കോഴിക്കോട്: കോഴിക്കോട്ടെ പ്രമുഖ ബാസ്‌കറ്റ്‌ബോള്‍ക്ല ബ്ബായ ഫിയസ്‌റ്റോയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റിന് ആവേശകരമായ തുടക്കം. മാനഞ്ചിറയിലെ ഡോ. സി.ബി.സി. മെമ്മോറിയല്‍ ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടില്‍ നടന്ന ഉദ്‌ഘാടന മത്സരത്തില്‍ കരുത്തരായ സൗത്ത് സെന്‍ട്രല്‍ റെയില്‍വേ സെക്കന്ദരാബാദിനെ പരാജയപ്പെടുത്തി കെ.എസ്.ഇ.ബി. തിരുവനന്തപുരം വനിതകള്‍ ആദ്യ വിജയം സ്വന്തമാക്കി.
ആദ്യ പകുതിയില്‍ 28-37 ന് പിന്നിലായിരുന്ന കെ.എസ്.ഇ.ബി, മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ നടത്തിയ തകര്‍പ്പന്‍ തിരിച്ചുവരവിലൂടെയാണ് വിജയതീരത്തെത്തിയത്. 68-64 എന്ന സ്‌കോറിനായിരുന്നു ജയം. കെ.എസ്.ഇ.ബിക്ക് വേണ്ടി ആര്‍. ശ്രീകല 20 പോയിന്റുകള്‍ നേടി ടോപ്പ് സ്‌കോററായി. ആര്‍. കവിത, അനീഷക്ല ീറ്റസ് എന്നിവര്‍ 14 പോയിന്റ് വീതം നേടി. റെയില്‍വേയ്‌ക്കുവേണ്ടി പ്രിയങ്ക 19 പോയിന്റും ഹര്‍ഷിത 14 പോയിന്റും നേടി.
കോഴിക്കോട് മേയര്‍ ഒ. സദാശിവന്‍ ടൂര്‍ണമെന്റ് ഉദ്‌ഘാടനം ചെയ്‌തു. സനില്‍ ശിവദാസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫിയസ്‌റ്റോക്ല ബ് പ്രസിഡന്റ് വി.ഇ. മൊയ്‌തു പതാക ഉയര്‍ത്തി. സെക്രട്ടറി കെ. രാജേന്ദ്രന്‍, കെ. മുരളീധരന്‍, കേരള ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി പി.സി. ആന്റണി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി. നിഖില്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇന്ന് അഞ്ചുമുതല്‍ പുരുഷവിഭാഗത്തില്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഡല്‍ഹിയും കെ.എസ്.ഇ.ബി. തിരുവനന്തപുരവും ഏറ്റുമുട്ടും. മറ്റൊരു മത്സരത്തില്‍ ഇന്ത്യന്‍ നേവി പുനെയെ ഐ.സി.എഫ്. ചെന്നൈ നേരിടും. വനിതാ വിഭാഗത്തില്‍ ഈസ്‌റ്റേണ്‍ റെയില്‍വേ കൊല്‍ക്കത്തയും ഐ.സി.എഫ്. ചെന്നൈയും കൊമ്പുകോര്‍ക്കും.





