന മണ്‌ഡലങ്ങളില്‍ അവസാന നിമിഷം വരെ പ്രചാരണം കൊടുമുടിയിലെത്തിക്കാന്‍ മുന്നണികള്‍ മുഴുവന്‍ ശക്‌തിയും വിനിയോഗിക്കുമ്പോള്‍, 'കേരളം ആരു ഭരിക്കും?' എന്ന നിര്‍ണായക ചോദ്യത്തിനുള്ള ഉത്തരം തേടുകയാണ് സംസ്‌ഥാനം.
കലാശക്കൊട്ടിന്റെ അവസാന മണിക്കൂറുകള്‍ വരെ രാഷ്‌ട്രീയ പോരാട്ടം കൂടുതല്‍ കത്തിയുണരുമെന്നത് ഉറപ്പാണ്. കലാശക്കൊട്ടിന് മുന്നോടിയായി മൂന്ന് മുന്നണികളും അവസാനഘട്ട തന്ത്രങ്ങള്‍ ശക്‌തമാക്കുന്ന സാഹചര്യത്തില്‍, സംസ്‌ഥാന രാഷ്‌ട്രീയം അതീവ ആവേശകരമായ വഴിത്തിരിവിലേക്കാണ് നീങ്ങുന്നത്.






