കോട്ടയം: കര്‍ഷകരെയും പാവപ്പെട്ടവരെ ചേര്‍ത്ത് നിര്‍ത്തിയാണ് എല്‍.ഡി.എഫ്. സര്‍ക്കാര്‍ ഭരണകാലാവധി പൂര്‍ത്തിയാക്കി വീണ്ടും ജനവിധി തേടാന്‍ പോകുന്നതെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി. കര്‍ഷകരുടെ കൈവശഭൂമിയില്‍ പരിപൂര്‍ണ ഉടമസ്‌ഥാവകാശം നല്‍കുകയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ക്രമവത്‌ക്കരിക്കുകയും ചെയ്‌തു. വനാതിര്‍ത്തി പങ്കിടുന്ന ജനവാസ മേഖലകളിലെ ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കാന്‍ വന്യജീവി സംരക്ഷണം(കേരള ഭേദഗതി)സര്‍ക്കാര്‍ കൊണ്ടുവന്നു. ഭവന രഹിതരായ ആളുകള്‍ക്കായി സമയബന്ധിതമായി വീടുകള്‍ നിര്‍മിച്ചു നല്‍കി. ക്ഷേമ പെന്‍ഷനുകള്‍ നല്‍കി പാവങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്നതില്‍ രാജ്യത്തിനാകെ മാതൃകയായി മാറാന്‍ എല്‍.ഡി.എഫ്. സര്‍ക്കാറിനു കഴിഞ്ഞു.
'പാലാഎന്നാല്‍ കെ.എം. മാണി' എന്ന് പറഞ്ഞിരുന്ന ഒരു കാലം ഇനി തിരികെ വരുമോ?
എക്കാലവും കര്‍ഷകര്‍ക്കുവേണ്ടി നിലകൊണ്ടിട്ടുള്ള പ്രസ്‌ഥാനമാണ് കേരള കോണ്‍ഗ്രസ്;അതിന്റെ നേതൃത്വം മാണിസാറിനായിരുന്നു. ഇടപെടലുകള്‍, സമരങ്ങള്‍, ബജറ്റുകള്‍ എന്നിവയെല്ലാം കര്‍ഷകന്മോമുഖമായിരുന്നു എന്നതു ചരിത്രമാണ്. മുന്നണി ഏതായാലും കര്‍ഷകര്‍ക്കു ലഭിക്കേണ്ട ആനുകൂല്യങ്ങളും അവകാശങ്ങളും ഉറപ്പാക്കാനാണു പാര്‍ട്ടി എപ്പോഴും ശ്രമിച്ചിട്ടുള്ളത്.
ഇത്തവണ ഏപ്രില്‍ ഒമ്പതിനാണ് സമ്മതിദായകര്‍ പോളിംഗ് ബൂത്തിലെത്തുന്നത്. ഏപ്രില്‍ ഒമ്പത് വോട്ടിംഗ് ദിനം മാത്രമല്ല. കെ.എം. മാണിയുടെ ഓര്‍മദിനം കൂടിയാണ്. കെ.എം. മാണി മരിച്ചപ്പോള്‍ എല്ലാവരും പറഞ്ഞു പാലാ അനാഥമായെന്ന്. ഏഴു വര്‍ഷമായി പാലായുടെ മാണിക്യമായ ആ പ്രകാശം മങ്ങി പോയി. പാലായെ അടയാളപ്പെടുത്തിയത് കെ.എം. മാണിയും പാലായുടെ വികസനവുമായിരുന്നു. കാലത്തിന്റെ കാവ്യനീതി പോലെ ഏപ്രില്‍ ഒമ്പതിനു അതു തിരിച്ചുവരും.
കാര്‍ഷിക മേഖലയെ കേരള കോണ്‍ഗ്രസ് കൈവിടുകയാണെന്ന ആരോപണം ശക്‌തമാണല്ലോ?
പ്ലാന്റേഷന്‍, പട്ടയം വിഷയങ്ങള്‍ എടുത്താല്‍ അതിലെല്ലാം ആദ്യം ഞങ്ങളാണ് ഇടപെട്ടത്. ഇപ്പോള്‍ ഏറ്റവും ചര്‍ച്ചയായ ബഫര്‍സോണ്‍ പ്രശ്‌നത്തില്‍ ആദ്യം ഇടപെട്ടത് കെ.എം. മാണിയാണ്. വന്യമൃഗ സംരക്ഷണവുമായി ബന്ധപ്പെട്ട് മലയോര ജനതയുടെ വിഷമങ്ങളും പ്രശ്‌നങ്ങളും എപ്പോഴും ചൂണ്ടിക്കാട്ടുന്ന പാര്‍ട്ടിയാണു ഞങ്ങളുടേത്. 1972ല്‍ ആണ് വന്യമൃഗ സംരക്ഷണ ബില്‍ വരുന്നത്. അപകടകരമായ കാര്യങ്ങളിലേക്കാണു പോക്കെന്നു ചൂണ്ടിക്കാട്ടി ഇതിനെതിരേ 1973ല്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്ക് കെ.എം. മാണി കത്തെഴുതി. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്കൊപ്പം എക്കാലവും നിലകൊള്ളുന്ന പാര്‍ട്ടിയാണു കേരള കോണ്‍ഗ്രസ്.
എഫ്.സി.ആര്‍.എ. ഭേദഗതി
തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമോ?
ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് എഫ്‌്സി.ആര്‍.എ. ഭേദഗതിയാണ്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന എഫ്.സി.ആര്‍.എ. ഭേദഗതി ബില്ലിലും നിര്‍ദിഷ്‌ട ക്രിസ്‌ത്യന്‍ ലോ ബോര്‍ഡിലും ന്യൂനപക്ഷ വിഭാഗങ്ങള്‍ പ്രത്യേകിച്ച് ൈക്രസ്‌തവ വിഭാഗങ്ങള്‍ വളരെ ആശങ്കാകുലരാണ്. രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ തടയാനാണ് എന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം. അങ്ങനെയാണെങ്കില്‍ ൈക്രസ്‌തവ മിഷണറിമാര്‍ നടത്തുന്ന നൂറുകണക്കിന് സ്‌ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കി നല്‍കാതെ തടഞ്ഞു വച്ചിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ബി.ജെ.പി. വ്യക്‌തമാക്കണം. എന്തു രാജ്യദ്രോഹ പ്രവര്‍ത്തനമാണ് ഇത്തരം സ്‌ഥാപനങ്ങള്‍ നടത്തുന്ന ൈക്രസ്‌തവ മിഷണിമാര്‍ ചെയ്‌തതെന്ന് ബി.ജെ.പി. വ്യക്‌തമാക്കണം. ഇതേപോലെ തന്നെയാണു ക്രിസ്‌ത്യന്‍ ലോ ബോര്‍ഡ് രൂപീകരിക്കാനുള്ള നീക്കവും കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. മതപരമായ കാര്യങ്ങളില്‍ ൈക്രസ്‌തവ സഭയ്‌ക്കു സഭയുടെതായ നിയമങ്ങളുണ്ട്. കൂദാശകളില്‍പോലും കൈകടത്താനുള്ള നീക്കമാണു നടത്തുന്നത്
പാലായുടെ വികസന സ്വപ്‌നങ്ങള്‍ എന്തൊക്കെയാണ്?
കെ.എം. മാണി എം.എല്‍.എ. എന്ന നിലയിലും പാര്‍ലമെന്റംഗം എന്ന നിലയില്‍ ഞാനും പാലായിലും കോട്ടയം ലോക്‌സഭ മണ്ഡലത്തിലും വലിയ വികസന പദ്ധതികളാണ് കൊണ്ടുവന്നത്. ഇത് പാലായുടെ സുവര്‍ണകാലമായിരുന്നു. കോട്ടയവും പാലായും ഇന്ന് എഡ്യുക്കേഷന്‍ ഹബായി മാറികഴിഞ്ഞു. ട്രിപ്പിള്‍ ഐടി, ഹോട്ടല്‍ മാനേജ്‌മെന്റ്, സയന്‍സ് സിറ്റി, മാസ് കമ്മ്യൂണിക്കേഷന്‍ കേന്ദ്രം, കേന്ദ്രീയ വിദ്യാലയം, മോഡല്‍ റെസിഡന്‍ഷ്യല്‍ സകൂളുകള്‍ അങ്ങനെ എത്രയെത്ര പദ്ധതികളാണു കൊണ്ടുവന്നത്. വണ്‍ എംപി വണ്‍ ഐഡിയ കേന്ദ്രപദ്ധതിയില്‍ പെടുത്തി യുവാക്കളെ പ്രോത്സാഹിപ്പിക്കാന്‍ കഴിഞ്ഞു. കേരളത്തില്‍ ആദ്യമായി ഒരു പാര്‍ലമെന്റ് മണ്ഡലത്തില്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം തുറന്നു. ഗ്രീന്‍ ടൂറിസവും പില്‍ഗ്രിം ടൂറിസവും കെ.എം. മാണി വിഭാവനം ചെയ്‌തതാണ്. ഇതേ രുപത്തിലുള്ള പദ്ധതികള്‍ പാലയ്‌ക്കായി വിഭാവനം ചെയ്യും.
ശബരിമല സ്വര്‍ണക്കൊള്ള തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമോ?
കോടതി നിര്‍ദേശപ്രകാരമല്ലേ അന്വേഷണം നടക്കുന്നത്. ഒരു സംവിധാനത്തില്‍ പല വീഴ്‌ചകള്‍ കാണും. അത് കണ്ടുപിടിച്ച് കുറ്റക്കാര്‍ക്കെതിരേ നടപടി വേണമെന്നതാണ് എല്‍.ഡി.എഫിന്റെ നയം. കുറ്റം ചെയ്‌ത ആരെയും ഇടതു സര്‍ക്കാര്‍ സംരക്ഷിക്കുകയില്ല. ഇത് എല്‍.ഡി.എഫ്‌്. നേതൃത്വം വ്യക്‌തമാക്കിയിട്ടുണ്ട്.
മൂന്നാം പിണറായി സര്‍ക്കാര്‍ ഉണ്ടാകുമോ?
തീര്‍ച്ചയായും. ജനമനസ് അതിലേക്ക് രൂപപ്പെടുകയാണ്. ജനം ഇതൊക്കെ നിരീക്ഷിക്കുന്നു. എന്തു തെറ്റാണ് ഇടതുപക്ഷം ചെയ്‌തത്. എവിടെയെങ്കിലും അഴിമതിയുണ്ടോ. ആരോപണം കൊണ്ടുവരുന്നു എന്നുമാത്രം. തെറ്റ് എവിടെ.?
യു.ഡി.എഫില്‍ നിന്നതിനേക്കാല്‍ കൂടുതല്‍ കാര്യങ്ങള്‍ ഇടതു മുന്നണിയില്‍നിന്ന് ഒരു ഘടകക്ഷി എന്ന നിലയില്‍ സര്‍ക്കാര്‍ മുഖേനയും അല്ലാതെയും ചെയ്യാന്‍ കേരള കോണ്‍ഗ്രസിനു കഴിഞ്ഞു എന്നതില്‍ വലിയ അഭിമാനമുണ്ട്.
ഷാലു മാത്യു






