കൊല്ലം: എല്‍.ഡി.എഫിന് അനുകൂലമായ ജനകീയ തരംഗമാണ് ഈ തെരഞ്ഞെടുപ്പിലുള്ളതെന്നും അഭിമാനകരമായ നേട്ടം കൈവരിക്കുമെന്നും സി.പി.എം. ജനറല്‍ സെക്രട്ടറി എം.എ. ബേബി. കൊല്ലം പ്രസ് ക്ലബിന്റെ വോട്ടും വാക്കും-സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ 10 വര്‍ഷമായി എല്‍.ഡി.എഫ്. മുന്നണി സമാനതകളില്ലാത്ത ജനക്ഷേമ പ്രവര്‍ത്തനങ്ങളും വികസന പ്രവര്‍ത്തനങ്ങളും നടത്തി. ഒരു ലക്ഷം കോടി രൂപയുടെ വിവിധ പദ്ധതികള്‍ ആരോഗ്യ, വിദ്യാഭ്യാസ മേഖലയില്‍ പൂര്‍ണതയുടെ വക്കിലാണ്.
കേരളത്തില്‍ ജനാനുകൂല ഇടപെടലുകള്‍ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം ഏറ്റെടുത്ത് നിര്‍വഹിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
അതുകൊണ്ട് തന്നെ ഈ സര്‍ക്കാരിനെക്കുറിച്ച് കാര്യമായ ആക്ഷേപങ്ങളില്ല. നാട്ടിലെ ജനങ്ങളുടെ ക്ഷേമവും നാടിന്റെ വികസനവും ചര്‍ച്ചാ വിഷയമായാല്‍ എല്‍.ഡി.എഫിന് വളരെ മുതല്‍ക്കൂട്ടാകും. അതില്‍നിന്ന് ശ്രദ്ധ തിരിച്ചു വിടാന്‍ വേണ്ടിയാണ് ഡീല്‍ പോലുള്ള കാര്യങ്ങള്‍ കൊണ്ടുവരുന്നതെന്നും ബേബി പറഞ്ഞു.
വയനാട്ടില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതാക്കള്‍ ജനങ്ങളുടെ മുമ്പില്‍ വച്ച വാഗ്‌ദാനങ്ങള്‍ ജലരേഖയായി. പിരിച്ചു കിട്ടിയ തുക മുഴുവന്‍ സ്‌ഥലം വാങ്ങാന്‍ ഉപയോഗിച്ചെന്നാണ് കെ.പി.സി.സി. പ്രസിഡന്റ് പറഞ്ഞത്. മതരാഷ്‌ട്രവാദമുള്ള ജമാഅത്തെ ഇസ്ലാമിയെ അസോസിയേറ്റ് അംഗത്തെപ്പോലെ കൊണ്ടുനടക്കുന്ന യു.ഡി.എഫ്. എന്തിനാണ് എല്‍.ഡി.എഫിന് എസ്.ഡി.പി.ഐ. വോട്ട് നല്‍കുമെന്നു പറയുമ്പോള്‍ അസ്വസ്‌ഥപ്പെടുന്നത്. എസ്.ഡി.പി.ഐയോട് ചര്‍ച്ച നടത്തിയത് യു.ഡി.എഫാണെന്നും അദ്ദേഹം പറഞ്ഞു.






